ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ കുറിച്ച് വഴിമാറി ചിന്തിക്കേണ്ടതുണ്ടോയെന്നതിന്റെ ആവശ്യകതയും ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ യഥാർഥ നിർവചനത്തെ കുറിച്ചും അതിൽ സ്ത്രീയുടെ ഇടത്തെ കുറിച്ചും അന്വേഷണം നടത്തുകയാണ് 'ബ്രേക്ക് ദി റൂൾസ്' (Break the rules) എന്ന ഹ്രസ്വചിത്രം. രാജ്യത്തെ നടുക്കുന്ന ക്രിമിനൽ കേസുകളിൽ പ്രതികൾക്കുവേണ്ടി വാദിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ വക്കീൽ ബി.എ. ശർമ്മയും ബലാത്സംഗകേസിൽ നിന്നും പരമാവധി ശിക്ഷ കുറച്ചുകൊണ്ട് അയാൾ രക്ഷപ്പെടുത്തിയ പ്രതിയായ വിജയ്യും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്നത്. പ്രണവ് ഏക തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രം നീസ്ട്രീം ഒ.ടി.ടിയിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
സാമൂഹികമായി സ്ത്രീകൾ അനുഭവിക്കുന്ന അസമത്വമെന്നൊ, ഇന്ത്യയിലെ ഏറെ അരക്ഷിതമായ സ്ത്രീകളുടെ ജീവിതമെന്നൊ,സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ നിയമവ്യവസ്‌ഥ കാണിക്കുന്ന ജാഗ്രതക്കുറവ് എന്നോ തുടങ്ങി പല അടരുകളായി കിടക്കുന്നു ഈചിത്രം. അതേസമയം തന്നെ ഏകീകൃതമായ സ്വഭാവവുമുണ്ട്. രാജ്യത്തെ പിടിച്ചുകുലുക്കിയ നിർഭയ കേസുമായി ഏറെ സാമ്യത നിലനിർത്തി കൊണ്ടാണ് കഥയും കഥാപാത്രങ്ങളും മുേമ്പാട്ട് പോകുന്നത്. ഒരു ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിന്‍റെ അന്നാണ് കഥ നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം ശർമ്മയും വിജയ്യും വീണ്ടും കണ്ടുമുട്ടുന്ന ദിവസം കൂടിയാണത്. ബലാത്സംഗവും കൊലപാതകവും നടത്തിയ വിജയ്, ഇരയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണെന്ന് ഉറപ്പിച്ചു പറയുന്ന സാഹചര്യവും കടന്നുവരുന്നുണ്ട്. അതിനുള്ള ന്യായീകരണമായി അയാൾ പറയുന്നത് പെൺകുട്ടി അവളുടെ കൂട്ടുകാരനോടൊപ്പം ചേർന്നിരുന്നു വിജയ്യെ പ്രലോഭിപ്പിച്ചു എന്നാണ്.
അതേ പ്രതിയാണ് കൃത്യം നടക്കുേമ്പാൾ പ്രായപൂർത്തിയായില്ല എന്ന പഴുതുപയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടിയെക്കാൾ നിയമപരിരക്ഷയോടെ പുറത്തിറങ്ങി ജീവിക്കുന്നത്. കുറ്റവാളിയായ അവനെ മൈനർ ആക്കി മാറ്റി ശിക്ഷ പരമാവധി കുറച്ചു മേടിച്ചുകൊടുത്തത് ശർമ്മയാണ്. അതേസമയം, ഇത്തരം നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അതേ പ്രതിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്നുണ്ട്. അങ്ങനെ പറയാൻ/ചിന്തിക്കാൻ തക്ക അനുഭവങ്ങൾ പ്രതിയുടെ ജീവിതത്തിൽ ഉണ്ടാകുന്നതുകൊണ്ടാണത്.
ജനക്ഷേമരാഷ്ട്രം എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്‍റെ അർഥം. എന്നാൽ, ഇവിടെ ഇന്ത്യ പൊലൊരു രാജ്യത്ത് അതിൽ സ്ത്രീയുടെ ഇടം എവിടെയെന്ന് കൂടിയുള്ള ചോദ്യത്തിലേക്ക് നയിച്ചുകൊണ്ട് തന്നെയാണ് 'ബ്രേക്ക് ദി റൂൾസ്' അവസാനിപ്പിക്കുന്നത്. സുനിൽ സുഗതയാണ് ബി.എ. ശർമ്മയായി എത്തിയിരിക്കുന്നത്. വിജയ് ആയി അഭിനയിക്കുന്നത് സംവിധായകനും എഴുത്തുകാരനുമായ പ്രണവ് ഏക തന്നെയാണ്. ഉമ കുമാരപുരത്തിന്‍റെ ഛായാഗ്രഹണം, പ്രേംസായിയുടെ എഡിറ്റിങ്, ഷിയാദ് കബീറിന്‍റെ സംഗീതം എന്നിവയും മികച്ചുനിന്നു. ഭാഗ്യലക്ഷ്മി എസ്.ബി,പാർവതി മോഹൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കലാസംവിധാനം-അനൂപ് കെ. ബേബി, വസ്ത്രാലങ്കാരം-സുജേഷ് താനൂർ, മേക്കപ്പ്-റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജൻ എസ്. കല്ലായി, പ്രൊഡക്ഷൻ കൺട്രോളർ-വിപിൻ വർഗീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.