പാട്ടെഴുത്തിന്‍റെ 40ാം വർഷത്തിലും ഷിബു ചക്രവർത്തിയുടെ തൂലിക പാടുകയാണ്. മലയാളത്തിന്‍റെ കഥാവൃക്ഷം ടി. പത്മനാഭന്റെ സാഹിത്യവും ജീവിതവും അഭ്രപാളിയിലേക്ക് ദൃശ്യപ്പെടുത്തുന്ന സുസ്മേഷ് ചന്ത്രോത്തിന്‍റെ ‘നളിനകാന്തി’ക്ക് വേണ്ടി. മലയാളിയുടെ പാട്ടോർമ്മകളിൽ ‘പാടം പൂത്ത കാല’വും ‘ദൂരെ കിഴക്ക് ദിക്കിൻ മാണിക്ക ചെമ്പഴുക്ക’യും ‘മനസ്സിൻ മടിയിലെ മാന്തളിരും’ സമ്മാനിച്ച ഷിബുവിന്‍റെ വരികളുടെ ഈണം ഇന്നുമുണ്ട്. അദ്ദേഹം പുതുതായി കുറിച്ചത് പോലെ കേൾവിയുടെ ഗൃഹാതുരമായ കാൻവാസിൽ എത്ര മായ്ച്ചാലും മായാത്ത, ഒരുപാട് വികാരങ്ങളുടെ നിറം കലർന്ന ഗാനചിത്രങ്ങളായി അവ തെളിഞ്ഞുനിൽക്കുന്നു. ’80കളുടെ മധ്യത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഹിറ്റ് ഗാനങ്ങൾ എഴുതിയ ഷിബു ചക്രവർത്തിയുടെ പേര് പോലെ തന്നെ വ്യത്യസ്തതമായിരുന്നു അദ്ദേഹത്തിന്‍റെ പാട്ടുകളും എഴുത്തിന്‍റെ ലോകവും. സിനിമക്ക് പാട്ട് മാത്രമല്ല കലയും കഥയും തിരക്കഥയുമെല്ലാം ഷിബു ഒരുക്കി. എണ്ണത്തിൽ കുറവെങ്കിലും എഴുതിയ ഗാനങ്ങളെല്ലാം ആ കാലം ഏറ്റുപാടി. ‘ഓർമ്മകൾ ഓടിക്കളിക്കുവാൻ എത്തുന്ന’, നാല് പതിറ്റാണ്ട് നീണ്ട ആ എഴുത്തുകാലത്തെയും ജീവിതത്തെയും കുറിച്ച് ഷിബു മനസ്സ് തുറക്കുന്നു...
ബാല്യത്തിന്‍റെ ഓർമകൾക്ക് കലയുടെയും സാഹിത്യത്തിന്‍റെയും ഗന്ധമുണ്ട്. മുത്തച്ഛൻ എരൂർ വാസുദേവ് കമ്യൂണിസ്റ്റ് നേതാവും നാടക കലാകാരനുമായിരുന്നു. എറണാകുളത്തെ ആദ്യ നാടക, സിനിമ ഔട്ട്ഡോർ പബ്ലിസിറ്റി സ്ഥാപനത്തിന്‍റെ ഉടമ പ്രവദ സുകുമാരൻ പിതൃസഹോരനാണ്. പാട്ടില്ലാത്ത അച്ഛനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. നാടക ഗാനങ്ങളെയും സൈഗാളിന്‍റെ പാട്ടുകളെയും ഒരുപാട് ഇഷ്ടത്തോടെ കൂടെ കൊണ്ടുനടന്ന ഒരാൾ. ജോലി കഴിഞ്ഞെത്തുന്ന സന്ധ്യാ സമയങ്ങളിൽ അച്ഛൻ ഞങ്ങൾ മക്കളുടെ കുഞ്ഞിക്കൈകൾ പിടിച്ച് മുറ്റത്തുകൂടി പാട്ടുപാടി നടക്കും. അപ്പോൾ എല്ലാ പേടിയും മാറും. അച്ഛൻ ഒരുപാട് കാലം സുഖമില്ലാതെ കിടന്നു. ഞാൻ ആ മുറിയുടെ വെളിയിൽ പോയി വെറുതെ ഇരിക്കും. ‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു’..., ‘ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും...’അച്ഛൻ മൂളിക്കൊണ്ടിരിക്കും. ആ ശബ്ദത്തിന് വല്ലാത്തൊരു വിഷാദഛായ ഉണ്ടായിരുന്നു. അവിടെ നിന്നൊക്കെയാകാം പാട്ടും എഴുത്തുമൊക്കെ എന്‍റെ മനസ്സിൽ കയറിയത്. അഞ്ചാം ക്ലാസ് മുതൽ പലതും എഴുതി. പിന്നീട് ചിത്രകഥകൾക്ക് സ്ക്രിപ്റ്റും കുട്ടികളുടെ മാസികകളിൽ കഥയുമെഴുതി.
കാസറ്റുകളുടെ കാലമായിരുന്നു അത്. എറണാകുളത്തെ എല്ലാ കെട്ടിടങ്ങളുടെയും ഗോവണിച്ചുവട്ടിൽ ഒരു കാസറ്റ് കടയുണ്ടാകും. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും ഞാനും ഗായത്രി അശോകും രഞ്ജിനി കാസറ്റ് ഉടമ ഉസ്മാനും അടങ്ങുന്ന സുഹൃദ്സംഘത്തിന് പാട്ടിനോട് ഭ്രാന്തമായ അഭിനിവേശമായിരുന്നു. എറണാകുളം എസ്.ആർ.എം റോഡിൽ അന്ന് ഡെന്നീസിന് പ്രസ്സുണ്ട്. അവിടെ വട്ടം കൂടി പാട്ടിനെക്കുറിച്ച് പറഞ്ഞും മേശപ്പുറത്ത് താളം പിടിച്ച് പാടിയുമാണ് ഞങ്ങൾ സമയം ചെലവഴിക്കുക. സിനിമാഗാനങ്ങളുടെ ഈണങ്ങൾ തിരിച്ചിട്ട് പാടും. അതിനനുസരിച്ച് ഞാൻ വരികളെഴുതും. യാത്രകളിലൊക്കെ ഞങ്ങൾ ഇങ്ങനെ നിരവധി പാട്ടുകളുണ്ടാക്കി.
ഒരിക്കൽ ‘വെളിച്ചമേ നയിച്ചാലും’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്‍റെ കമ്പോസിങ് നടക്കുന്നു. അതിന് വേണ്ടി എഴുതിയ ഗാനങ്ങൾ നോക്കാൻ എന്നെ ഏൽപ്പിച്ചു ഡെന്നീസ്. ‘ഇതൊക്കെ എന്ത്’ എന്ന എന്‍റെ മുഖത്തെ പുച്ഛഭാവം കണ്ടിട്ടാകാം നിനക്ക് ഇങ്ങനെയൊന്ന് എഴുതാമോ എന്ന് ഡെന്നീസിന്‍റെ വെല്ലുവിളി. ഇതിലും നന്നായി എഴുതാമെന്ന് ഞാൻ. അവിടെ കൂടിയവരെല്ലാം കേൾക്കെയാണ് അത് പറഞ്ഞത്. ഇനി എഴുതാതിരിക്കാനാവില്ല. വാശിയോടെ ഞാൻ കുറിച്ചു: ‘എന്‍റെ വിശ്വാസമാം പാറയിൽ നിന്‍റെ ദേവാലയം നീ പണിയൂ, നിത്യം മണിസ്വനം നിൻ വചനം, ഹൃത്തിൽ മുഴങ്ങുവാൻ നീ കനിയൂ..’. കോട്ടയം ജോയിയാണ് സംഗീതം. ആ വരികളുടെ ഈണം എന്നെ അത്ഭുതപ്പെടുത്തി. അതാണ് പുറത്തുവന്ന ആദ്യ ഗാനം. മറ്റുള്ളവക്കൊപ്പം ട്യൂണിനനുസരിച്ച് ഞാൻ എഴുതിയ പാട്ടുകളും ആ കാസറ്റിൽ ഉൾപ്പെടുത്തി.
രഞ്ജിനി കാസറ്റ് സ്വന്തമായി പാട്ടുകളിറക്കാൻ തീരുമാനിക്കുന്നു. ഏത് തരം പാട്ട് വേണം. സിനിമാ പാട്ടുകൾക്കാണ് ഡിമാൻഡ്. എന്തുകൊണ്ട് സിനിമാപ്പാട്ട് തന്നെ ഇറക്കിക്കൂടാ എന്ന് ഡെന്നീസ്. അതിന് സിനിമ എവിടെ എന്ന് ചോദ്യത്തിന് കേൾക്കുന്ന എല്ലാ പാട്ടും സിനിമയിൽ വന്നതാണോ എന്നും സിനിമ ഇറങ്ങാതെ ഹിറ്റായ പാട്ടുകളുമില്ലേ എന്നുമായി ഡെന്നീസിന്‍റെ മറുചോദ്യം. അല്ലിമലർക്കാവ്, പ്രേമകഥകൾ എന്നിങ്ങനെ രണ്ട് സിനിമകൾ വെറുതെ പ്രഖ്യാപിച്ചു. ഒരിക്കലും ചിത്രീകരിക്കാൻ ഉദ്ദേശ്യമില്ലാത്ത സിനിമകൾ. ഞാൻ എഴുതിയ പാട്ടുകൾ ആ സിനിമകളുടേതായി രഞ്ജിനി കാസറ്റ് പുറത്തിറക്കി. അങ്ങനെ, ഇല്ലാത്ത സിനിമക്കായി പാട്ടുകളെഴുതിയാണ് ഈ രംഗത്തേക്കുള്ള വരവ്. ആ പരീക്ഷണം വിജയമായിരുന്നു. നേരമ്പോക്കിനായി ഞങ്ങൾ ഒരുക്കിവെച്ച പാട്ടുകളിൽ നിന്ന് തെരഞ്ഞെടുത്തവ പിന്നീട് ഓണപ്പാട്ടുകളായി പുറത്തിറക്കിയപ്പോഴും ജനം സ്വീകരിച്ചു.
പ്രമുഖ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്കായി കുറേ ജിംഗിളുകൾ എഴുതി. പിന്നീടാണ് പാട്ടെഴുത്തിലെത്തിയത്. സംഗീത സംവിധായകർ ഒരുക്കുന്ന ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നതായിരുന്നു എന്‍റെ രീതി. കവികളല്ലാത്തവർ പാട്ടെഴുതുന്നു എന്ന് ആക്ഷേപം വന്നപ്പോൾ ഒരിക്കലും കവിത എഴുതുന്നില്ലെന്ന് തീരുമാനിച്ചു. ഞാൻ എഴുതുന്നതൊന്നും കവിതയല്ല. ഇതുവരെ അച്ചടിക്കാനായി ഒന്നും നൽകിയിട്ടില്ല. പാട്ടെഴുത്ത് അത്ര നിലവാരമുള്ള പരിപാടിയായി തോന്നിയിട്ടുമില്ല. അതൊരു അപ്ലൈഡ് ആർട്ടാണ്. പക്ഷേ, പാട്ടിൽ കാവ്യാംശം വേണം. എഴുത്തിലേക്ക് കടന്നപ്പോൾ ഒളിച്ചിരിക്കാൻ ഒരു പേര് വേണമെന്ന് തോന്നി. മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനായിരുന്നു അത്. ആയിടക്കാണ് രവീന്ദ്രനാഥ ടാഗോറിന്‍റെ ‘ദ ഹോം കമിങ്’ എന്ന കഥ വായിച്ചത്. ബംഗാളിലെ ഉൾഗ്രാമത്തിൽ നിന്ന് കൊൽക്കത്തയിൽ പഠിക്കാനെത്തി നഗരജീവിതത്തോട് പൊരുത്തപ്പെടാനാകാതെ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ഒടുവിൽ ന്യൂമോണിയ ബാധിച്ച് മരിച്ചുപോയ ഫാതിക് ചക്രവർത്തി എന്ന യുവാവിന്‍റെ കഥ ഏറെ സ്വാധീനിച്ചു. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു ജീവിതം. കോളജ് കാലം വരെ ഞാനും അന്തർമുഖനായിരുന്നു. മാനസികമായി അത്രമേൽ ഐക്യപ്പെട്ട ആ കഥാപാത്രത്തെ എന്‍റെ പേരിനൊപ്പം ചേർത്തുവെച്ചു. അങ്ങനെ ഷിബു ‘ചക്രവർത്തി’യായി.
പാട്ടെഴുതിയ ആദ്യ സിനിമ സാജന്‍റെ സംവിധാനത്തിൽ 1985ൽ പുറത്തുവന്ന ‘ഉപഹാര’മായിരുന്നു. ജോൺസണായിരുന്നു സംഗീതം. തുടർന്ന് തിരക്കേറി. ജോഷിയുടെയും പ്രിയദർശന്‍റെയും ചിത്രങ്ങളായിരുന്നു ഏറെയും. ഔസേപ്പച്ചനാണ് കൂടുതൽ ഗാനങ്ങൾക്കും ഈണമിട്ടത്. ദൂരെ മാമലയിൽ (വീണ്ടും), ചെല്ലച്ചെറു വീട് തരാം (ന്യായവിധി), പൂന്തെന്നലേ നീ (സായംസന്ധ്യ), വിണ്ണിലെ ഗന്ധർവ വീണകൾ (രാജാവിന്‍റെ മകൻ), പൂങ്കാറ്റേ പോയി ചൊല്ലാമോ, ചെമ്പരത്തിപ്പൂവേ ചൊല്ല് (ശ്യാമ), പൂക്കൈത പൂക്കുന്ന (ജനുവരി ഒരു ഓർമ്മ), ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു), ഒരുകിളി ഇരുകിളി മുക്കിളി (മനു അങ്കിൾ), ഈറൻ മേഘം പൂവും കൊണ്ട്, പാടം പൂത്ത കാലം (ചിത്രം), രാവിൽ പൂന്തേൻ (നാടുവാഴികൾ), അന്തിപ്പൊൻ വെട്ടം (വന്ദനം), പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം (നമ്പർ 20 മദ്രാസ് മെയിൽ), തുമ്പിപ്പെണ്ണേ വാവാ (ധ്രുവം), മനസ്സിൻ മടിയിലെ മാന്തളിരിൽ (മാനത്തെ വെള്ളിത്തേര്), മഴ പെയ്ത് മാനം (ഒരു അഭിഭാഷകന്‍റെ കേസ് ഡയറി), കിനാവിലെ ജനാലകൾ (പ്രാഞ്ചിയേട്ടൻ)...തുടങ്ങി ‘പവി കെയർ ടേക്കർ’ വരെ നൂറോളം ചിത്രങ്ങളിലായി മുന്നൂറോളം ഗാനങ്ങൾ. 99 ശതമാനവും ട്യൂണിട്ട ശേഷം എഴുതിയവയാണ്. ഏതാനും ആൽബങ്ങൾക്കായും പാട്ടുകളെഴുതി. അഥർവ്വം, മനു അങ്കിൾ, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓർക്കാപ്പുറത്ത്, അഭയം, ഡോൺ ബോസ്കോ തുടങ്ങി 20ഓളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. മീഡിയ വൺ, കൈരളി, അമൃത ചാനലുകളിൽ പ്രോഗ്രാം ഹെഡായും പ്രവർത്തിച്ചു. അക്കാലത്ത് വാണിജ്യ സിനിമകൾ അവാർഡുകൾക്ക് അയച്ചിരുന്നില്ല. അതുകൊണ്ട്തന്നെ എന്‍റെ പാട്ടുകൾ അവാർഡിന് പരിഗണിക്കപ്പെട്ടില്ല. അംഗീകാരങ്ങൾ കിട്ടാത്തതിൽ സങ്കടം തോന്നിയിട്ടുമില്ല.
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ ‘ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു’ ആസ്വാദകർ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത പാട്ടാണ്. ഒരു തർക്കത്തിനൊടുവിൽ രണ്ടായി പിരിയേണ്ടിവന്ന കഥ അതിന് പറയാനുണ്ട്. ചിത്രത്തിൽ ശ്രീനിവാസൻ ചെയ്ത വേഷമാണ് ആദ്യം മോഹൻലാലിന് നിശ്ചയിച്ചിരുന്നത്. സഹോദരിയുമായുള്ള ആ കഥാപാത്രത്തിന്‍റെ വാത്സല്യമൂറുന്ന ആത്മബന്ധമായിരുന്നു പാട്ടിന്‍റെ സിറ്റുവേഷൻ. പല്ലവിക്ക് ശേഷം ആദ്യ ചരണത്തിനായി ‘കർക്കിടരാവിന്‍റെ കൽപ്പടവിൽ വന്ന് കാലം കടലാസ് തോണി കളിച്ചു, രാവ് വെളുക്കുവാൻ ചോരുന്ന കൂരയിൽ കൂനിയിരുന്നു ബാല്യം, ഇന്നും ഓർമകൾക്കെന്ത് ബാല്യം’ എന്നും രണ്ടാം ചരണമായി ‘എന്നനുജത്തിക്ക് പൂനിലാവിൽ നിന്ന് പൊന്നിൻ ഉടയാട തീർത്തെടുത്തു, വാനിടം നക്ഷത്ര വൈഡ്യൂര്യ രത്നത്താൽ മാല കൊരുക്കയല്ലേ, എന്‍റെ ഓമനക്കിന്ന് ചാർത്താൻ’ എന്നുമാണ് എഴുതിയത്. ഔസേപ്പച്ചൻ ഈണമിട്ട പാട്ട് എം.ജി. ശ്രീകുമാർ മനോഹരമായി പാടി. മദ്രാസിലെ റെക്കോർഡിങ് കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ ഒരുപാട് അഭിനന്ദിച്ചു. അതിരുവിട്ട ആ പ്രശംസയിൽ ചെറിയ പന്തികേട് തോന്നി. പിന്നാലെ പ്രിയൻ പറഞ്ഞു: ‘സിനിമയുടെ സ്ക്രിപ്റ്റിൽ ഒരു മാറ്റമുണ്ട്. പുതിയ സ്ക്രിപ്റ്റിൽ മോഹൻലാലിന് സഹോദരിയില്ല. കാമുകിയാണുള്ളത്. പാട്ട് മാറ്റിയെഴുതണം’. ഒരുപാട് ഇഷ്ടപ്പെട്ട് എഴുതിയതാണ്. പറ്റില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു. എന്നെ അനുനയിപ്പിക്കാൻ ഔസേപ്പച്ചനെ ഏൽപ്പിച്ചു. അദ്ദേഹം എന്നെയും കൂട്ടി മറീന ബീച്ചിലെത്തി. ഔസേപ്പച്ചൻ പറയുന്നതൊന്നും ഞാൻ കേൾക്കാൻ തയാറായിരുന്നില്ല. നിർബന്ധം മുറുകിയപ്പോൾ മനസ്സില്ലാ മനസ്സോടെ എനിക്ക് വഴങ്ങേണ്ടി വന്നു. തീരത്തടിഞ്ഞ ഒരു മരത്തടിയിലിരുന്ന് ഞാൻ പുതിയ വരികൾ പറഞ്ഞുകൊടുത്തു. ആദ്യ ചരണം ‘നിന്നെയണിയിക്കാൻ താമര നൂലിനാൽ ഞാനൊരു പൂത്താലി തീർത്തുവെച്ചു, നീ വരുവോളം വാടാതിരിക്കുവാൻ ഞാനെടുത്തുവെച്ചു, എന്‍റെ ഹൃത്തിൽ എടുത്തുവെച്ചു’ എന്നും രണ്ടാമത്തേത് ‘മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ്, പാവം പൂങ്കുയിൽ മാത്രമായി, പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്‍റെ ഈണം മറന്നുപോയി, അവൻ പാടാൻ മറന്നുപോയി’ എന്നും മാറ്റിയെഴുതി. രണ്ടാമതെഴുതിയതാണ് സിനിമയിൽ വന്നത്. ആദ്യത്തേത് കാസറ്റിൽ ഉൾപ്പെടുത്തി.
