മലയാള സിനിമയുടെ ശൈശവത്തിനൊപ്പംതന്നെ നിലവാരമുള്ള ഗാനങ്ങളും അവക്കൊത്ത ചാരുതയാർന്ന നൃത്തരംഗങ്ങളും ചുവടുറപ്പിച്ചിരുന്നു. നാളിതുവരെയുള്ള മലയാളികളുടെ സിനിമ ആസ്വാദനം പരിശോധിച്ചാൽ മനസ്സുകളെ താളമിട്ടുണർത്തിയ നിരവധി നൃത്തരംഗങ്ങൾ നമുക്ക് കണ്ടെടുക്കാനാവും. ഇക്കൂട്ടത്തിൽ ആദ്യം മനസ്സിലെത്തുന്നത് 1973ൽ പുറത്തിറങ്ങിയ എം.ടി. വാസുദേവൻ നായരുടെ 'നിർമാല്യ'ത്തിലെ 'പനിമതി' എന്ന ഗാന-നൃത്തരംഗമാണ്. സുകുമാരി നരേന്ദ്ര മേനോനും പത്മിനി വാര്യരും ചേർന്ന് ശബ്ദം നൽകിയ ഗാനം. ഒരുപക്ഷേ, മോഹിനിയാട്ടത്തിെൻറ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശനമായിരിക്കാമത്.
സ്വാതിതിരുനാൾ കൃതി സാമ്പ്രദായികരീതിയിൽ കലാമണ്ഡലം സരസ്വതിയും കലാമണ്ഡലം ലീലാമ്മയും ചേർന്ന് അവതരിപ്പിച്ച നൃത്തം. സംഗീതം നൽകിയ രാഘവൻ മാഷാകെട്ട, ഇൗണത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയതുമില്ല. ഇതേ വർഷം പുറത്തിറങ്ങിയ മലയാളിത്തം നിറഞ്ഞ പാട്ടുകൾകൊണ്ട് ശ്രദ്ധേയമായ 'ചെണ്ട'യിലുമുണ്ട് സമാനമായ ഒരു ഗാനരംഗം. വയലാർ-ദേവരാജൻ-യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന താളനിബദ്ധമായ 'നൃത്യതി നൃത്യതി' എന്ന ഗാനം. ഇൗ ഗാനത്തിനൊത്ത് നൃത്തമൊരുക്കിയത് അക്കാലത്ത് 'മയൂരം സിസ്റ്റേഴ്സ്' എന്നറിയപ്പെട്ടിരുന്ന കമല-രാധ-വസന്ത നർത്തകിമാരായിരുന്നു. ഈ രണ്ടു രംഗങ്ങളിലും അഭിനേതാക്കളല്ല, മറിച്ച്, ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച പ്രഫഷനൽ നർത്തകിമാരായിരുന്നു. ആ മികവ് അവരുടെ പ്രകടനത്തിലും കാണാം. ഇൗ സിനിമയിലെ നായികയായ ശ്രീവിദ്യ അവതരിപ്പിച്ചതും ശുദ്ധ നൃത്തംതന്നെ.
അക്കാലത്തെ നൃത്തഗാനങ്ങളത്രയും ഇടംപിടിച്ചത് ഇതിഹാസപുരാണ സിനിമകളിലായിരുന്നു. അഭയദേവ്-ദക്ഷിണാമൂർത്തി സഖ്യത്തിലെ പ്രിയമാനസാ..., കണ്ണനെ കണ്ടൂസഖി... (ചിലമ്പൊലി), ആറ്റുംമണമ്മേലെ.... (ഉണ്ണിയാർച്ച) എന്നീ രാഗിണിയുടെ നൃത്തഗാനങ്ങളും പി. ലീലയും രാധജയലക്ഷ്മിയും ചേർന്ന് പാടി ശ്രീവിദ്യയും രാജശ്രീയും മത്സരിച്ചാടിയ മായാ നടന വിഹാരിണി..., എം.ജി. രാധാകൃഷ്ണൻ-ബി.വസന്ത ടീമിെൻറ മല്ലാക്ഷീ മണിമാരെ.... തുടങ്ങിയ 'കുമാരസംഭവ'ത്തിലെ ഗാനങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ഒ.എൻ.വിയുടെയും വയലാറിെൻറയും ഗരിമയാർന്ന വരികൾക്ക് ഈണമിട്ട ദേവരാജൻ മാസ്റ്ററാവെട്ട വരികളേതുമില്ലാതെ ജെമിനി ഗണേശൻ ദ്വയത്തിെൻറ ആനന്ദനടനത്തിനും അഭൗമ സംഗീതം സൃഷ്ടിച്ചു. മറ്റൊരു വയലാർ-ദേവരാജൻ ഗാനമായ 'പാലാഴി കടഞ്ഞെടുത്ത...' (സ്വാമി അയ്യപ്പൻ), രാഗസാഗരമേ... (സത്യവാൻ സാവിത്രി) എന്നിവ ഈ ഗണത്തിൽപെടുമ്പോൾ ഇവയിൽനിന്ന് വിഭിന്നമായിരുന്നു 'തോമാശ്ലീഹ'യിലെ 'ധൂംതന ധൂംതന നന' എന്ന ഗാനം. വയലാർ-സലിൽചൗധരി-വാണി ജയറാം എന്നിവരായിരുന്നു ഇതിനു പിറകിൽ. തബലയുടെ താളപ്പെരുക്കങ്ങൾക്കൊപ്പം ചുവടുവെച്ചത് നടി ഉഷാകുമാരി.
