പ്രവീൺ ശർമ, ആശ, ആനന്ദ്

സംഗീതം ത്രിമധുരം

കർണാടക സംഗീതവേദികളിൽ സ്വരവും താളവുമായി തുടങ്ങിയ കൂട്ടുകെട്ടായിരുന്നു ആശയുടെയും പ്രവീണിന്റെയും. ജീവിതത്തിലും ആ കൂട്ടുകെട്ട് അവർ തുടർന്നു. മൃദംഗവിദ്വാനായി മുഖത്തല പ്രവീൺ ശർമയും സോപാന സംഗീതജ്ഞയായി ആശയും സംഗീതലോകത്ത് പേരെടുത്തപ്പോൾ ആ ജീവിതത്തിന് സ്വരമാധുര്യം പകർന്ന് മകൻ ആനന്ദ് ഭൈരവ് ശർമ എത്തിയതോടെ ബഹുമുഖ പ്രതിഭാ സംഗമസ്ഥാനമായി ആ കുടുംബം. അക്ഷരാർഥത്തിൽ ഓരോ ശ്വാസത്തിലും സംഗീതം നിറഞ്ഞുനിൽക്കുന്ന ഒരു സംഗീതകുടുംബം

2023, സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവം എറണാകുളം ജില്ലയിലെ കാലടിയിൽ നടക്കുന്നു. മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതി​നിടെയായിരുന്നു പ്രശസ്ത വയലിൻ വിദ്വാനും ഗുരുവുമായ ബി. ശശികുമാറിന്റെ മരണവാർത്ത ആനന്ദിനെ തേടിയെത്തുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന രണ്ടു മത്സരങ്ങളിൽകൂടി പ​ങ്കെടുക്കണം. എന്നാൽ, അതിനെ ചിന്തയിൽനിന്ന് മാറ്റിനിർത്തി കാലടിയിൽനിന്ന് ആനന്ദും മാതാപിതാക്കളും തിരുവനന്തപുരത്തെത്തി.

ഗുരുനാഥനെ കണ്ട് അന്ത്യോപചാരം അർപ്പിച്ചു. ശേഷം തിരിച്ച് കാലടിയിലേക്ക്. ബാക്കിയുണ്ടായിരുന്ന രണ്ടുമത്സരങ്ങളിലും പ​​​ങ്കെടുത്തു. ബി. ശശികുമാറിനുള്ള ഗുരുദക്ഷിണയായി ആനന്ദ് തന്റെ വയലിനെടുത്ത് ബിലഹരി രാഗത്തിൽ ‘ദൊരഗുണ...’ വായിച്ചുതീർത്തു.


ഓടക്കുഴൽ മത്സരത്തിലും പ​ങ്കെടുത്തു. രണ്ടിലും ഒന്നാംസ്ഥാനം. ആനന്ദ് ഭൈരവ് ശർമ, കർണാടക സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും വാദ്യോപകരണങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന പ്രതിഭ. അച്ഛൻ, മുഖത്തല തെക്കേടത്ത് ഇല്ലത്ത് ​മുഖത്തല പ്രവീൺ ശർമ. അമ്മ, വായ്പാട്ട് സോപാന സംഗീത ഉപാസക ആശ.

ചെറുപ്പം മുതൽ മാതാപിതാക്കളിൽനിന്ന് സംഗീത ബാലപാഠങ്ങൾ പഠിച്ചു ആനന്ദ്. ഇപ്പോൾ പത്തിലധികം വാദ്യോപകരണങ്ങൾ അനായാസേന ആനന്ദ് കൈകാര്യം ചെയ്യും. സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരവും ഈ മിടുക്കനെ തേടിയെത്തി. കൊല്ലം പേരൂർ ശ്രീ മീനാക്ഷി ദേവസ്വം (എസ്​.എം.ഡി) പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ആനന്ദ്.


കുടുംബ കച്ചേരി

അച്ഛനും അമ്മയും മകനും അടങ്ങുന്ന സംഗീത കുടുംബം. പ്രവീൺ ശർമ പ്രശസ്ത മൃദംഗവിദ്വാൻ. കലാമണ്ഡലത്തിൽ മൃദംഗം അധ്യാപകനായി. മൃദംഗം ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും ഒന്നാം റാങ്ക് നേടിയായിരുന്നു പ്രവീണിന്റെ പഠനം. ആകാശവാണിയിൽ ‘എഗ്രേഡ്’ ആര്‍ട്ടിസ്റ്റും കൂടിയാണ് പ്രവീണ്‍ ശര്‍മ. നിരവധി പുരസ്കാരങ്ങൾ ഇതിനകംതന്നെ പ്രവീൺ ശർമയെ തേടിയെത്തി.


ആശാ പ്രവീൺ സംഗീത അധ്യാപികയും സോപാന സംഗീതജ്ഞയുമാണ്. സോപാനസംഗീതം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സ്കോളർഷിപ്പോടെ പഠിച്ചയാളാണ് ആശ. കാവാലം നാരായണപണിക്കരുടെ അക്കാദമിയിലായിരുന്നു പഠനം. തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജില്‍ സംഗീതത്തില്‍ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അതിനിടെയായിരുന്നു സോപാന സംഗീത പഠനം.

പഠനം പൂർത്തിയാക്കിയശേഷം തുടർന്ന് പരിശീലനവും നടത്തി​േപ്പാരുന്നു. തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജില്‍ ആശയുടെ സീനിയറായിരുന്നു പ്രവീണ്‍ ശര്‍മ. കോളജിൽ പഠിക്കുമ്പോഴാണ് പ്രവീണും ആശയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. പ്രവീണി​ന് ഏറ്റവും ഇഷ്ടപ്പെട്ട രാഗമാണ് ആനന്ദഭൈരവി. അതിനാൽതന്നെ ജനിക്കുന്ന കുട്ടിക്ക് രാഗത്തിന്‍റെ പേര് നൽകണമെന്നായിരുന്നു ആഗ്രഹം.


അതുകൊണ്ടാണ് മകന് ആനന്ദ് ഭൈരവ് ശർമ എന്ന് പേരു നൽകിയത്. മാതാപിതാക്കളിൽനിന്ന് ലഭിച്ച സംഗീത ബാലപാഠങ്ങളാണ് ആനന്ദിനെയും സംഗീതരംഗത്തേക്ക് എത്തിച്ചത്. ചെറിയ പ്രായത്തിനുള്ളിൽ ശാസ്‌ത്രീയസംഗീതത്തിലും കർണാടക സംഗീതത്തിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആനന്ദിന് സാധിച്ചു.

16 വയസ്സിനുള്ളിൽ ആയിരം വേദികളിൽ വോക്കോ വയലിൻ വിസ്മയം തീർത്ത ആനന്ദിനെ തേടി ഉജ്ജ്വലബാല്യം പുരസ്കാരവുമെത്തി. വായ്‌പാട്ട്, പുല്ലാങ്കുഴൽ, വീണ, വയലിൻ, കീബോർഡ്, ഗിറ്റാർ, ഇടക്ക, ഗഞ്ചിറ, ഘടം, സിത്താർ, മെലോടിക്ക, മൃദംഗം തുടങ്ങി പത്തിലധികം വാദ്യോപകരണങ്ങൾ ആനന്ദ് വായിക്കും. വീണയിൽ അമ്മയാണ് ആദ്യ ഗുരു, മൃദംഗത്തിൽ അച്ഛനും.


മറ്റു വാദ്യോപകരണങ്ങളെല്ലാം സ്വന്തമായി പരിശീലിച്ച് പഠിച്ചെടുക്കുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം ഉൾപ്പെടെ എല്ലാ സംഗീതവും ആനന്ദ് ആലപിക്കും. 10 ആൽബങ്ങൾക്ക് സംഗീത സംവിധാനവും ആനന്ദ് നിർവഹിച്ചു. അച്ഛനും അമ്മയും മകനും ചേർന്നാണ് വേദികളിൽ കച്ചേരി അവതരിപ്പിക്കുക. ആദ്യം ആശയുടെ കച്ചേരിയിൽ ആനന്ദ് വയലിൻ വായിക്കുകയായിരുന്നു. പ്രവീൺ മൃദംഗം വായിക്കും.

ആശ സോപാനസംഗീതത്തിലേക്ക് തിരിഞ്ഞതോടെ ആനന്ദ് കച്ചേരി ഏറ്റെടുക്കുകയായിരുന്നു. വയലിനോടൊപ്പമാണ് ആനന്ദ് കച്ചേരി അവതരിപ്പിക്കുക. പാട്ടും വയലിനും ഒരുമിച്ച് വോക്കോ വയലിൻ. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ആനന്ദും കുടുംബവും കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു.


ആനന്ദ ഭൈരവി

വോക്കോ-വയലിനിസ്റ്റ്, ആയിരക്കണക്കിന് വേദികളിലെ ലൈവ് പെർഫോമൻസ്, വിവിധ സംഗീത ഉപകരണങ്ങൾ വായിക്കാനുള്ള കഴിവ്, സംഗീത സംവിധാനം-സംഗീത മേഖലയിലെ വിവിധ ഉയരങ്ങൾ കീഴടക്കുകയാണ് ആനന്ദ്. മൂന്നാം വയസ്സിൽ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ തുടങ്ങിയതാണ് സംഗീതയാത്ര.

