'നക്​സൽ രമേശൻ'; കൂട്ടുകാർ ചേർന്നെടുത്ത കുഞ്ഞു ചിത്രം

സ്കൂളിൽ പഠിക്കുന്ന കാലത്തേ സിനിമ സ്വപ്നംകണ്ടു നടക്കുന്ന കൂട്ടുകാരനെ ചേർത്തുപിടിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ. സ്വപ്നങ്ങൾ പങ്കുവെച്ചും കഥ പറഞ്ഞും നടക്കുമ്പോൾ അവർ ചോദിച്ചു; നമുക്കൊരു സിനിമ പിടിച്ചാലോ? ഈ ചോദ്യത്തിൽനിന്നാണ് 'നക്സല്‍ രമേശന്‍' എന്ന കുഞ്ഞുസിനിമ ജനിക്കുന്നത്. ജിബിൻ നാരായണനുമാത്രമല്ല, തോൾചേർന്നു നടന്ന കൂട്ടുകാർക്കും ഇത് സ്വപ്നസാക്ഷാത്​കാരം.

മലപ്പുറം മഞ്ചേരിക്കടുത്ത പന്തലൂരിൽ തെക്കുമ്പാട് ഗ്രാമത്തിൽ ഡ്രൈവർ നാരായണ​െൻറയും ഗായികകൂടിയായ അംഗൻവാടി ഹെൽപർ ശശിതയുടെയും മകനാണ് ജിബിൻ. സ്വന്തം താൽപര്യത്തിനൊപ്പം കൂട്ടുകാരുടെ നിർബന്ധംകൂടിയായപ്പോൾ കൊച്ചി ലൂമിനർ ഫിലിം അക്കാദമിയിൽ ജിബിൻ എഡിറ്റിങ്​ പഠിക്കാൻ ചേർന്നു. ചലച്ചിത്ര സംവിധാനവും പഠനത്തി​െൻറ ഭാഗമാണ്. അതിനിടെയാണ് കോവിഡി​െൻറ വരവ്. ഇൻസ്​റ്റിറ്റ്യൂട്ട് അടച്ചതോടെ കോഴ്സ് മുടങ്ങി. പിന്നീട് എഡിറ്റിങ്ങും ഫോട്ടോഗ്രഫിയും പഠിക്കാൻ മറ്റൊരു ഇൻസ്​റ്റിറ്റ്യൂട്ടിൽ ചേർന്നു. പഠനം പൂർണമായും നിലച്ച് നാട്ടിലെത്തിയതോടെയാണ് കൂട്ടുകാർ സിനിമയെടുക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നത്. നക്സൽ രമേശ​െൻറ ആശയം പറഞ്ഞത് ജിബിൻ തന്നെ. ചർച്ചയിൽ കൂട്ടുകാർ കഥ സ്ക്രിപ്റ്റാക്കി വികസിപ്പിച്ചു. കൂട്ടുകാരൻ ജുനൈദ് ജ്യേഷ്ഠ​െൻറ കാമറ കടം വാങ്ങി. ഛായാഗ്രഹണവും എഡിറ്റിങ്ങും ഏറ്റെടുത്തു. ഡ്രോണും കളറിങ്ങും അനിരുദ്ധ്, മേക്കപ്പ്, ലൈറ്റ്: ഷിജേഷ്, സായൂജും സലിമും ചേർന്ന് പോസ്​റ്റർ.


അധ്യാപകനായ നിജിലാണ് രമേശനായി അഭിനയിക്കുന്നത്. തയ്യൽക്കാരനായ ജനാർദന​െൻറയും ഹേമമാലിനിയുടെയും മകനാണ്. പ്രശസ്​ത നടൻ മണികണ്​ഠൻ പട്ടാമ്പിയുടെ സഹോദരിപുത്രൻ. ഓട്ടോഡ്രൈവർ കാരാടൻ ഉമ്മറി​െൻറയും ശംഷിയയുടെയും മകനാണ് ജുനൈദ്. വിശ്വാസ്, ബിബിന്‍, അരുണ്‍, മിഥുന്‍, പ്രണവ്,ഹര്‍ഷദ്, ഷിജേഷ്, അക്ഷയ്, സുശീല, വിഷ്ണു, മധു, ആദില്‍, ജിഷ്ണു എന്നിവരും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അഭിനയിക്കുന്നവരും അണിയറ പ്രവർത്തകരും അയൽക്കാരോ സ്കൂളുകളിൽ ഒരുമിച്ച് പഠിച്ചവരോ ആണ്.

