ലോകേഷ് കനകരാജ്- വിജയ് ചിത്രമായ ലിയോ പ്രേക്ഷകരുടെ മുൻവിധിയെ തൃപ്തിപ്പെടുത്തിയോ എന്നതാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ച. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം വിജയും ലോകേഷും കൈകോർക്കുന്ന ചിത്രം, ‘എ ഹിസ്റ്ററി ഓഫ് വയലൻസ്’ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്ക്, തന്റെ പതിവ് ഫോര്‍മാറ്റായ ഡാര്‍ക്ക് മൂഡിലൊരുക്കുന്ന ചിത്രം തുടങ്ങിയ ഒരുപാട് എക്സ്പെറ്റേഷനുകൾ നിലനിർത്തിക്കൊണ്ട് റിലീസിനും മുൻപേ തന്നെ വൻ ഹൈപ്പ് കിട്ടിയ 'ലിയോ' ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന നിലക്ക് ലോകേഷ് കനകരാജിന്റെ സൂപ്പർസ്റ്റാർ ചിത്രങ്ങളായ കൈതിക്കും വിക്രമിനും ഒപ്പം എത്തിയില്ല എന്നതാണ് ഈ ചർച്ചകൾക്കൊടുവിലുള്ള ഏറ്റവും സത്യസന്ധമായ ഉത്തരം.
2019ൽ കാർത്തി നായകനായി പുറത്തിറങ്ങിയ കൈതിയിലൂടെയാണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്. 2022ൽ വിക്രമിലെത്തിയപ്പോൾ അതിലെ കഥാപാത്രങ്ങളെ വെച്ച് കൈതിയുമായി കണക്ഷനുണ്ടാക്കി. ഇപ്പോഴിതാ 'ലിയോ' സിനിമയിലൂടെ ആ കണക്ഷൻ വീണ്ടും ആവർത്തിക്കുമ്പോൾ മാസ് ഇൻട്രോയോ പഞ്ച് ഡയലോഗോ ഇല്ലാത്ത, പതിവ് ഫോർമുലകളിൽ നിന്ന് മാറിയ ഒരു വിജയ് ചിത്രമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ആക്ഷൻ ചിത്രമെന്നാൽ 'കൈതി' എന്നുള്ള ബെഞ്ച്മാർക്ക് വരെ നേടിയ സംവിധായകൻ ലോകേഷിന്റെ 'ലിയോ' വിജയ് ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും. എന്നാൽ അതിനു കൈതി, വിക്രം തുടങ്ങിയ സിനിമകളോളം സ്വീകാര്യത കിട്ടാൻ സാധ്യതയില്ല. അവയുടെ മാസ് അനുഭവത്തോട് ലിയോയെ ചേര്‍ത്തുനിർത്താൻ സാധിക്കുകയുമില്ല.
ആദ്യ പത്ത് മിനിറ്റ് നഷ്ടപ്പെടുത്തരുതെന്ന് ലോകേഷ് കനകരാജ് പറഞ്ഞത് കഥാപാത്രത്തിന്റെയും സിനിമയുടെയും അടിത്തറ അവിടെ മുതലാണ് ആരംഭിക്കുന്നത് എന്നതുകൊണ്ടാവണം. ഹിമാചൽ പ്രദേശിലെ തിയങ്ൽ കോഫി ആൻഡ് കേക്ക് ഷോപ്പ് നടത്തുന്ന, ആനിമൽ റെസ്ക്യൂവറായ പാർഥിപന്റെയും, ഭാര്യ സത്യ, മക്കൾ സിദ്ധാർഥ് ചിന്റു എന്നിവരുടെയും ജീവിതത്തിലേക്ക് ദാസ് ആൻഡ് കോ എന്ന പുകയില മാഫിയയിലെ ഡോണായ ആന്റണി ദാസ് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ആന്റണി ദാസ് ഹിമാചലിലെത്തുന്നതോടെ ‘ലിയോ’ ഹൈ ആക്ഷൻ ആയി മാറുന്നു.
ഒരു ഇമോഷനൽ ആക്ഷൻ ത്രില്ലർ എന്ന നിലക്കാണ് ചിത്രം മുൻപോട്ട് പോകുന്നത്. തന്റെ സിനിമകളിൽ വയലൻസിന്റെ അതിപ്രസരവും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുമാണ് കൂടുതലുള്ളത് എന്ന വിമർശനത്തോട് ലോകേഷ് ഒരിക്കലും യോജിക്കുന്നില്ലെങ്കിൽ കൂടിയും 'ലിയോ'യിലും വയലൻസ് ഒരു ഭാഗം തന്നെയാണ്. പക്ഷേ ആക്ഷൻ പടത്തിന്റെ ഫോർമാറ്റിനിടയിൽ അത് പ്രേക്ഷകർ ഗൗരവമായി എടുക്കാൻ സാധ്യതയില്ല. നായികയോ മറ്റു വിജയ് ഫോര്‍മാറ്റുകളോ ഉപയോഗിക്കാത്ത ഈ ചിത്രത്തിൽ കൂടുതലും കാണാൻ സാധിക്കുക ഇളയദളപതിയെയായിരിക്കില്ല. വിജയ് എന്ന 'നടനെ'യായിരിക്കും. കുടുംബത്തോടൊപ്പം ചേർന്നുനിൽക്കുക എന്നുള്ള ദൗത്യം മാത്രമേ നായികയായ സത്യക്കുള്ളൂ.
