പുണെ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞയും ‘കിരാന ഘരാന’ ശൈലിയുടെ മുൻനിരക്കാരിയുമായ ഡോ. പ്രഭ ആത്രെ (92) നിര്യാതയായി. സ്വവസതിയിൽ ഹൃദയാഘാതം മൂലമാണ് മരണം. പത്മവിഭൂഷണടക്കം മൂന്ന് പത്മ ബഹുമതികളും ലഭിച്ചിട്ടുണ്ട്. വിദേശത്തുള്ള അടുത്ത ബന്ധുക്കൾ എത്തിയശേഷമാകും സംസ്കാരം.
ശനിയാഴ്ച പരിപാടി അവതരിപ്പിക്കാനായി മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. 1932ൽ പുണെയിൽ ജനിച്ച ആത്രെ ഗായിക എന്നതിനൊപ്പം അക്കാദമികരംഗത്തും ഗവേഷക എന്നനിലയിലും പ്രശസ്തയാണ്. ശാസ്ത്ര, നിയമ ബിരുദങ്ങൾ നേടിയ ശേഷം സംഗീതത്തിൽ ഡോക്ടറേറ്റ് നേടി. 2022ലാണ് രാജ്യത്തെ രണ്ടാമത്തെ അത്യുന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിക്കുന്നത്.
ഉസ്താദ് റാഷിദ് ഖാന്റെ മരണത്തിന്റെ വേദന മാറും മുമ്പുള്ള ആത്രെയുടെ വിയോഗം ഹിന്ദുസ്ഥാനി സംഗീത ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഹിന്ദുസ്ഥാനിയിലെ ഖയാൽ, തുംരി, ദാദ്ര, ഭജൻ, ഗസൽ തുടങ്ങി സകല മേഖലകളിലും മികവു തെളിയിച്ച വ്യക്തിയായിരുന്നു ആത്രെ. വിപുലമായ ശിഷ്യസമ്പത്തുമുണ്ട്.
കലാപാരമ്പര്യമുള്ള കുടുംബങ്ങളിൽനിന്നുള്ളവർ സംഗീതലോകം അടക്കിവാഴുന്ന കാലത്താണ് അവർ താൽപര്യവും കഴിവും മാത്രം കൈമുതലാക്കി ഈ രംഗത്ത് സജീവമാകുന്നത്. ശാസ്ത്ര-നിയമ ബിരുദങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്കു പിന്നാലെ പോകാതിരുന്നത് വിശദീകരിക്കവെ, ‘തവളകളെ കീറിമുറിക്കുന്നതിലും ക്രിമിനലുകൾക്കു വേണ്ടി വാദിക്കുന്നതിലും നല്ലത് സംഗീതമാണെന്ന്’ അവർ പറയാറുണ്ടായിരുന്നു. കച്ചേരികളിലെ തന്മയത്വം കൊണ്ട് ‘സ്വര യോഗിണി’ എന്ന് പേരെടുത്തു. പാശ്ചാത്യരാജ്യങ്ങളിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതം എത്തിക്കുന്നതിൽ അവരുടെ കച്ചേരികൾ ചെറുതല്ലാത്ത പങ്കുവഹിച്ചു. സ്വന്തം നിലയിൽ രാഗങ്ങളും ക്രമീകരിച്ചു. അവിവാഹിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.