മുംബൈ: ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന പ്രോജക്റ്റുകൾ ചെയ്യുകയാണ് ലക്ഷ്യമെന്നും മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലായി നിരവധി ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എ.ആർ. റഹ്മാൻ. 1990 മുതൽ അദ്ദേഹം സംഗീത രംഗത്ത് സജീവമാണ്. തനിക്ക് സന്തോഷം നൽകുന്ന പ്രോജക്റ്റുകൾക്കാണ് മുൻഗണനയെന്നും അദ്ദേഹം ദ വീക്കിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം ഇനി ഉണ്ടെന്ന് തോന്നുന്നില്ല. വമ്പൻ ബജറ്റ് ചിത്രങ്ങളിലെയും സിനിമ സംബന്ധിയല്ലാത്തതുമായ വർക്കുകൾ തന്റെ സർഗാത്മകതയെ തൃപ്തിപ്പെടുത്തും. സ്ലം ഡോഗ് മില്യണയർ എന്ന സിനിമക്ക് വേണ്ടി ചെയ്ത ജയ്ഹോ വഴി താൻ ഓസ്കർ നേടി. എന്നാൽ ഇപ്പോൾ ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നതെന്നും റഹ്മാൻ ചോദിച്ചു.
തന്നെ എപ്പോഴും അലോസരപ്പെടുത്തുന്നതായി തോന്നുന്ന രണ്ട് കാര്യങ്ങളും റഹ്മാൻ വെളിപ്പെടുത്തി. പ്രായം കൂടുന്നതിനനുസരിച്ച് തന്റെ സഹിഷ്ണുതയും കുറഞ്ഞുവരികയാണ്. ടൈമർ വെച്ച് സെൽഫിയെടുക്കാൻ പറയുന്നതാണ് അലോസരമുണ്ടാക്കുന്ന ഒരു കാര്യം. മറ്റൊന്ന് ഭ്രാന്തുപിടിപ്പിക്കുന്ന വരികളുമായി അതിന് സംഗീതം നൽകണമെന്ന് അഭ്യർഥിക്കുന്ന സംവിധായകരാണെന്നും റഹ്മാൻ പറഞ്ഞു.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ റഹ്മാന്റെ പുതിയ പ്രോജക്റ്റുകൾ പുറത്തിറങ്ങാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.