ആൻ ആമി

തിങ്കൾ പൂ പോലൊരു തങ്കപ്പുരസ്കാരം

ഒട്ടും പ്രതീക്ഷിക്കാതെയാണ് അവാർഡ് വാർത്ത എത്തിയത്. എന്നാൽ കുടുംബത്തിലുള്ളവരും കൂട്ടുകാരുമെല്ലാം ഈ പാട്ടിന് എന്തെങ്കിലും ഒരു അംഗീകാരം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അവരുടെയൊക്കെ ആ പ്രതീക്ഷയാണ് യാഥാർഥ്യമായതെന്ന് ആമി 

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ യു.എ.ഇയിലെ പ്രവാസികൾക്കും അഭിമാനിക്കാൻ വകയുണ്ടായിരുന്നു. പ്രവാസി മലയാളിയായ ആൻ ആമി പാടിയ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ‘തിങ്കൾ പൂവിൻ ഇതളവൾ’ എന്ന് തുടങ്ങുന്ന ഗാനമാണ് അവാർഡിന് അർഹമായത്. മലയാളികൾ നെഞ്ചേറ്റിയ നിരവധി ഹിറ്റ് ഗാനങ്ങൾ അതിനു മുമ്പേ ആൻ ആമി സമ്മാനിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ‘ഉയിരിൽ തൊടും’, ‘ആരാരോ’ (ചിത്രം-കൂടെ) തുടങ്ങി നിരവധി ഗാനങ്ങൾ ആമി തന്റെ സ്വരമാധുരിയിലൂടെ അനശ്വരമാക്കി. ഇതിൽ ‘ആരാരോ’ എന്ന ഗാനത്തിന് ഫിലിം ഫെയർ അവാർഡും ആമിയെ തേടിയെത്തിയിരുന്നു. ആൻ ആമിയുടെ വർത്തമാനങ്ങളിലൂടെ...

ആദ്യ ഗാനം

‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിൽ ഷാൻ റഹ്‌മാന്റെ സംഗീതത്തിൽ പിറന്ന ‘ഏതു മേഘമാരി’ എന്നതായിരുന്നു ആദ്യ ഗാനമെങ്കിലും സിനിമയിൽ ഹിഷാം അബ്ദുൽവഹാബിന്റെ ശബ്ദത്തിലാണ് ഈ പാട്ടിറങ്ങിയത്. അതിനാൽ റിലീസായ ആദ്യ പാട്ട് ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്നചിത്രത്തിൽ എം. ജയചന്ദ്രന്റെ സംഗീതത്തിൽ പിറന്ന ‘കിളിവാതിലിൻ ചാരെ നീ...’ എന്ന് തുടങ്ങുന്ന ഗാനമാണ് എന്നുപറയാം.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അവാർഡ് വാർത്ത എത്തിയത്. എന്നാൽ കുടുംബത്തിലുള്ളവരും കൂട്ടുകാരുമെല്ലാം ഈ പാട്ടിന് എന്തെങ്കിലും ഒരു അംഗീകാരം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അവരുടെയൊക്കെ ആ പ്രതീക്ഷയാണ് യാഥാർഥ്യമായത്. അവാർഡ് വാർത്ത അറിഞ്ഞത് മുതൽ അതിരില്ലാത്ത സന്തോഷത്തിലാണ്. വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത മാനസികാവസ്ഥയാണ് ഇപ്പോൾ അനുഭവിക്കുന്നത്. സുഹൃത്തുക്കളും ആരാധകരുമായി ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ളവരുടെ മെസ്സേജുകൾ ഇൻബോക്സിൽ നിറയുന്നതിനാൽ ആരെയും വിട്ടുപോകാതെ എല്ലാവർക്കും നന്ദി വാക്കുകൾ പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണ് ഇപ്പോൾ.

തിങ്കൾ പൂവിൻ ഇതൾ

‘തിങ്കൾ പൂവിൻ..’ എന്ന പാട്ടിനെക്കുറിച്ച് ഓർക്കുമ്പോൾ രണ്ടുപേരുകൾ എടുത്തുപറയേണ്ടതുണ്ട്. ചിത്രത്തിന്റെ സംവിധായകൻ അഖിൽ സത്യൻ, സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ എന്നിവർ. ഇരുവരും എന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ കൂടെ പരിണിതഫലമാണ് ഈ പുരസ്കാരം. ഒത്തിരി ആളുകളുടെ കൂട്ടായ പരിശ്രമം കൂടി ഇതിന് പിന്നിൽ ഉണ്ട്. ഒപ്പം എന്റെ ആദ്യ പാട്ടിന് അവസരമൊരുക്കിയ, ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ ഷാൻ റഹ്മാനോടുള്ള അകമഴിഞ്ഞ കടപ്പാടും.


അഭിമാനം

സംഗീത ജീവിതത്തിൽ അവിസ്മരണീയവും വിലമതിക്കാത്തതുമായ ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിൽ എക്കാലവും ഓർത്തുവെക്കാനും അഭിമാനിക്കാനും വക നൽകിയ, വഴിത്തിരിവായ ഒരു സംഭവം ആൻ ആമി വിവരിക്കുന്നത് ഇങ്ങനെ...