രമേശൻ നക്​സലാണോ?

ആചാരംപോലെ വരുന്ന തെരഞ്ഞെടുപ്പുകൾക്കപ്പുറം രാഷ്​ട്രീയബോധമില്ലാത്ത നാട്ടിന്‍പുറത്ത് പാർട്ടി ഒാഫിസിനെതിരെയുള്ള ചുമരിൽ ഒരു നക്സല്‍ അനുകൂല പോസ്​റ്റര്‍ പ്രത്യക്ഷപ്പെടുന്നതും ചില സംശയങ്ങളുടെമേല്‍ സമൂഹം ഒരാള്‍ക്കു നേരെ കുറ്റമാരോപിക്കുന്നതും നിയമവും നിയമപാലകരും അതിനൊപ്പം ചേര്‍ന്ന്

രമേശനെന്ന ചെറുപ്പക്കാരനെ അറസ്​റ്റ്​ ചെയ്യുന്നതുമാണ് നക്സല്‍ രമേശ​െൻറ ഇതിവൃത്തം. ഒരു സംഭവത്തെ സമൂഹം രണ്ടു രീതിയിൽ വായിച്ചെടുക്കുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതും ലളിതമായി ചിത്രത്തിൽ ആവിഷ്കരിക്കുന്നു.

''സ്നേഹമാണ് നി​െൻറ രാഷ്​ട്രീയമെങ്കില്‍ നീയാണ് ഈ നാടി​െൻറ ഏറ്റവും വലിയ ശത്രു'' എന്ന് 'നക്സല്‍ രമേശൻ' പറഞ്ഞുവെക്കുന്നു. മനോഹരമായ ചിത്രീകരണവും ടെയിൽഎൻഡുമടക്കം, ഒരു 'മുതിർന്ന' സിനിമക്കു വേണ്ട എല്ലാ ലക്ഷണങ്ങളും ഏറക്കുറെ ഒത്തിണങ്ങിയതാണ് എട്ടു മിനിറ്റു മാത്രമുള്ള ഈ കുട്ടിസിനിമ. വാസ്​തവത്തിൽ ആരാണ്​ ഇൗ പോസ്​റ്റർ പതിച്ചത്​? എന്തായിരിക്കും അയാളുടെ/അവരുടെ ഉദ്ദേശ്യം എന്നീ ചോദ്യങ്ങൾ പ്രേക്ഷകർക്കിടയിൽ അവശേഷിപ്പിച്ചാണ്​ സിനിമ അവസാനിക്കുന്നത്​.


''മതവിശ്വാസം അൽപം കൂടുതലായി തോന്നിയാൽ തീവ്രവാദി, അടിയുറച്ച കമ്യൂണിസ്​റ്റാണെങ്കിൽ നക്സലൈറ്റ്. അതിവേഗത്തിലാണ് മനുഷ്യർ അവർപോലുമറിയാതെ കുറ്റവാളികളായി ചാപ്പ കുത്ത​െപ്പടുന്നത്. നാളത്തെ രമേശൻ ആരുമാവാം. ഈ ആശയത്തിൽനിന്നാണ് ഇൗ സിനിമയുടെ പിറവി'' -സംവിധായകൻ ജിബിൻ നാരായണൻ പറഞ്ഞു.

അന്ധവിശ്വാസത്തിനെതിരെയുള്ള പുതിയ ചിത്രത്തി​െൻറ അണിയറ പ്രവർത്തനത്തിലാണ് സംഘം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.