ഒരു അഭിഭാഷകന്‍റെ കേസ് ഡയറിയിലെ എല്ലാ പാട്ടുകളുടെയും റെക്കോർഡിങ് പൂർത്തിയാക്കി മദ്രാസിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ഒരു പാട്ട് കൂടി വേണമെന്ന് പറയുന്നത്. എനിക്ക് അത്യാവശ്യമായി നാട്ടിൽ എത്തേണ്ടതുണ്ട്. ഇനിയും അവിടെ തങ്ങാനാവില്ല. കാര്യം പറഞ്ഞിട്ടും സ്വാമി വിടുന്നില്ല. ഒടുവിൽ സംഗീത സംവിധായകൻ രവീന്ദ്രൻ ഇടപെട്ടു. ‘നീ വരികൾ എഴുതിത്തന്ന് മടങ്ങിക്കോളൂ, ബാക്കി ഞാൻ ഏറ്റു’ എന്ന് പറഞ്ഞു രവീന്ദ്രൻ. അങ്ങനെ എഴുതിയതാണ് ‘മഴ പെയ്ത് മാനം തെളിഞ്ഞ നേരം’ എന്ന പാട്ട്. ഹൃദയത്തിൽ തൊടുന്ന ഈണം. അങ്ങേയറ്റം ഭാവ തീവ്രതയോടെ യേശുദാസ് ആലപിച്ചു. പക്ഷേ, പാട്ടിന് സിനിമയിൽ ഇടം ലഭിച്ചില്ല. ‘ചിത്രം’ സിനിമയിലെ ഗാനങ്ങൾ ഇറങ്ങിയപ്പോൾ എറണാകുളത്തെ വീട്ടിലേക്ക് അഭിനന്ദനക്കത്തുകളുടെ പ്രവാഹമായിരുന്നു.
പി. ഭാസ്കരനാണ് എന്നെ പാട്ടെഴുത്തിൽ ഏറെ സ്വധീനിച്ചയാൾ. ഭാസ്കരൻ മാഷില്ലായിരുന്നെങ്കിൽ ഒരു പാട്ട് പോലും എഴുതില്ലായിരുന്നു. അദ്ദേഹത്തിന്‍റെ പാട്ടുകൾ കേൾക്കുമ്പോൾ എഴുതാൻ സുഖമാണെന്ന് നമുക്ക് തോന്നും. പക്ഷേ, ഒരിക്കലും അങ്ങനെയായിരുന്നില്ല. മണ്ണിന്‍റെ മണമുള്ളതായിരുന്നു ആ വരികൾ. ദേവരാജൻ മാഷിനൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിൽ നഷ്ടബോധമുണ്ട്. പെട്ടെന്ന് ദേഷ്യപ്പെടുന്ന, പരുഷമായി പെരുമാറുന്നയാളാണ് ദേവരാജൻ മാഷ് എന്നാണ് ചെറുപ്പകാലം മുതൽ കേട്ടിട്ടുള്ളത്. അങ്ങനെയൊരു ചിത്രമായിരുന്നു മനസ്സിലുണ്ടായിരുന്നതും. ചാനലിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തെ അടുത്തറിയാൻ അവസരം ലഭിച്ചത്. തമാശകൾ പറയുന്ന, നമ്മളെക്കുറിച്ചെല്ലാം കരുതലുള്ള, സ്നേഹത്തോടെ പെരുമാറുന്നയളാണ് എന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. മാക്ടയുടെ പരമവിശിഷ്ടാംഗത്വം നൽകാനുള്ള തീരുമാനം അറിയിക്കാൻ ദേവരാജൻ മാഷിനെ വിളിച്ചപ്പോൾ തനിക്ക് മുമ്പേ വന്ന ദക്ഷിണാമൂർത്തിക്ക് അത് നൽകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം.