ഇവിടെ സൂചിപ്പിച്ച അനുഗൃഹീത നർത്തകർ കോട്ടകൊത്തളങ്ങളിലും ഹിമാലയ സാനുക്കളിലും ആടിത്തിമിർത്തപ്പോൾ, ഒരു നൃത്ത വിദ്യാലയത്തിെൻറ പാശ്ചാത്തലത്തിൽ വന്ന 'സപ്തസ്വരങ്ങളി'ലെ ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സംഗമത്തിൽ പിറന്ന 'അനുരാഗനർത്തനം...' എന്ന ഗാനം ശ്രീവിദ്യയുടെ നൃത്തംകൊണ്ടും എൻ. കൃഷ്ണെൻറ നാദസ്വരംകൊണ്ടും ശ്രദ്ധേയമായി. ഇനിയൊന്ന്, അപൂർവമായി മാത്രം ചിലങ്കയണിഞ്ഞഭിനയിക്കാറുള്ള നടി വിധുബാലയുടെ ഒരു മനോഹര നൃത്തരംഗമാണ്.'തൃപ്പ്രയാറപ്പാ ശ്രീരാമാ...' എന്ന ഗാനമാണത്. 'ഓർമകൾ മരിക്കുമോ' എന്ന ചിത്രത്തിനുവേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച് എം.എസ്. വിശ്വനാഥൻ ഈണമിട്ട് വാണി ജയറാമാണ് ഈ ഗാനം പാടിയത്. എൺപതുകൾതൊട്ട് മലയാള സിനിമയിൽ വന്ന മാറ്റങ്ങൾ സാങ്കേതിക വിദ്യകളിലും പ്രമേയങ്ങളിലും അവതരണത്തിലും മാത്രമല്ല, നൃത്തരംഗങ്ങളിലും പ്രതിഫലിച്ചു. നായിക-നായകന്മാർ മണ്ണിലേക്കിറങ്ങിവന്നു. അവരിൽ നർത്തകരുണ്ടായി. അവർക്കുവേണ്ടി ജീവിതഗന്ധമുള്ള ആട്ടവും പാട്ടുമുണ്ടായി.
ഉദാഹരണത്തിന് 1982ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോെൻറ 'കിലുകിലുക്ക'ത്തിൽ ഒ.എൻ.വിയും ജോൺസണും ചേർന്ന് സൃഷ്ടിച്ച ജാനകിയമ്മ ആലപിച്ച 'അഞ്ജലി പുഷ്പാഞ്ജലി...' എന്ന ഗാനരംഗത്തിൽ ശാന്തികൃഷ്ണ അവതരിപ്പിച്ച നൃത്തരംഗം എടുത്തുപറയേണ്ടതാണ്. എൺപതുകളുടെ പകുതിയെത്തിയപ്പോഴാകട്ടെ സിനിമയിലെ നൃത്തരംഗങ്ങളിൽ ഉപയോഗിച്ചത് കാമ്പുള്ള നർത്തകിമാരെത്തന്നെയാണ്. ഇവരാകട്ടെ ഇന്ത്യൻ കലാരംഗത്തെ അതികായരായിരുന്ന ലളിത-പത്മിനി-രാഗിണിമാരുടെ രണ്ടാം തലമുറയും. നൃത്തവും അഭിനയവും ഒരുപോലെ സമന്വയിച്ച കലാകാരിയാണ് ബാലചന്ദ്രമേനോെൻറ 'ഏപ്രിൽ 18' എന്ന സിനിമയിലൂടെ രംഗത്തുവന്ന ശോഭന. ഒരു നൃത്തരംഗത്തിലൂടെതന്നെയാണ് അവർ പ്രേക്ഷകരുടെ മുന്നിലെത്തിയത്, 'കാളിന്ദിതീരംതന്നിൽ...' എന്ന പാട്ടിനനുസരിച്ച് ചുവടുവെച്ചുകൊണ്ട്. ക്ലാസിക്കൽ എന്നല്ല ഏതു ശൈലിയും വഴങ്ങുന്ന അവരെ ഒരുവിധം സംവിധായകരെല്ലാം നൃത്തം ചെയ്യിച്ചിട്ടുമുണ്ട്. പക്ഷേ, മിക്കവയും സിനിമക്കുവേണ്ടി പാകപ്പെടുത്തിയവയായിരുന്നു. ധ്വനി, ഈ തണലിൽ ഇത്തിരി നേരം, ഉദയം പടിഞ്ഞാറ് എന്നീ ചിത്രങ്ങൾ ഉദാഹരണമാണ്.
ഇതിൽനിന്ന് വേറിട്ടുനിൽക്കുന്നതായിരുന്നു 1998ൽ വെള്ളിത്തിരയിലെത്തിയ എം.ടി- ഐ.വി. ശശി കൂട്ടുകെട്ടിൽ പിറന്ന 'രംഗ'ത്തിലെ 'ഭാവയാമി...' എന്ന നൃത്തഗാനരംഗം. ഇവിടെ സാമ്പ്രദായിക രീതിയിലായിരുന്നു ശോഭന ചുവടുവെച്ചതെങ്കിൽ സൂപ്പർ ഹിറ്റ് ചിത്രമായ 'മണിച്ചിത്രത്താഴി'ലെ ഒരുമുറൈവന്ത് പാർത്തായ... എന്ന നൃത്തരംഗത്തിൽ കഥാപാത്രത്തിെൻറ പൂർണതക്കായി ക്രോധം, പ്രണയം, വിരഹം, ആനന്ദം, ക്രൂരത തുടങ്ങി മിക്ക വികാരങ്ങളും സ്ഫുരിക്കുന്ന ഭാവാഭിനയം അലിഞ്ഞുചേർന്നതായിരുന്നു. സഹനർത്തകൻ ശ്രീധറും ഒട്ടും മോശമാക്കിയില്ല. എന്നാൽ, പമേല റൂക്സ് സംവിധാനം ചെയ്ത 'ഡാൻസ് ലൈക് എ മാൻ' ആണ് ശോഭനയിലെ നർത്തകിയെ പൂർണമായി ഉപയോഗപ്പെടുത്തിയത്.
നൃത്തമെന്ന കല സ്ത്രീകളുടെ കുത്തകയല്ല എന്ന് കമൽഹാസൻ പണ്ടുതന്നെ തെളിയിച്ചതാണെങ്കിലും മലയാള നടന്മാരിൽ അത്തരമൊരംഗീകരത്തിനുടമ വിനീതാണ്. '80കളിൽതന്നെ യുവജനോത്സവ വാർത്തകളിലെ പരിചയമുള്ള മുഖമായിരുന്നു വിനീതിേൻറത്. പിന്നീട് വെള്ളിത്തിരയിൽ നടനും നർത്തകനുമായി തിളങ്ങിയ ഇദ്ദേഹം നഖക്ഷതങ്ങൾ, പരിണയം, വടക്കുംനാഥൻ, ഗസൽ, ഇടനാഴിയിൽ ഒരു കാലൊച്ച തുടങ്ങിയ സിനിമകളിൽ നർത്തകൻ, നൃത്താധ്യാപകൻ, കഥകളിയാട്ടക്കാരൻ എന്നീ വേഷങ്ങളിൽ തിളങ്ങി. 'ഇടനാഴിയിൽ ഒരു കാലൊച്ച'ക്കു വേണ്ടി ഒ.എൻ.വി, ദക്ഷിണാമൂർത്തി, യേശുദാസ് എന്നിവർ ചേന്ന് സൃഷ്ടിച്ച 'വാതിൽപഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരിവിതറും...' എന്ന ഗാനത്തിന് കാർത്തികയോടൊപ്പമാണ് ചുവടുവെച്ചതെങ്കിൽ 'കമലദളം' എന്ന ചിത്രത്തിലെ 'പ്രേമോദാരനായ് അണയൂ നാഥാ...' എന്ന ഗാനരംഗത്തിൽ വിനീത് തെൻറ ചിലങ്ക ചലിപ്പിച്ചത് മോണിഷക്കൊപ്പമാണ്. കൈതപ്രത്തിെൻറ വരികൾക്കും രവീന്ദ്രെൻറ സംഗീതത്തിനും യേശുദാസും ചിത്രയും ചേർന്നാണ് ശബ്ദം നൽകിയത്. ഇതേ സിനിമയിലെ 'സുമുഹൂർത്തമായ്...' എന്ന ക്ലൈാമാക്സ് രംഗത്തിൽ മോണിഷ ആടിത്തകർക്കുകതന്നെ ചെയ്തു.