‘‘2005ൽ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ആ കാലത്ത് ട്രെന്റിങ് ആയിരുന്ന ശങ്കർ-എഹ്‌സാൻ-ലോയ് എന്ന മൂവർ സംഘത്തിന്റെ ബാൻഡിന്റെ കൂടെ വേദി പങ്കിടാൻ ദുബയിലുള്ള പ്രതിഭകളായ ഗായകരെ ക്ഷണിച്ചിരുന്നു. പ്രശസ്തരായ മഹാലക്ഷ്മി അയ്യരും സുനീതി ചൗഹാനും വിടപറഞ്ഞ കെ.കെയുമൊക്കെ തകർത്ത് പാടിയ പരിപാടിയായിരുന്നു അത്. ഇതിലേക്ക് പ്രതിഭകളെ തെരഞ്ഞെടുക്കാനുള്ള ടാലന്റ് ഹണ്ടിന് പങ്കെടുക്കാൻ തീരുമാനിച്ചു. പക്ഷേ ആ ദിവസം അസുഖം മൂലം വയ്യാതായി. ആലാപനത്തിനു ശബ്ദം വഴങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനംകൊണ്ട് പോയി പാടി നോക്കാം എന്ന് തീരുമാനിച്ചു. വേദിയിലെത്തിയപ്പോൾ മത്സരം കഴിയാറായതിനാൽ ആളുകൾ പോയി തുടങ്ങിയിരുന്നു. ആനിനെയും അച്ഛനെയും കണ്ട് ജഡ്ജ് സാക്ഷാൽ ശങ്കർ മഹാദേവൻ നിങ്ങൾ മത്സരത്തിൽ പാടാനായി വന്നതാണോ എന്ന് ചോദിക്കുകയും പാടാനായി ക്ഷണിക്കുകയും ചെയ്തു. ലതാജിയുടെ പ്രശസ്തമായ ‘ബായിയാൻ നാ ദാരൊ’ എന്ന പാട്ട് പാടി. ശങ്കർസർ അന്ന് ‘ആർ യു അൺവെൽ?’ എന്ന് ചോദിച്ചു. ‘അസുഖം ഉണ്ടായിട്ടും നിങ്ങൾ ഇങ്ങനെ പാടുന്നുണ്ടെങ്കിൽ പൂർണ ആരോഗ്യവതിയായിരുന്നെങ്കിൽ എങ്ങനെ പാടുമായിരിക്കും’ എന്ന, അത്രയും വിലമതിക്കുന്ന, പ്രചോദിപ്പിക്കുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ആ ഷോയിലേക്ക് അവസരവും ലഭിച്ചു. അങ്ങനെ പ്രഗത്ഭർക്കൊപ്പം ‘മാഹീരേ...’ എന്ന ഗാനവുമായി വേദി പങ്കിടാൻ കഴിഞ്ഞു’’.

കരിയറിൽ ഒരുപാടു സംഗീതജ്ഞർ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂനിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് സീനിയേഴ്സ് പരിചയപ്പെടുത്തിയ പാകിസ്ഥാനി പാട്ടുകാരായ കോക് സ്റ്റുഡിയോയിലെ ‘സേബ്‌ -ഹാനിയ’ സഹോദരിമാരുടെ പാട്ടുകൾ വളരെയധികം സംഗീതജീവിതത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇതിൽ ഹനിയ എന്ന കലാകാരി മരണപ്പെട്ട വാർത്ത വലിയ സങ്കടമുണ്ടാക്കി.

പാട്ടും ഡബ്ബിങ്ങും

ഗായിക എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന രീതിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ആൻ ആമി. പതിനഞ്ച് ചിത്രങ്ങളിൽ ആൻ ഡബ് ചെയ്തിട്ടുണ്ട്. കല്യാണി പ്രിയദർശന് വേണ്ടിയാണ് കൂടുതൽ ഡബ് ചെയ്തത്. വരനെ ആവശ്യമുണ്ട്, ആർ.ഡി.എക്സ് എന്നീ സിനിമകളിലെല്ലാം ആനിന്റെ ശബ്ദമുണ്ട്. യു.എ.ഇയിൽ ജനിച്ചുവളർന്ന ആൻ ഏഴ് വയസ് മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. അജ്മാൻ സിംഫണി മ്യൂസിക് സ്‌കൂളിൽ ശ്യാമിന്റെ മേൽനോട്ടത്തിലായിരുന്നു ആദ്യകാല സംഗീത പഠനം. പിന്നീട് നാട്ടിൽ തൃശൂർ ഭാരതീയ വിദ്യാഭവനിൽ പഠിക്കുന്ന കാലത്ത് മ്യൂസിക് അഭ്യസിപ്പിച്ചിരുന്ന ശോഭ ടീച്ചറുടെ പ്രോത്സാഹനവും ആമി നന്ദിയോടെ ഓർക്കുന്നു. കേരള സി.ബി.എസ്.ഇ കലാ മത്സരങ്ങളിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ആൻ. യു.എ.ഇയിൽ തിരിച്ചെത്തിയപ്പോൾ കലാഭവൻ ബീന, രഘുമാഷ്, ശിവാ, മീരടീച്ചർ തുടങ്ങിയവരായിരുന്നു ഗുരുസ്ഥാനീയർ.

ദുബൈയിൽ അവർ ഔൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പഠനത്തിന് ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽനിന്നും ബി.ബി.എ ബിരുദം കരസ്ഥമാക്കി. ദുബൈയിലായിരുന്നു ഉപരിപഠനം. ബാംഗ്ലൂരിൽ ബാങ്കിങ് മേഖലയിൽ എച്ച്.ആർ ആയും പിന്നീട് യാഹൂവിലും ജോലി ചെയ്തിട്ടുണ്ട്. അച്ഛൻ ജോയ്‌ തോമസ്, അമ്മ ബെറ്റി, അനിയൻ കെവിൻ എന്നിവരാണ് കുടുംബം.

Tags:    
News Summary - Ann Ami singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT