കൈയടികളോടെ സ്വീകരിക്കേണ്ട ക്ലാസിക്; ഒരുപറ്റം സ്ത്രീകളുടെയും കഥ - ‘തുറമുഖം’ റിവ്യൂ

1930കള്‍ മുതല്‍ 1950കളുടെ തുടക്കം വരെയുള്ള കൊച്ചി തുറമുഖത്തിന്‍റെയും അവിടുത്തെ തൊഴിലാളി സമൂഹത്തിന്‍റെയും മട്ടാഞ്ചേരി എന്ന പ്രദേശത്തിന്റെയും രാഷ്ട്രീയ ചരിത്രം പറയുന്ന ചിത്രമാണ് ‘തുറമുഖം’. ചരിത്രത്തില്‍ ഉള്ളതും എന്നാല്‍ പൊതുധാരയില്‍ അധികം കേള്‍ക്കാത്തതുമാണ് പെൺത്യാഗങ്ങളുടെ കഥകൾ. പുരുഷൻ വീരനായകൻമാരാകുന്ന കഥകളിലൊന്നും പെൺജീവിതങ്ങളെകുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും അവരുടെ മാനസികാവസ്ഥകളെക്കുറിച്ചുമൊന്നും അധികം പ്രതിപാദിക്കാറില്ല. ആ നിലയിൽ സ്ത്രീ ജീവിതങ്ങളെയും അവരുടെ വൈകാരികതയെയും ആഴത്തിൽ കൈകാര്യം ചെയ്ത സിനിമ കൂടിയാണിത്.

ഹിസ്റ്റോറിക്കല്‍ പിരീഡ് ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ കഥപറച്ചിൽ തുടങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളിലാണ്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി പതിറ്റാണ്ടുകളോളം തൊഴിലാളികള്‍ നടത്തിയ പോരാട്ടവുമാണ് ചിത്രം പറയുന്നത്. അവരുടെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥക്കൊപ്പം മട്ടാഞ്ചേരി മൊയ്തുവിന്റെയും കുടുംബത്തിന്റെയും കഥ കൂടി പറഞ്ഞുപോകുന്നു. 1953 സെപ്റ്റംബർ 15 ന് മട്ടാഞ്ചേരിയുടെ തെരുവിൽ പൊലീസ് വെടിവപ്പിൽ പൊലിഞ്ഞ സമരക്കാർക്കായാണ് സിനിമ സമർപ്പിച്ചിരിക്കുന്നത്.


സിനിമ തുടങ്ങുന്നത് തന്നെ മൊയ്തുവിന്റെ പിതാവ് മൈമുവിൽ (ജോജു ജോർജ്) നിന്നാണ്. മലബാറിൽ നിന്നും തൊഴിൽ അന്വേഷിച്ചുള്ള അയാളുടെ യാത്ര കൊച്ചിയിലാണ് ചെന്നവസാനിക്കുന്നത്. ധാരാളം കപ്പലുകൾ എത്തുന്ന ഇടമാണ് അതെന്നതിനാൽ കൂടുതൽ തൊഴിൽ സാധ്യതയുള്ള ഇടം എന്ന നിലയ്ക്കാണ് അയാളും അവിടെ തൊഴിലിനായി അഭയം പ്രാപിക്കുന്നത്. എന്നാൽ തൊഴിലവസരം വിഭജിക്കുന്ന അടിമത്വ സമ്പ്രദായത്തിന് സമാനമായ ചാപ്പ സമ്പ്രദായമായിരുന്നു അവിടെ നിലനിന്നിരുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ മൂപ്പന്മാര്‍ സ്വീകരിച്ചിരുന്നത് ചാപ്പ ഏറാണ്. ലോഹം കൊണ്ടുണ്ടാക്കിയ ചാപ്പ കിട്ടുന്നവർക്ക് ജോലിക്ക് കയറാം എന്നതായിരുന്നു ഈ സമ്പ്രദായം. ഈ ചൂഷണത്തിനെതിരായി ആദ്യമായി മുൻപോട്ട് വരുന്നത് മലബാറിൽ നിന്നെത്തിയ മൈമുവാണ്. വർഷങ്ങൾക്കപ്പുറം അയാളുടെ മക്കളായ മൊയ്തുവും ഹംസയും ചാപ്പ വിഭജനത്തെ തുരത്താൻ മുന്നോട്ടുവരുന്നു.

