മൂന്ന് പതിറ്റാണ്ടു മുമ്പ് ഒന്നിച്ചഭിനയിച്ച കുരുന്നുകള്‍. അതിലൊരാള്‍ മുതിര്‍ന്നപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി. തിളങ്ങിനില്‍ക്കുന്നതിനിടെ അവര്‍ സിനിമ വിട്ടു. കുഞ്ഞുനാളില്‍ ഒപ്പം അഭിനയിച്ച ആദ്യനായകനെ പിന്നെ അധികമാരും കണ്ടില്ല. അഞ്ചോ ആറോ സിനിമകളില്‍ കുട്ടിനടന്‍റെ മുഖം കണ്ടതൊഴിച്ചാല്‍ സിനിമാ പരിസരത്ത് പിന്നീട് അയാളെ ആരും കണ്ടില്ല. എന്നാല്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അയാള്‍ വീണ്ടും കാമറക്ക് മുന്നിലെത്തി.
മലയാളത്തിന്‍റെ സൂപ്പര്‍നായിക ബേബി ശാലിനിയുടെ ആദ്യ നായകനായി മുത്തോടു മുത്തില്‍ അഭിനയിച്ച ഹരിദേവ് കൃഷ്ണന്‍, യൂട്യൂബില്‍ ഹിറ്റായ നോട് ഫോര്‍ സെയില്‍ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി.
മുത്തോട് മുത്തില്‍ ശങ്കറിന്‍റെയും മേനകയുടെയും കുട്ടിക്കാലമാണ് ബേബി ശാലിനിയും ഹരിദേവ് കൃഷ്‌നും അഭിനയിച്ചത്. ആദ്യമായി ഹരിദേവ് കൃഷ്ണന്‍ കാമറക്ക് മുന്നിലെത്തുന്നത് ഉമ ആര്‍ട്‌സ് സിനിമയുടെ ബാനറില്‍ അമ്മാവനായ മധു നിര്‍മ്മിച്ച സിനിമയിലൂടെയാണ്. പിന്നീട് ശ്രീകുമാരന്‍ തമ്പിയുടെ ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ മുത്തോട് മുത്ത് എന്ന ചിത്രത്തിലാണ് ശ്രദ്ധ നേടിയ കഥാപാത്രം ചെയ്തത്. എന്റെ കളിത്തോഴന്‍, നന്ദി വീണ്ടും വരിക തുടങ്ങി ആറോളം സിനിമകളിലും കുറച്ച് സീരിയലുകളിലും ഹരിദേവ് വേഷമിട്ടിട്ടുണ്ട്.
കുട്ടിക്കാലത്ത് സ്‌കൂള്‍ അവധിക്കാലത്താണ് ഹരിദേവ് കൃഷ്ണന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പോയത്. എന്നാല്‍ തുടര്‍ന്നും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനും അതിനായി സമയം കണ്ടെത്താനും സ്‌കൂള്‍ സാഹചര്യം അനുവദിച്ചില്ല. പിന്നീട് മനസില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരവും ഒത്തുവന്നില്ല. ബിരുദപഠനം എഞ്ചിനീയറിംഗിലായിരുന്നു. അതിനു ശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ച് നിര്‍മ്മാണ മേഖലയില്‍ ബിസിനസ് നടത്തി. ഇതിനിടയില്‍ വിദേശത്ത് ജോലി തേടി പോയതോടെ സിനിമയ്ക്കും അഭിനയ മോഹത്തിനും അവധി നല്‍കി. ഇപ്പോള്‍ തിരികെ എത്തിയ ശേഷമാണ് വീണ്ടും അഭിനയ കളരിയിലേക്ക് പ്രവേശിച്ചത്.
രംഗബോധിയെന്ന കലാ-സാംസ്‌കാരിക സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. രംഗബോധിയുടെ ബാനറില്‍ രണ്ട് നാടകങ്ങള്‍ ചെയ്തു. പലരും സിനിമയിലേക്ക് വീണ്ടുമെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് സ്വന്തം തിരക്കഥയില്‍ 'നോട് ഫോര്‍ സെയില്‍' എന്ന ഷോര്‍ട് ഫിലിം പിറവിയെടുത്തത്. പ്രണയ നൊമ്പരങ്ങളുടെയും തീവ്രതയാര്‍ന്ന ബന്ധങ്ങളുടെയും കഥ പറയുന്ന നോട് ഫോര്‍ സെയില്‍ അനൂപ് മോഹനാണ് സംവിധാനം ചെയ്തിട്ടുള്ളത്. ലക്ഷ്മി കാരാട്ടാണ് ഹരിദേവിന്‍റെ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.