ബിച്ചു തിരുമല,കൈതപ്രം

ചലച്ചിത്രഗാനങ്ങളിലെ മാപ്പിള ഇശലുകൾ

എൺപതുകളുടെ ഒരു കാലം. ബാപ്പ ഗൾഫിൽനിന്നും പറന്നെത്തുന്നതും കാത്തിരുന്ന ദിനങ്ങൾ! ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മുന്നറിയിപ്പുമില്ലാതെ ഒരു സ്യൂട്കെയ്സും ടേപ് റെക്കോഡറും കൈയിലേന്തി ബാപ്പ വീട്ടിലേക്കു വരുന്നത് ഇന്നൊരു സ്വപ്നം പോലെ ഓർക്കുന്നു. പഴയ പത്രമാസികകളിൽ ഗൾഫുകാരെ ചിത്രീകരിക്കും പോലെ... ഗൾഫ് മണം തൂകുന്ന ആ ടേപ് റെക്കോഡറിൽ കാസറ്റിട്ട് പാടിച്ചപ്പോൾ കിട്ടിയ സന്തോഷവും ആഹ്ലാദവും പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.

മലയാള ചലച്ചിത്രഗാന ലോകത്ത് മാപ്പിള ഇശലുകൾക്ക് തൂലിക ചലിപ്പിച്ച കവികൾ ധാരാളമാണ്. അവരിൽ പ്രമുഖരായ പ്രതിഭകളാണ് പി. ഭാസ്കരനും വയലാറും യൂസഫലിയും ശ്രീകുമാരൻ തമ്പിയും കൈതപ്രവും ബിച്ചു തിരുമലയും. ചടുലമായ താളവും പുളകിതമാകുന്ന വരികളും മാപ്പിളപ്പാട്ടിന്റെ പ്രത്യേകതകളാണ്.

മലയാള ചലച്ചിത്ര ഗാനങ്ങളിൽ മാപ്പിളപ്പാട്ടുകൾക്ക് കാൽപനികത ചിത്രീകരിച്ച ഗാനരചയിതാവാണ് പി. ഭാസ്കരൻ മാസ്റ്റർ. പാട്ടുകളിൽ കാൽപനികത സൃഷ്ടിച്ചെടുക്കാൻ ഭാസ്കരൻ മാസ്റ്ററോളം കഴിവുള്ള കവികളില്ല എന്നുതന്നെ പറയാം. കല്യാണ വീടുകളിൽ ഇന്നും ഹരം കൊള്ളുന്ന ഒപ്പന പാട്ടുകളുടെ മൂർത്തീഭാവമാണ് ഭാസ്കരൻ മാസ്റ്റർ. ‘കുട്ടിക്കുപ്പായം’ എന്ന ചിത്രത്തിലെ ‘ഒരു കൊട്ട പൊന്നുണ്ടല്ലോ...’, ‘കല്യാണരാത്രിയിൽ കള്ളികളിൽ....’ എന്നീ ഗാനങ്ങൾ ​കേൾക്കുന്ന മാത്രയിൽ മണവാട്ടിക്കും മണവാളനും പുതുജീവൻ വീണുകിട്ടിയ പ്രതീതി സൃഷ്ടിച്ചെടുക്കാൻ ഭാസ്കരൻ എന്ന പ്രതിഭാശാലിക്ക് കഴിഞ്ഞിട്ടുണ്ട്. ‘സുറുമ, നല്ല സുറുമ...’, ‘വിരുന്നുവരും വിരുന്നുവരും...’, ‘പാലാണ് തേനാണ്...’എന്നീ മാപ്പിള ഇശലുകൾ പി. ഭാസ്കരന്റെ രചനാ പാടവത്തിനുള്ള മികച്ച ഉദാഹരണങ്ങളിൽ ചിലതുമാത്രമാണ്.

മാപ്പിളകലാവേദികളിലും പൊതുവേദികളിലും യൂസഫലിയുടെ ഗാനങ്ങൾ ഇടം പിടിക്കുന്നത് വിരളമല്ല. അദ്ദേഹത്തിന്റെ പാട്ടുകൾ സമാരംഭ പാട്ടുകളായി പല വേദികളിലും അവതരിപ്പിക്കാറുണ്ട്. ‘ഹർഷബാഷ്പ’ത്തിലെ ‘ആയിരംകാതമകലെയാണെങ്കിലും...’, ‘സഞ്ചാരി’യിലെ ‘റസൂലെ... റസൂലെ... നിൻ കനിവാലെ...’ എന്നീ ഗാനങ്ങൾ പല വേദികളിലും മതമൈത്രീ ഗാനങ്ങളായി പാട്ടുകാർ പാടി തകർക്കാറുണ്ട്. സംവിധായകൻ കമൽ അണിയിച്ചൊരുക്കിയ ‘ഗസൽ’ എന്ന സിനിമയിലെ മുഴുൻ ഗാനങ്ങളും യൂസഫലിയുടെ കരവിരുതിൽ തിളങ്ങിയവയാണ്.

