ഹിന്ദി റിയാലിറ്റി ഷോയിൽ വിജയിയായി സംഗീതപ്രേമികളുടെ മനംകവർന്ന ഏഴു വയസ്സുകാരൻ 

വണ്ടർ സെവൻ

തും പാസ് ആയേ... ചേച്ചിക്ക് സംഗീതം പഠിപ്പിച്ചു നൽകുകയാണ് ഒരു കൊച്ചുപയ്യൻ. കുഞ്ഞു പാട്ടുകാരനെയും പാട്ടുകാരിയെയും സോഷ്യൽ മീഡിയയിലെ വിഡിയോയിലൂടെ കണ്ടത് ലക്ഷങ്ങളായിരുന്നു. നിരവധി ആരാധകരാണ് ചേച്ചി അനർവിന്യക്കും അനിയൻ ആവിർഭവിനും. ഇപ്പോൾ ഹിന്ദി റിയാലിറ്റി ഷോയിൽ വിജയിയായി സംഗീതപ്രേമികളുടെ മനസ്സ് കവർന്നിരിക്കുകയാണ് ഇടുക്കിയിൽനിന്നുള്ള ഈ ഏഴുവയസ്സുകാരൻ. ഏഴു മുതൽ 15 വയസ്സുവരെയുള്ള 15 ഗായകരോടൊപ്പം മുംബൈയിൽപോയി പാടിയാണ് രാമക്കൽമേട് സ്വദേശി ബാബുക്കുട്ടൻ എന്ന എസ്. ആവിർഭവ് അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

ഗായകരിലെ ‘ഷാറൂഖ്ഖാൻ’ ആണിപ്പോൾ ആവിർഭവ്. ആലാപന മികവുകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെ സൃഷ്ടിക്കാൻ ആവിർഭവിന് കഴിഞ്ഞു. ഒന്നര വയസ്സുള്ളപ്പോൾ സഹോദരിയോടൊപ്പം ഹൈദരാബാദിൽ സ്‌റ്റേജിൽ കയറി തെലുഗുവിൽ പാടിയായിരുന്നു തുടക്കം. അർജിത് ‌സിങ്ങിനെ പോലെ ഒരു ഗായകനാകാനാണ് ആവിർഭവിന്റെ ആഗ്രഹം. ആവിർഭവിനെ കർണാടിക്, ഹിന്ദുസ്താനി സംഗീതംകൂടി അഭ്യസിപ്പിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.

രാമക്കൽമേട് കപ്പിത്താൻപറമ്പിൽ സജിമോൻ-സന്ധ്യ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് ആവിർഭവ്. സഹോദരി അനർവിന്യയും റിയാലിറ്റിഷോ താരമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. 9.5 ലക്ഷം പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്‌സ്ക്രൈബ് ചെയ്തത്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആവിർഭവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. ഗായികയായ സഹോദരി അനർവിന്യ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇവർ ഇപ്പോൾ കുടുബസമേതം അങ്കമാലിയിലാണ് താമസം.

Tags:    
News Summary - Avirbhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.