അഞ്ചാം വയസ്സിൽ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ ഗസ്റ്റായി പാടി. നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് ആനന്ദ് ആദ്യമായി ഓടക്കുഴൽ വായിക്കുന്നത്. മാതാപിതാക്കളൊടൊപ്പം ആറാം വയസ്സുമുതൽ സംഗീതക്കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങുകയായിരുന്നു.


ഒമ്പതാം വയസ്സിൽ സ്വാതി തിരുനാൾ ചിട്ട​പ്പെടുത്തിയ നവരാത്രി കൃതികൾ പാടി പുറത്തിറക്കി. വേദങ്ങളും ഉപനിഷത്തുകളും ഭഗവദ്ഗീതയും രാമായണവും മഹാഭാരതവുമെല്ലാം അനായാസേന പാരായണം ചെയ്യും. മൂന്ന് വയസ്സ് മുതൽക്കേ ആനന്ദ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയിരുന്നു. ഊണിലും ഉറക്കത്തിലുമെല്ലാം ആനന്ദിന് സംഗീതം മാത്രമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സ്വരങ്ങൾ ഹൃദിസ്ഥമാക്കി കൃത്യമായി തന്നെ ആനന്ദ് പാടുമായിരുന്നു.

സോപാനസംഗീതത്തിൽ അമ്മ ആശയാണ് ഗുരു. ഇപ്പോൾ സിനിമ സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രനാണ് ആനന്ദിന്‍റെ സംഗീതത്തിലെ ഗുരു. അദ്ദേഹം ഒഴിവുസമയങ്ങളിൽ തിരുവനന്തപുരത്തെ തന്‍റെ തറവാട്ടിൽ എത്തുമ്പോഴാണ് ക്ലാസിനായുള്ള ക്ഷണം ആനന്ദിന് ലഭിക്കാറ്. ഒട്ടുമിക്ക വാദ്യങ്ങളും തിരുവനന്തപുരത്ത് നടക്കുന്ന ശലഭമേളയിൽ പങ്കെടുക്കാനാണ് ആദ്യമായി ആനന്ദ് പഠിച്ചുതുടങ്ങിയത്.

സംഗീത സംവിധാനം

14ാം വയസ്സിലാണ് ആനന്ദ് സംഗീത സംവിധായകന്റെ കുപ്പായം അണിയുന്നത്. തിരുവനന്തപുരം ശ്രീകാന്ത് എം. ഗിരിനാഥ് രചിച്ച ഓണപ്പാട്ടുകളാണ് സ്വന്തമായി സംഗീതോപകരണങ്ങൾ വായിച്ച് സംവിധാനം ചെയ്തത്. ചലച്ചിത്ര പിന്നണിഗായകരായ കാവാലം ശ്രീകുമാർ, മധു ബാലകൃഷ്ണൻ, സരിത രാജീവ്, സ്വരസാഗർ എന്നിവരാണ് ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സംഗീതസംവിധായകനും ആനന്ദിന്റെ ഗുരുവുമായ എം. ജയചന്ദ്രനാണ് പാട്ടുകളുടെ പ്രകാശനം നിർവഹിച്ചത്.

വിഘ്നേശ്വരാ വൃദ്ധികാരണാ... എന്നു തുടങ്ങുന്ന ഗണപതി സ്തുതി വാഗധീശ്വരീ രാഗത്തിലാണ് ആനന്ദ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണൻ ആലപിച്ച ‘ഉത്രാടപ്പുലരിയിൽ’ എന്ന ഗാനം കമാസ് രാഗത്തിലും സ്വരസാഗർ ആലപിച്ച ‘തൊടിയെല്ലാം വാടികളായി…’ എന്നു തുടങ്ങുന്ന ഗാനം ഹംസധ്വനിരാഗത്തിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഹരികാംബോജി രാഗത്തിൽ ‘തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്,’ ‘ഓണം വന്നേ പൊന്നോണം വന്നേ…’ എന്നീ രണ്ട് ഗാനങ്ങൾ ഈണം നൽകിയിട്ടുണ്ട്. ‘വിഘ്നേശ്വരാ വൃദ്ധികാരണാ വക്രതുണ്ഡ വിനായക...’ എന്ന ഗണേശ സ്തുതിയോടെയാണ് പാട്ടുകൾ ആരംഭിക്കുന്നത്.

