നടുവട്ടം ജനതയുടെ 'ലുഡോ മിഠായി'ക്ക് വിമുക്തി ഷോർട്ട് ഫിലിം പുരസ്കാരം

പട്ടാമ്പി: കേരള എക്സൈസ് വകുപ്പ് 'വിമുക്തി' മിഷന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരത്തിൽ നടുവട്ടം ഗവ. ജനത ഹൈസ്‌കൂൾ രണ്ടാം സ്ഥാനം നേടി. സ്കൂളിലെ ജനത ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച 'ലുഡോ മിഠായി'യാണ് 15000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരത്തിന് അർഹത നേടിയത്. അറുനൂറോളം എൻട്രികളിൽ നിന്നാണ് നടുവട്ടം ജനത ഹൈസ്‌കൂളിന്റെ സിനിമ തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ പ്രവീൺ, ആര്യനന്ദ, പാർവതി എന്നിവർ

ലഹരിക്കടിമപ്പെടുന്ന വിദ്യാർഥിനിയെ കൂട്ടുകാരികൾ തന്ത്രപൂർവം ഇടപെട്ട് രക്ഷപ്പെടുത്തുന്നതാണ് 'ലുഡോ മിഠായി' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. എട്ടാം ക്ലാസുകാരികളായ നിത്യപ്രവീൺ, പാർവതി, ആര്യനന്ദ എന്നിവർക്കൊപ്പം അധ്യാപകരായ ടി.എം. നാരായണൻ, രജിത വിനേഷ് എന്നിവരാണ് വേഷമിട്ടത്. നിത്യ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാർ പാർവതിയും ആര്യനന്ദയുമാണ്. പൂർണമായും മൊബൈലിൽ ചിത്രീകരിച്ച ചിത്രത്തിന്റെ കാമറ മനേഷ് നാരായണനും സാങ്കേതികസഹായം അധ്യാപികയായ സുധ തെക്കേമഠവും നിർവഹിച്ചു. നിത്യപ്രവീണിന്റെ വീടും സ്‌കൂളും സമീപത്തെ റോഡുമാണ് ലൊക്കേഷൻ.

Full View

തിരുവനന്തപുരം ജില്ലയിലെ പ്ലാവൂർ ജി.എച്ച്.എസിന്റെ "ശ്രദ്ധ"ക്കാണ് ഒന്നാം സ്ഥാനം. പൊന്നാനി ഐ.എസ്.എസ്.എച്ച്.എസ് ഒരുക്കിയ "പഫ്" മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തനംതിട്ട മാർ തോമസ് എച്ച്‌.എസ് കുട്ടികൾ തയാറാക്കിയ "ഐ.ഹെയ്റ്റ് യു" ജൂറിയുടെ പ്രത്യേക പരാമർശം നേടി. പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.അഗളി, ടി.എസ്.എൻ.എം.എച്ച്.എസ് കുണ്ടൂർക്കുന്ന് എന്നിവക്കടക്കം വിവിധ ജില്ലകളിലെ 14 സ്‌കൂളുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. ഞായറാഴ്ച തിരുവനന്തപുരം വി.ജെ. ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

Tags:    
News Summary - Vimukthi Short Film Award for ‘Ludo Mittayi’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.