വിനീതിെൻറ സിനിമ ജീവിതത്തിൽ എടുത്തുപറയേണ്ട ഒന്നാണ് ഗാനങ്ങൾകൊണ്ടു ശ്രദ്ധേയമായ, വിനോദ് മങ്കര സംവിധാനം ചെയ്ത 'കാമ്പോജി' എന്ന സിനിമ. ഇതിൽ ഒ.എൻ.വിയും എം. ജയചന്ദ്രനും ചേർന്നൊരുക്കി ശ്രീവത്സൻ ജെ. മേനോനും ചിത്രയും ചേർന്ന് ആലപിച്ച 'ചെന്താർനേർമുഖി...' എന്ന ഗാനത്തിനുവേണ്ടി വിനീത് ലക്ഷ്മിഗോപാലസ്വാമിക്കൊപ്പമാണ് നൃത്തമാടിയത്. ഈ ചിത്രത്തിലെ നൃത്തസംവിധാനത്തിന് അത്തവണത്തെ സംസ്ഥാന അവാർഡും വിനീതിനായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതയായ നടി രേവതിയും ഒരു മികച്ച ഭരതനാട്യ നർത്തകിയാണ്. '93ലെ സൂപ്പർഹിറ്റ് സിനിമയായ 'ദേവാസുര'ത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി ചിത്ര പാടിയ 'അംഗോപാംഗം സ്വരമുഖരം...' എന്ന ഗാനത്തിനനുസരിച്ച് പാദങ്ങൾ ചലിപ്പിച്ച രേവതിയുടെ പ്രകടനം സിനിമയിലെതന്നെ മികച്ച രംഗമായിരുന്നു.
അഭിനയ ജീവിതത്തിൽ പതിറ്റാണ്ട് പിന്നിടേണ്ടിവന്നു മലയാളികളുടെ പ്രിയനടൻ മോഹൻ ലാലിന് തെൻറ നൃത്തവൈദഗ്ധ്യം തെളിയിക്കാൻ. 1992ൽ പുറത്തുവന്ന 'കമലദള'ത്തിലെ 'ആനന്ദ നടനം ആടിനേൻ...' എന്ന ഗാനത്തിന് ചുണ്ടനക്കി നൃത്തം ചെയ്ത ലാൽ തികഞ്ഞ ഒരു നർത്തകനായിത്തന്നെ വെള്ളിത്തിരയിൽ മുദ്രപതിപ്പിച്ചു. രാജശിൽപി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളും ലാലിെൻറ നടനരംഗങ്ങൾക്ക് വേദിയായി. 'രാജശിൽപി'യിൽ ലാലിനൊപ്പം മലയാളത്തിലേക്ക് വന്ന ഭാനുപ്രിയയും നൃത്തത്തിെൻറ കാര്യത്തിൽ നല്ല പ്രകടനംതന്നെ കാഴ്ചവെച്ചു. ഒ.എൻ.വി-ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന അറിവിൻനിലാവേ, അമ്പിളിക്കല... (ചിത്ര), കാവേരിപാടാമിനി... (യേശുദാസ്-ചിത്ര) എന്നീ ഗാനരംഗങ്ങളിലും 'കുല'ത്തിലെ ചന്ദനശിലയിൽ... (മധുസൂദനൻ നായർ, എം.ജി. രാധാകൃഷ്ണൻ, ചിത്ര), 'കൊച്ചു കൊച്ചുസന്തോഷങ്ങ'ളിലെ ഘനശ്യാമവൃന്ദാരണ്യം... എന്നീ നൃത്തരംഗങ്ങളിലെല്ലാം ഭാനുപ്രിയ പ്രേക്ഷകഹൃദയം കവർന്നു.