ഇന്റർവെൽ ബ്ലോക്ക് പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുവെങ്കിലും ആ പ്രതീക്ഷ അപ്പാടെ തകിടം മറിക്കുന്നത് രണ്ടാം പകുതിയിലാണ്. ആന്‍റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ പ്രതിനായകരും പാര്‍ഥിപനും തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതി. അതിൽ ഫ്ലാഷ് ബാക്ക് കൂടി കടന്നു വരുമ്പോൾ തന്റെ പതിവ് സിനിമ മാനറിസങ്ങളെ കൈവിട്ട് കൊണ്ടാണ് ലിയോ എന്ന കഥാപാത്രമായി വിജയ് മാറുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രെഡിക്റ്റ്ബിളായിട്ടുള്ള കഥയും തിരക്കഥയും തന്നെയാണ് 'ലിയോ' സിനിമക്കുമുളളത്. അത്തരം പരിമിതികളെ മറികടക്കുന്നത് മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടു തന്നെയാണ്. എന്നാൽ, ആ ആക്ഷൻ രംഗങ്ങളെ പക്കാ ഗൂസ്ബമ്പ് സീനുകളെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. ഒരു മാസ്സീവ് ക്ലൈമാക്സ് സീക്വൻസ് നൽകാൻ സാധിച്ചില്ല എന്നുള്ളതാണ് സിനിമയുടെ പരിമിതി.
പാർഥിപൻ എന്ന കോഫിഷോപ് ഉടമയായി വിജയ്‌യും ഭാര്യ സത്യയായി തൃഷ കൃഷ്ണനും മകനായി മലയാളത്തിൽ നിന്ന് മാത്യൂസും ആന്റണി ദാസായി സഞ്ജയ് ദത്തും ഹറോൾഡായി ആക്ഷൻ കിങ് അർജുനും തിളങ്ങി. സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ് മാസ്റ്റേഴ്സും, സംഗീതമൊരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധ് എന്നിവർ പ്രത്യേക കൈയടി അർഹിക്കുന്നു. സിനിമ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന അനുഭവം നൽകി അനിരുദ്ധ് രവിചന്ദർ തന്റെ സംഗീതത്തിലൂടെ ചിത്രത്തിന്റെ റേഞ്ച് മാറ്റി മറിച്ചു എന്ന് അവകാശപ്പെടാം. ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും മികവ് പുലർത്തി.
വിജയുടെ അഭിനയം പീക്ക് ലെവൽ എന്ന് പൂർണമായി പറയാൻ കഴിയില്ലെങ്കിലും പതിവ് മാതൃകയിൽ നിന്നും മാറിയുള്ള കഥാപാത്രം തന്നെയാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, സാൻഡി, മാത്യു തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ മികച്ചതാക്കി സിനിമയ്ക്ക് കരുത്ത് നൽകുന്നു. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അർജുനും സഞ്ജയ് ദത്തും കൈയടി നേടുന്നുണ്ടെങ്കിലും ഇരുവർക്കും കൃത്യമായി സ്ക്രീൻ സ്പേസ് ലഭിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.
പെര്‍ഫക്ട് ഫാന്‍സ് എന്റര്‍ടൈന്‍മെന്റ് സിനിമ തന്നെയാണ് ലിയോ. പക്ഷേ, അതൊരു പക്ക ലോകേഷ് ചിത്രമാണെന്ന് പറഞ്ഞുകൂടാ. ലോകേഷ് പറഞ്ഞതുപോലെ ട്രെയിലറിൽ എന്താണോ കാണുന്നത് അത് തന്നെയാണ് ഈ സിനിമ. ഹീറോ ഫ്രണ്ട്ലി, ഫാന്‍സ് ഫ്രണ്ട്ലി, പ്രൊഡ്യൂസര്‍ ഫ്രണ്ട്ലി തുടങ്ങിയ മൂന്ന് ചേരുവകളടങ്ങിയ 'നോട്ട് ബാഡ്' ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ സിനിമ. അമിത പ്രതീക്ഷകൾ മാറ്റിവെച്ചാൽ നിരാശയില്ലാതെ ലിയോ കണ്ടു തീർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.