പങ്കജ് ഉദാസ്

പങ്കജ് ഉദാസും പാതിയിൽ നിലച്ച ദോഹയിലെ ഗസൽ മഴയും

അന്തരിച്ച ഗസൽ ഗായകൻ പങ്കജ് ഉദാസ് 10 വർഷം മുമ്പ് ദോഹയിൽ നടന്ന സംഗീത നിശയിൽ പ​ങ്കെടുത്തതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സംഘാടകനും സിനിമാ നിർമാതാവുമായ ‘സലാവുദ്ദീൻ അബ്ദുൽ ഖാദർ’

ഹിന്ദി സിനിമയും, ഗാനങ്ങളും ചെറുപ്പത്തിൽ തന്നെ എനിക്കൊപ്പം കൂടിയിരുന്നു. 80മുതലേ വീട്ടില്‍ പിതൃ സഹോദരന്‍ അബ്ദുള്‍ മജീദായിരുന്നു ഹിന്ദിയുടെ ലോകത്തേക്ക് നയിക്കുന്നതിൽ പ്രധാനിയായത്. അദ്ദേഹം വീട്ടിൽ പല ഹിന്ദി പാട്ടുകളും ​േപ്ല ചെയ്യിക്കും. റെക്കോഡ് പ്ലേയര്‍, പിന്നീട് കേസറ്റ്‌ ഇതൊക്കെ ആയിരുന്നു അക്കാലത്ത്. ഖുര്‍ബാനി, ഹീറോ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ കേട്ട് കൊണ്ട്‌ വളര്‍ന്നു. ‘പ്യാര്‍ കര്‍നേ വാലെ കഭി ഡര്‍ ത്താ നഹി...’ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗാനമായിരുന്നു. അതു കൊണ്ടു തന്നെ ലതാജിയോടൊപ്പം മനോഹരമായി പാടിയ ഗായകന്‍ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തിയിരുന്നു. മന്‍ഹര്‍ ഉദാസ്. അദ്ദേഹത്തിന്റെ ശബ്ദ മാധുര്യം ഇന്നും കാതുകള്‍ക്ക് മടുപ്പ് ഉണ്ടാക്കില്ല. മുഹമ്മദ് റാഫി വിട പറഞ്ഞ നാളുകളില്‍ നിരവധി പുതിയ പ്രതിഭകളെ കൊണ്ടു വരാന്‍ ലക്ഷ്മി കാന്ത് പ്യാരിലാല്‍, കല്യാണ്‍ജി ആനന്ദ് ജി, ബാപ്പി ലഹ് രി ,ആനന്ദ് മിലിന്ദ് മുതല്‍ എല്ലാവരും ആത്മാര്‍ത്ഥമായി ശ്രമിച്ചു. മുഹമ്മദ് അസീസ്, ഷബീര്‍ കുമാര്‍, ഉദിത് നാരായണ്‍, മന്‍ഹര്‍ ഉദാസ് അങ്ങനെ നീണ്ടു പോകുന്നു പ്രതിഭാ ശ്രേണി.

പ്രീഡിഗ്രി കാലം ഖത്തറിൽ നിന്നും എളാപ്പ നാട്ടില്‍ വന്ന ദിവസം വീട്ടില്‍ എത്തിയപ്പോള്‍ കാതില്‍ ഒഴുകി എത്തിയത് പുതിയൊരു നാദം...എവിടെയോ കേട്ട് പരിചയം തോന്നി. പെട്ടെന്ന് തന്നെ കേസറ്റ് കവർ എടുത്ത് ഗായകന്‍ ആരാണെന്ന് നോക്കി... പങ്കജ് ഉദാസ്. മന്‍ഹര്‍ ഉദാസി ന്റെ സഹോദരന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നി. സിനിമയുടെ പേര്‌ ‘നാം’. പിന്നീട് ഇടവേളകള്‍ ഇല്ലാതെ ദിവസവും ആ ഗാനം തന്നെ. അതാണ് ‘ചിട്ടി ആയീ ഹെ..’ 1991 നവംബര്‍ മുതല്‍ സൗദിയില്‍ പ്രവാസ ജീവിതം തുടങ്ങിയ ദിനങ്ങള്‍ പങ്കജ് ഉദാസ് ,ജഗജിത് സിങ് ഗസ ലുകള്‍ മാത്രമായിരുന്നു കൂട്ട്. പത്മശ്രീ പങ്കജ് ഉദാസിനെ നേരില്‍ കേള്‍ക്കുക എന്നത് ഒരു വലിയ സ്വപ്നമായിരുന്നു.