നർത്തനമികവോടെ മലയാളത്തിന് ലഭിച്ച മറ്റൊരു നടിയാണ് മഞ്ജു വാരിയർ. യുവജനോത്സവ നൃത്തവേദിയിൽനിന്ന് വെള്ളിത്തിരയിലെത്തിയ അവരുടെ തൂവൽക്കൊട്ടാരം എന്ന സിനിമയിലെ 'പാർവതി മനോഹരി...', എന്നും എപ്പോഴും എന്ന സിനിമയിലെ 'ധിത്തികി ധിത്തികി തെയ്...' എന്ന നൃത്തരംഗങ്ങളിലെല്ലാം മഞ്ജു തന്നിലെ നർത്തകിയെ നമുക്ക് കാണിച്ചുതന്നു. രണ്ടായിരത്തിൽ മലയാള സിനിമക്ക് ലഭിച്ച മറ്റൊരു നൃത്തസൗഭാഗ്യമാണ് ലക്ഷ്മി ഗോപാലസ്വാമി. ആദ്യചിത്രമായ 'അരയന്നങ്ങളുടെ വീട്ടിൽ' മമ്മൂട്ടിക്കും ഒരു വൻ സംഘത്തോടുമൊപ്പം 'കാക്കപ്പൂ കൈതപ്പൂ' എന്ന ഗാനത്തിന് ചുവടുവെക്കുക മാത്രമാണ് ഉണ്ടായതെങ്കിൽ രണ്ടാമത്തെചിത്രമായ കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ലക്ഷ്മി എന്ന നർത്തകിയുടേതായി മൂന്നു നൃത്തഗാനങ്ങളുണ്ട്. 'സുമാസായക...' (കല്ലറഗോപൻ, ഗീതാദേവി), ഇളയരാജയുടെ സംഗീതസമൃദ്ധിക്കൊത്ത നൃത്തസംവിധാനത്തിലുള്ള 'ഘനശ്യാമവൃന്ദാരണ്യം...' (ഗായത്രി അശോകൻ), 'ശിവകര...' (ചിത്ര, ഗായത്രി അശോകൻ) എന്നിവയാണവ.
2016ൽ 'ഇടവപ്പാതി' എന്ന ചിത്രത്തിൽ രമേഷ് നാരായൺ പുതിയ മട്ടിൽ ചിട്ടപ്പെടുത്തിയ രണ്ട് അഷ്ടപദികളിലായി (പശ്യതിദിശിദിശി, രതിസുഖസാരെ) ചിതറിക്കിടക്കുന്ന നൃത്തശകലങ്ങളിൽ ചലനങ്ങളിലെ സൂക്ഷ്മത ഉത്തര ഉണ്ണിക്കെങ്കിൽ കുറ്റമറ്റതെന്ന് പറയാനാവില്ലെങ്കിലും നൃത്തത്തിെൻറ സത്തയും ആനന്ദവും മനീഷ കൊയ്രാളയുടെ ചലനങ്ങൾക്കാണ്. 1963ൽനിന്ന് 2021ൽ എത്തുമ്പോൾ എടുത്തുപറയാനുള്ളത് വെള്ളിത്തിരയിൽ ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കാതെ കടന്നുപോയ 'കലാമണ്ഡലം ഹൈദരാലി'യിലെ മീര നായരുടെ കലർപ്പില്ലാത്ത മോഹിനിയാട്ടമാണ് (കാമോപനാം). ഹൈദരാലി ആശാൻതന്നെ ചിട്ടപ്പെടുത്തിയ ഈ പദത്തിന് മാറ്റുകൂട്ടുന്നതായി കോട്ടക്കൽ മധുവിെൻറ ശബ്ദഗാംഭീര്യം. സൂക്ഷ്മനിരീക്ഷണം നടത്തിയാൽ ഇത്രതന്നെ മനോഹരമായ എത്രയോ നൃത്തരംഗങ്ങളും അവക്ക് താളമിട്ട ഗാനങ്ങളും ഇനിയും കണ്ടെത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.