ഈ രണ്ടു കഥാപാത്രങ്ങൾക്കിടയിൽ ദൈന്യത നിറഞ്ഞ സ്ത്രീ ജീവിതം ഭംഗിയായി അടയാളപ്പെടുത്തിയാണ് പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രം മനസ്സിൽ മായാതെ നിൽക്കുന്നത്. ദൈന്യത നിറയുമ്പോഴും അവർ ശക്തയാണ്. ഖദീജയായ ദര്‍ശന രാജേന്ദ്രന്റേയും ഉമാനിയായ നിമിഷ സജയന്റേയും സിനിമ കൂടിയായി ‘തുറമുഖം’ മാറുന്നുണ്ട്. ഈ മൂന്ന് നടികളും തകർത്തഭിനയിച്ച് ഞെട്ടിച്ച സിനിമ കൂടിയാണിത്.


സ്വാതന്ത്ര്യത്തിനു മുമ്പുള്ള മൈമൂദിന്റെ ജീവിതം സ്ക്രീനിൽ ബ്ലാക്ക് ആൻഡ് വൈറ്റായി നിറഞ്ഞുനിൽക്കുന്നു. സംവിധാനത്തിന്റെയും ചായാഗ്രഹണത്തിന്റെയും മികവിനോളം തന്നെ വാഴ്ത്തപ്പെടേണ്ടതാണ് ഗോപന്‍ ചിദംബരം തയാറാക്കിയ തിരക്കഥ. കെ.എം ചിദംബരം ‘തുറമുഖം’ എന്ന പേരിലെഴുതിയ നാടകം കൂടിയാണ് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരം തിരക്കഥയാക്കിയതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

കൊച്ചി, കണ്ണൂർ, തലശ്ശേരി എന്നിങ്ങനെ മൂന്ന് തുറമുഖ നഗരങ്ങളിലായാണ് ചിത്രം തീർത്തെടുത്തത്. എ.വി ഗോകുല്‍ ദാസിന്റെ കലാസംവിധാനവും ബി. അജിത് കുമാറിന്റെ എഡിറ്റിങ്ങും അന്‍വര്‍ അലിയുടെ വരികളും ഷഹബാസ് അമന്‍ ഒരുക്കിയ സംഗീതവും സയനോര ഫിലിപ്പിന്റേയും ബിജു നാരായണന്റേയും ശബ്ദവും ചിത്രത്തിന് കൂടുതൽ ബലം നൽകുന്നു.


നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മൊയ്തു എന്ന് നൂറാവർത്തി ഉറപ്പിച്ചു പറയാം. ഹംസ എന്ന കഥാപാത്രത്തെ അർജുൻ അശോകനും മികച്ചതാക്കി. ജീവിക്കാനുള്ള അവകാശത്തിനായി തൊഴിലാളികൾ തുടങ്ങിയ പോരാട്ടം മട്ടാഞ്ചേരി വെടിവെപ്പിലേക്ക് എത്തിച്ചേർന്ന സംഭവങ്ങൾ മൂന്നുമണിക്കൂറോളം സമയമെടുത്ത് അവതരിപ്പിക്കുമ്പോൾ അതൊരിക്കലും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, ക്ലാസിക് തലത്തിലേക്ക് ചിത്രം ഉയരുന്നുമുണ്ട്.

തുറമുഖം സ്ത്രീകളുടെ സിനിമയാണ്. മക്കൾ നഷ്ടപ്പെട്ട ഉമ്മമാർ തെരുവിലൂടെ കരഞ്ഞ് ഓടിവരുന്ന രംഗം ചിത്രത്തിന്‍റെ നട്ടെല്ലാണ്. ആരും പറയാതെ പോയ ഒരുപറ്റം സ്ത്രീകളുടെ കഥ. മാത്രമല്ല, രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ചരിത്ര സംഭവം കൂടിയാണിത്. അതിന്റെ പെർഫെക്ഷനെ സിനിമാ പ്രേക്ഷകർ കൈയടികളോടെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

Tags:    
News Summary - Thuramukham movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.