പ്രതിഫലം അമ്മയിൽനിന്ന്

ചെറുപ്പം മുതൽതന്നെ ആനന്ദ് അമ്മയോടൊപ്പം സോപാനം പാടുന്ന ക്ഷേത്രങ്ങളിൽ പോകുമായിരുന്നു. പിന്നീട് അമ്മയോടൊപ്പം സോപാനത്തിൽ ഓടക്കുഴൽ വായിച്ചുതുടങ്ങി. ആദ്യമൊക്കെ ആനന്ദിന് അമ്മയോടൊപ്പം സോപാനം പാടാൻ പോകാൻ മടിയായിരുന്നു.

പിന്നീട് ആശയുടെയും ആനന്ദിന്‍റെയും ഗുരുവായിരുന്ന ബി. ശശികുമാറിന്‍റെ നിർദേശപ്രകാരമാണ് ആനന്ദിന് പാട്ടിന് പ്രതിഫലം നൽകിത്തുടങ്ങിയത്. അത് അവനൊരു പ്രോത്സാഹനമായിരുന്നു. പത്തുവർഷത്തിലേറെയായി ആനന്ദും അമ്മയും ഒരുമിച്ച് ക്ഷേത്രങ്ങളിലും വേദികളും സോപാനം അവതരിപ്പിക്കുന്നു. മൃദംഗവുമായി അച്ഛനും കൂടെയുണ്ട്.

ഏറെ പ്രിയം കർണാടക സംഗീതത്തോട്

2022ൽ സൂര്യ ഫെസ്റ്റിവലയിൽ ആനന്ദ് കച്ചേരി അവതരിപ്പിച്ചിരുന്നു. ഗുരുവായ എം. ജയചന്ദ്രൻ പരിചയപ്പെടുത്തിയതിനെ തുടർന്നാണ് സൂര്യ ഫെസ്റ്റിവലിൽ അവസരം ലഭിച്ചത്. പിന്നീട് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലും ആനന്ദ് കച്ചേരി അവതരിപ്പിച്ചു.

പാടാൻ കൂടുതൽ ഇഷ്ടം കർണാടക സംഗീതമാണെന്ന് ആനന്ദ് പറയുന്നു. രീതിഗൗള രാഗമാണ് ഏറെ ഇഷ്ടം. 72 മേളകർത്താരാഗങ്ങൾ ഹൃദിസ്ഥമാക്കി അതിൽ കൃതികൾ പഠിക്കുകയും സ്വരങ്ങളും രാഗങ്ങളും പാടുകയും ചെയ്യും ആനന്ദ്. അറിയപ്പെടുന്ന സംഗീതജ്ഞൻ ആകണമെന്നും പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷം സിനിമയിൽ പാടണമെന്നാണ് ആഗ്രഹമെന്നും ആനന്ദ് കൂട്ടിച്ചേർത്തു. കർണാടക സംഗീതത്തിൽ ബാലമുരളി കൃഷ്ണയാണ് ആനന്ദിന്റെ റോൾ മോഡൽ.

സോപാന സംഗീതം

യാദൃച്ഛികമായാണ് ആശക്ക് സോപാന സംഗീതം പഠിക്കാൻ അവസരം ലഭിക്കുന്നത്. സ്ത്രീകള്‍ അധികമൊന്നും കടന്നുചെന്നിട്ടില്ലാത്ത സംഗീത മേഖലയാണ് സോപാന സംഗീതം. അതുകൊണ്ടുതന്നെ ഇടയ്ക്ക കൊട്ടി ആശ പാടുമ്പോള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പലപ്പോഴും അത്ഭുതമാണ്.

വിദ്യാർഥിനിയായിരിക്കുമ്പോഴാണ് പുന്തലത്താഴത്ത് മഹാലക്ഷ്മി ക്ഷേത്രത്തിൽ സോപാനം ആലപിക്കാനുള്ള അവസരം ആശയെ തേടിയെത്തിയത്. ഉത്സവകാലമായതിനാൽ കലാകാരന്മാരെ കിട്ടാത്തതിനാൽ ക്ഷേത്രം മേല്‍ശാന്തികൂടിയായ പ്രവീണിന്‍റെ നിർബന്ധപ്രകാരം ആശ അരങ്ങേറ്റം നടത്തി. ഇടയ്ക്ക വായിക്കാൻ അറിയാത്തതിനാൽ ചേങ്ങില വായിച്ച് സോപാനം അവതരിപ്പിച്ചു. അതിനുശേഷം നിരവധി ക്ഷേത്രങ്ങളിൽ ആശ സോപാനം ആലപിച്ചുപോരുന്നു.

Tags:    
News Summary - music family-feature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.