ഇവരില്‍ നിന്നും ഉള്‍കൊണ്ട ആവേശമാണ് പിന്നീട് മ്യൂസിക് പ്രോഡക്ഷനും, സിനിമാ നിര്‍മ്മാതാവുമാകാന്‍ നിമിത്തമായത്. ‘വെറുതെ ഒരു ഭാര്യ’ എന്നി സിനിമ വലിയ വിജയം നേടിയിട്ടും പിന്നീട് ഉണ്ടായ പരാജയങ്ങൾ എന്നെ വീണ്ടും പ്രവാസിയാക്കി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ്ഇക്ക, സുഹൃത്ത് ഉസ്മാന്‍ക്ക, ഡേവിസ് എടക്കളത്തൂര്‍, ആര്‍ഗണ്‍ ഗ്ലോബല്‍ ഗഫൂര്‍, നാട്ടുകാരനും കുടുംബ സുഹൃത്തുമായ എൻ.ആർ സോമന്‍ എന്നിവരുമായി ഒരു ഇവന്റ് കമ്പനി ദോഹയില്‍ തുടങ്ങാൻ ഒരുക്കം പൂര്‍ത്തിയായി. തെന്നിന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് ആയിരുന്നു പ്ലാന്‍ ചെയതത്. അതിന്റെ ലോഞ്ച് എന്ന നിലയില്‍ സുഹൃത്ത് മുഹമ്മദ് നിസാര്‍ മുഖേന വന്നു ചേര്‍ന്നത് ഏറ്റവും ആഗ്രഹിച്ചിരുന്ന പങ്കജ് ഉദാസ് ലൈവ് ഗസലായിരുന്നു. 2013 മാര്‍ച്ച് ഏഴിന് ക്യൂ.എൻ.സി.സിയിൽ പരിപാടിക്കുള്ള ഒരുക്കങ്ങളായി.

പങ്കജ് ഉദാസ് അബ്ദുസമദ് സമദാനിക്കൊപ്പം ദോഹയിൽ

അങ്ങനെ ആ ദിവസം വന്നെത്തി. നിറഞ്ഞു കവിഞ്ഞ ക്യൂ.എൻ.സി.സി തിയേറ്റര്‍, വേദിയില്‍ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. പത്മശ്രീ പങ്കജ് ഉദാസ് പാടാന്‍ തയ്യാറെടുപ്പിലാണ്. ഗസല്‍ പെയ്തിങ്ങാന്‍ നിമിഷങ്ങള്‍ മാത്രം തികച്ചും അപ്രതീക്ഷിതമായി ഒരു വിശിഷ്ട അതിഥി ഗസൽ ആസ്വദിക്കാനായി സദസ്സിലെത്തി. പണ്ഡിതനും,വാഗ്മിയുമായ അബ്ദു സമദ് സമദാനി. മുഖ്യസംഘാടകനായിരുന്ന ഞാന്‍ വേദിയില്‍ എത്തി പങ്കജ് ഉദാസിനോട് അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിച്ചു. അവർ തമ്മില്‍ മുന്‍പരിചയം ഉണ്ട്. സമദാനിയെ അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം വേദിയിലേക്ക് ക്ഷണിച്ചു. പിന്നീട് 20 മിനിറ്റോളം നീണ്ട സമദാനിയുടെ ഗസല്‍ പ്രണയ പ്രഭാഷണം ഭൂരിഭാഗം വരുന്ന ഹിന്ദി, പാകിസ്താന്‍ ആസ്വാദകര്‍ നിറകൈയ്യടികളോടെ സ്വീകരിച്ചു. അവിസ്മരണീയമായ നിമിഷങ്ങള്‍. ഒരു മണിക്കൂര്‍ പിന്നിടുന്നു. കാണികളുടെ അഭ്യര്‍ത്ഥനകള്‍ക്ക് മുന്‍ഗണന നല്‍കി രണ്ടാം പകുതി ആവേശകരമായി നീങ്ങുന്ന സാഹചര്യത്തില്‍ പൊടുന്നനെ എല്ലാവരെയും നിശബ്ദരാക്കിയ നിമിഷങ്ങള്‍. ഏറ്റവും ആധുനിക രീതിയില്‍ സജ്ജമാക്കിയ തിയേറ്റര്‍ ഫയർ അലാം സൈറണ്‍ മുഴക്കുന്നു . പലരും ഭയത്തോടെ പുറത്തേക്ക്‌ ഇറങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നിമിഷങ്ങള്‍. സുരക്ഷാ ജീവനക്കാർ പഞ്ഞെത്തി. ഏകദേശം അര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ കാരണം കണ്ടെത്തി. ആരോ ഒരാള്‍ ടോയ്‌ലെറ്റ്ല്‍ കയറിയിരുന്ന് സിഗരറ്റ് വലിച്ചു. ഏതാനും സമയത്തേക്ക് അനിശ്ചിതാവസ്ഥയായി. ഗസൽ മഴ പെയ്തിറങ്ങുന്നതിനിടെയായിരുന്നു എല്ലാം തടസ്സപ്പെടുന്നത്. എങ്കിലും, 75 ശതമാനം പൂര്‍ത്തിയാക്കിയ ഷോ വീണ്ടും തുടരാൻ അദ്ദേഹം ഒരുക്കമായിരുന്നു. അവാർഡ് വിതരണം നടന്നതുമില്ല. അതിനായി ദുബായില്‍ നിന്നും എത്തിയ മാര്‍ക്കറ്റിങ് വനിത ഷോ തുടരാൻ കഴിയില്ല എന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തതോടെ 90 ശതമാനം കാണികളും പിരിഞ്ഞു. ചിലര്‍ക്ക് ടിക്കറ്റ്‌ തുക തിരികെ കിട്ടണം. അവർക്ക് ഞങ്ങള്‍ പണം തിരികെ നല്‍കി.

ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്നു പങ്കജ് ഭായ് ദുഃഖഭാരത്തിൽ നിന്ന ഞങ്ങളെ ആശ്വസിപ്പിച്ചു. ബഹളങ്ങളെല്ലാം കെട്ടടങ്ങി നേരും പുലരും മുമ്പേ സംഘാടകരെല്ലാം രാത്രി വൈകി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അദ്ദേഹം ഞങ്ങളെ തേടിയെത്തി. പരിപാടി പാതിവഴിയിൽ മുടങ്ങിയതിലെ വേദന പങ്കുവെച്ച അദ്ദേഹത്തിന്റെ വാക്കുങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. ‘ആറു മാസം കഴിഞ്ഞ് ഒരു ദിവസം ഞാന്‍ വീണ്ടും വരാം... ഇതേ വേദിയില്‍ നമുക്ക് വീണ്ടും ഒരുമിക്കാം. എന്റെയും ട്രൂപ്പ് അംഗങ്ങളുടെയും യാത്ര ചിലവ് മാത്രം മതി’.. ആ വാക്കുകൾ ഇന്നും കാതിലുണ്ട്.

സംഗീതം മാത്രമല്ല ഹൃദയ വിശാലതയും അളവില്‍ കൂടുതല്‍ അദ്ദേഹത്തിനുണ്ടെന്ന് ബോധ്യമായി. ക്യൂ.എൻ.സി.സി വേദി സൗജന്യമായി അനുവദിക്കാമെന്ന് വാക്കു തന്നിരുന്നു. എങ്കിലും ഷോ പിന്നീട് നടന്നില്ല എന്നത് ഞങ്ങളുടെ കൂട്ടായ്മയുടെ വലിയ നഷ്ടമായി കരുതുന്നു. മലയാള സിനിമയില്‍ സംഗീതം ഒരുക്കാനും പങ്കജ് ഭായ് ആഗ്രഹിച്ചിരുന്നു.

ഒരുപാട് അനശ്വര ഗാനങ്ങൾ സമ്മാനിച്ച് പങ്കജ് ഉദാസ് ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷേ ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തെ അനശ്വരനാക്കും.

(മലയാള സിനിമാ നിർമാതാവ് കൂടിയാണ് ഖത്തർ പ്രവാസിയായ ലേഖകൻ)

Tags:    
News Summary - Pankaj Udhas-doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.