 

പി. ഭാസ്കരൻ,ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പിയും ബിച്ചുതിരുമലയും പൂവച്ചൽ ഖാദറും സിനിമയില മാപ്പിള ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചവരാണ്. ‘ബന്ധുക്കൾ ശത്രുക്കൾ’ എന്ന ചിത്രത്തിലെ ‘തൽകാല ദുനിയാവ്...’ എന്ന ഗാനത്തിലെ വരികൾ അർഥസമ്പുഷ്ടവും ദാർശനികവുമാണ്.

സാന്ദർഭികമായി വരികൾ രചിക്കുന്നതിൽ പ്രഗല്ഭനാണ് ബിച്ചുതിരുമല. ശൂന്യതയിൽനിന്നും ഉൾത്തിരിഞ്ഞുവരുന്ന വരികൾ ധിഷണാ വൈഭവം വിളിച്ചോതുന്നവയാണ്. പദവിന്യാസംകൊണ്ട് പാട്ടുകളിൽ ആകർഷണീയത ചോർന്നുപോകാതെ കൊണ്ടുപോകാൻ ബിച്ചുതിരുമലക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പാടി നടക്കുന്ന ‘അങ്ങാടി’യിലെ ‘പാവാട വേണോ...’ ‘കന്നിപ്പളു​ങ്കേ...’ എന്നീ ഗാനങ്ങൾ മാപ്പിളത്തനിമ വിടാതെ കാത്ത് സൂക്ഷിക്കുന്ന ഗാനങ്ങളാണ്.

‘ആലിബാബയും 41 കള്ളന്മാരും’ എന്ന ചിത്രത്തിലെ ‘റംസാനിലെ ചന്ദ്രികയോ...’ ഇതേ ചിത്രത്തിലെത്തന്നെ ‘മാപ്പിളപ്പാട്ടിന്റെ മാതളക്കനി കൊണ്ട്...’ എന്ന ഗാനവും വയലാറിന്റെ മാപ്പിളത്തനിമ വിളിച്ചോതുന്ന വരികളാണ്. ‘മരം’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവുദിച്ചത്...’ ‘കൊട്ടാരം വിൽക്കാനുണ്ട്’എന്നതിലെ ‘നാദാപുരം പള്ളിയിലെ...’, ‘യത്തീമി’ലെ ‘അള്ളാവിൻ കാരുണ്യമില്ലെകിൽ.., ‘കാട്ടുകള്ളനിലെ’, ‘സുറുമ വരച്ചൊരു പെണ്ണ്...’ ‘കടൽക്കാറ്റി’ലെ ‘കളിയും ചിരിയും ഖബറിലടങ്ങും...’ വി.ടി. മുരളി പാടി അനശ്വരമാക്കിയ ‘തേൻതുള്ളി’യിലെ ‘ഓത്തുപള്ളീലന്നു നമ്മൾ’ എന്നീ ഗാനങ്ങൾ സിനിമയിലെ മാപ്പിളപ്പാടുകൾക്കുള്ള ചില ഉദാഹരണങ്ങളാണ്.

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ‘പെരുമഴക്കാല’ത്തിലെ ‘മെഹ്റുബാ... മെഹ്റുബാ... ’ എന്ന ഗാനവും ‘ബെൻജോൺസണി’ലെ ‘സാഹിറാ... സാഹിറാ...’ എന്ന ഗാനവും ‘കടത്തനാടൻ അമ്പാടിയിലെ’ ‘നാളെയന്തിമയങ്ങുമ്പോൾ...’ ‘അമൃത’ത്തിലെ ഓ.. സൈനബാ... എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളാണ്.


 


പൂവച്ചൽ ഖാദർ,യൂസഫലി കേച്ചേരി

മാപ്പിളകലയുടെ അന്തസ്സ് വിളിച്ചോതുന്ന ശൈലികളും പ്രയോഗങ്ങളുമാണ് മാപ്പിളപ്പാട്ടുകൾക്ക് കിട്ടുന്ന സ്വീകാര്യതയും ആകർഷണീയതയും. ചില പ്രത്യേക വാക്കുകളും ​പ്രയോഗങ്ങളും അറബിയിൽനിന്നും മറ്റ് ഇതര ഭാഷകളിൽ നിന്നും കടമെടുത്ത ശൈലികളും കൂടി വരുമ്പോൾ മാപ്പിള ഗാനങ്ങൾ മറ്റ് പാടുകളിൽനിന്നും വ്യത്യസ്ത പുലർത്തുന്നു. ‘സുറുമയെഴുതിയ മിഴികൾ, കല്ലായിപ്പുഴ, മണവാട്ടി, ഖൽബ്, അസർമുല്ല, മുഹബ്ബത്ത്, മൈലാഞ്ചിച്ചോപ്പ്, പുതുക്കം, മണവാളൻ, കൽക്കണ്ടം, പുതുനാരി, ചേല്, മാരൻ, സുൽത്താൻ, ജന്നത്ത്’ എന്നീ പ്രയോഗങ്ങൾ ഉദാഹരണങ്ങൾ മാത്രം.

Tags:    
News Summary - Mappilapatt in Malayalam film songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.