ഇളയരാജ

ഇളയരാജ @80

ചെന്നൈ: 'ഇസൈജ്ഞാനി'യെന്ന പേരിൽ അറിയപ്പെടുന്ന രാജ്യം കണ്ട മികച്ച സംഗീതജ്ഞരിലൊരാളായ ഇളയരാജ 80ന്‍റെ നിറവിൽ. ജന്മദിനമായ ജൂൺ രണ്ടിന് ആദരസൂചകമായി കോയമ്പത്തൂരിൽ മെഗാ സംഗീത വിരുന്ന് ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ പണ്ണയപുരത്തായിരുന്നു ജനനം. 14ാം വയസ്സിൽ സഹോദരന്‍റെ മ്യൂസിക് ട്രൂപ്പിൽ ചേർന്നു. 70'കളുടെ തുടക്കം മുതൽ തമിഴ് സിനിമാരംഗത്ത് സജീവ സാന്നിധ്യമായ ഇളയരാജ, മണ്ണിന്‍റെ മണമുള്ള ഈണങ്ങൾകൊണ്ട് തമിഴ് സിനിമയെ സമ്പുഷ്ടമാക്കി. തമിഴ് ഗ്രാമീണ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ലയിപ്പിച്ച് തന്‍റേതായ ശൈലിക്ക് ദക്ഷിണേന്ത്യൻ സിനിമ സംഗീതത്തിൽ രൂപംനൽകി. കവി കണ്ണദാസൻ രചിച്ച വിലാപകാവ്യത്തിനാണ് ആദ്യം ഈണം നൽകിയത്.

സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ തിളങ്ങിയ ഹൃദയരാഗങ്ങളുടെ രാജ മൂന്ന് പതിറ്റാണ്ടിനിടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 1,500ഓളം ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കി. 8,500 ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. ഇതിനകം 20,000ത്തോളം സംഗീതക്കച്ചേരികൾ നടത്തി.

സിംഫണി പോലുള്ള സർഗാത്മകമായ സംഗീത പരീക്ഷണങ്ങൾക്ക് 2012ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 1976ൽ 'അന്നക്കിളി' എന്ന സിനിമക്ക് സംഗീത സംവിധാനമൊരുക്കിയാണ് ഇളയരാജ സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. മലയാളം ഉൾപ്പെടെ മറ്റു ഭാഷ സിനിമകൾക്കും സംഗീതം നൽകി. പത്മഭൂഷൺ ജേതാവായ ഇളയരാജ നാലുതവണ കേന്ദ്ര സർക്കാറിന്‍റെ ദേശീയ അവാർഡുകൾക്ക് അർഹനായി.

Tags:    
News Summary - Ilayaraja is 80 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.