‘ന്യായവിധി’ സിനിമക്ക് വേണ്ടി അർജുനൻ മാഷിനൊപ്പം പ്രവർത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. എഴുതിയ പാട്ടിന് ട്യൂണിടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. സാഹിത്യം എവിടെ എന്നാണ് ആദ്യം ചോദിച്ചത്. മാഷ് ഇടുന്ന ട്യൂണിനനുസരിച്ച് ഞാൻ എഴുതാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനത്ര താൽപര്യമുണ്ടായിരുന്നില്ല. നന്നായില്ലെങ്കിൽ മാറ്റിയെഴുതാം എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. അങ്ങനെ മാഷ് ഇഷ്ടമില്ലാതെ ചെയ്ത ട്യൂണിലാണ് ചിത്ര പാടിയ ‘ചെല്ലച്ചെറു വീട് തരാം..’എഴുതിയത്. പക്ഷേ, റെക്കോർഡിങ് കഴിഞ്ഞ് കേട്ടപ്പോൾ അദ്ദേഹത്തിന് പാട്ട് ഇഷ്ടമായി.
പുതിയ പാട്ടുകൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. റഫീക്ക് അഹമ്മദിനെ പോലുള്ളവരുടെ പല പാട്ടുകളും പഴയവയോട് കിടപിടിക്കുന്നതാണ്. പക്ഷേ ഏറ്റെടുക്കാൻ കേൾവിക്കാരില്ല എന്നതാണ് പ്രശ്നം. വിരസതയകറ്റാനാണ് മുമ്പ് പാട്ട് കേട്ടിരുന്നത്. എന്തും കണ്ടും കേട്ടും സമയം കളയാൻ മൊബൈൽ ഫോൺ ഉള്ളതിനാൽ ഇപ്പോൾ ആർക്കും വിരസതയില്ല. ഓർമ്മ എന്നാൽ നമ്മുടെ തലച്ചോറിന്‍റെ ഹാർഡ് ഡിസ്കിലുള്ളത് എടുത്ത് നോക്കി തിരിച്ചുവെക്കലാണ്. അങ്ങനെ എടുത്തുനോക്കലും തിരിച്ചുവെക്കലും ഒന്നും ഇപ്പോൾ ഇല്ല. പാട്ടുകളുടെ ഗുണനിലവാരത്തിലുണ്ടായ മാറ്റം എന്ന് പറയുന്നത് തലമുറകളുടെ അഭിരുചികളിൽ വന്ന മാറ്റം കൂടിയാണ്. അതിനെ കുറ്റം പറയുന്നതിൽ കാര്യമില്ല.
‘നളിനകാന്തി’ക്ക് വേണ്ടി ഷിബു ഇങ്ങനെ എഴുതിയത് ടി. പത്മനാഭന്റെ കഥകളുടെ സുദീർഘമായ വായനാനുഭവത്തിൽ നിന്നാണ്. എഴുത്തുകാരൻ മറഞ്ഞാലും അയാളുടെ സൃഷ്ടികൾ കാലാതിവർത്തിയായി നിലനിൽക്കും എന്ന് സൂചിപ്പിക്കുന്ന വരികൾ. ഷിബു ചക്രവർത്തി മലയാളത്തിന് നൽകിയതും മറവി കവർന്നെടുക്കാത്ത കുറേ നല്ല ഗാനങ്ങളാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. അവ ഇപ്പോഴും നമ്മുടെ ഹൃദയ ‘തീരത്തെ പുൽകി പുണർന്നു നിൽക്കു’ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.