‘മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ.....

അപ്രതീക്ഷിതമായി പിറന്ന ഒ.എൻ.വി -  വെങ്കിടേഷ് - എം.ജി. ശ്രീകുമാർ- ചിത്ര ഹിറ്റ്

ലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നാണിത്. ‘മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ..... കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ...’. സിനിമ ‘തുടർക്കഥ’. എം.ജി. ശ്രീകുമാറും ചിത്രയും പാടിയ ആ പാട്ടിന് ഇന്നും ആരാധകരേറെ. പക്ഷെ, ഈ ഗാനം പിറന്നുവീണത് വളരെ അപ്രതീക്ഷിതമായിട്ടാണെന്ന് മാധ്യമപ്രവർത്തകനും റെക്കോഡ് ചെയ്ത പാട്ട് ആദ്യമായി കേട്ടവരിലൊരാളുമായ രവി മേനോൻ പറയുന്നു. തുടർക്കഥയിൽ നാലു ഗാനങ്ങളേ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നുള്ളൂ. ഡെന്നീസ് ജോസഫായിരുന്നു സംവിധായകൻ. നാലും ഹൃദയസ്പർശിയായ മെലഡികളായിരുന്നു. അളകാപുരിയിൽ അഴകിൻ വനിയിൽ, ആതിര വരവായി പൊന്നാതിര വരവായി, മഴവില്ലാടും മലയുടെ മുകളിൽ, ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും.... എം.ജി. ശ്രീകുമാറിന്റേയും ചിത്രയുടെയും ശബ്ദത്തിൽ അനശ്വരമായ ഗാനങ്ങൾ. ഒ.എൻ.വി ആയിരുന്നു ഗാനരചയിതാവ്. കമ്പോസിങ് കഴിഞ്ഞു. എല്ലാവരും എ.വി.എം സ്റ്റുഡിയോയിൽ വിശ്രമിക്കുന്നു. അപ്പോൾ ഡെന്നീസ് ജോസഫിനൊരാഗ്രഹം. ഗിറ്റാറിസ്റ്റ് വെങ്കിടേഷ് അടുത്തിരിക്കുകയാണ്. ഗിറ്റാറിൽ എന്തെങ്കിലും ഒന്ന് വായിക്കുമോ.ഗിറ്റാറിന്റെ ഉസ്താദാണ് വെങ്കിടേഷ്. വെങ്കിടേഷ് അവിടെയിരുന്ന് ഗിറ്റാറിൽ ഒരു പീസ് വായിച്ചു കേൾപ്പിക്കുന്നു. ഒരു ചെറിയ മ്യൂസിക്കൽ ബിറ്റ്. വെറുതെ ഒരു രസത്തിനുവേണ്ടി വായിച്ചതെങ്കിലും ആ സംഗീത ശകലം ഡെന്നീസിന്റെ മനസ്സിനെ തൊട്ടു. ഇതൊരു പാട്ടാക്കി മാറ്റി സിനിമയിൽ ഉപയോഗിക്കണം എന്ന് ആ നിമിഷം ഉറപ്പിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. പടത്തിലെ നാല് ഗാനങ്ങളും എഴുതിത്തീർത്ത ശേഷം ഒ.എൻ.വി നാട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുകയാണ്. എയർപോർട്ടിലേക്ക് പുറപ്പെടാൻ നിന്ന ഒ.എൻ.വിയെ കൊണ്ട് ഈണത്തിനനുസരിച്ച് ഒരു പല്ലവി എഴുതിവാങ്ങുകയായിരുന്നു. ആദ്യം മടിച്ച ഒ.എൻ.വി നിന്നനിൽപ്പിൽ തന്നെ ഈണം കേട്ട് രണ്ടു വരികൾ മൂളിക്കൊടുത്തു. ‘മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ..... കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ... ബാക്കി വരികൾ ഒ.എൻ.വി നാട്ടിലെത്തി ഫോണിൽ വിളിച്ചു പറയാം എന്ന വാഗ്ദാനവുമായി എയർപോർട്ടിലേക്ക് തിടുക്കത്തിൽ പോവുകയും ചെയ്തു. ബാക്കി വരികൾ ​പിന്നീടാണ് കിട്ടിയത്. ഒരേ സമയത്താണ് തുടർക്കഥയിലേയും കിലുക്കത്തിലേയും പാട്ടുകൾ റെക്കോഡ് ചെയ്തത്. തുടർക്കഥ റിലീസായത് 1991 ഏപ്രിലിൽ; കിലുക്കം ആഗസ്റ്റിലും. നിർഭാഗ്യവശാൽ ബിച്ചു തിരുമല-വെങ്കിടേഷ് കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു കിലുക്കത്തിൽ (കിലുകിൽ പമ്പരം, മീനവേനലിൽ, ഊട്ടിപ്പട്ടണം). ഗാനങ്ങളും സിനിമയും വൻഹിറ്റ്. ‘തുടർക്കഥ’ അത്ര ഹിറ്റായില്ലെങ്കിലും പാട്ടുകൾ ഹിറ്റായി. ‘മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ..... കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ...എന്ന ഗാനം ഇന്നും എം.ജിയുടെ അമരഗാനങ്ങളിലൊന്നായി നിലകൊള്ളുന്നു.

News Summary - Super Hit Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.