വാഷിങ്ടൺ ഡി.സി: കാലാവസ്ഥ വ്യതിയാനം കാരണം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ 20 കോടിയിലധികം ആളുകൾ സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. വ്യാവസായിക വിഷവാതകങ്ങളുടെ പുറന്തള്ളൽ കുറക്കുകയും വികസന വിടവ് നികത്തുകയും ചെയ്തില്ലെങ്കിൽ ഇത് സംഭവിക്കുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗ്രൗണ്ട് ലെവൽ റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗം മന്ദഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളായ ജലദൗർലഭ്യം, വിളയുടെ ഉൽപാദനക്ഷമത കുറയുക, സമുദ്രനിരപ്പ് ഉയരുക എന്നിവ 2050ഓടെ 'കാലാവസ്ഥ കുടിയേറ്റക്കാർ' എന്ന വിഭാഗത്തെ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. വടക്കേ ആഫ്രിക്ക, ഉപ സഹാറൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ, പസിഫിക്ക് എന്നീ മേഖലകളാണ് പഠന വിധേയമാക്കിയത്.
ഏറ്റവും താഴ്ന്ന തോതിലുള്ള മലിനീകരണവും സുസ്ഥിര വികസനവും കാലാവസ്ഥക്ക് അനുയോജ്യമായ സാഹചര്യത്തിലും ലോകത്ത് 44 ദശലക്ഷം ആളുകൾ വീട് വിടാൻ നിർബന്ധിതരാകുന്നതായി കാണാം.
രാജ്യത്തിനകത്ത് കുടിയേറ്റം സൃഷ്ടിക്കുന്നതിനുള്ള കാലാവസ്ഥയുടെ ശക്തി വീണ്ടും സ്ഥിരീകരിക്കുകയാണെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ലോക ബാങ്കിലെ സീനിയർ കാലാവസ്ഥ വ്യതിയാന വിദഗ്ധനായ വെയ് ചെൻ ക്ലെമന്‍റ് പറഞ്ഞു.
ഉപ സഹാറൻ ആഫ്രിക്കയെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും ഗുരുതരമായി ബാധിക്കുക. മരുവൽക്കരണം, ദുർബലമായ തീരപ്രദേശങ്ങൾ, കൃഷിയെ ആശ്രയിക്കുന്ന ജനസംഖ്യ എന്നിവ കാരണം 86 ദശലക്ഷം പേർ രാജ്യാതിർത്തിക്കുള്ളിൽ തന്നെ കുടിയേറ്റക്കാരായി മാറും.
കാലാവസ്ഥാ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ അനുപാതം വടക്കേ ആഫ്രിക്കയിലാകുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. വടക്കു കിഴക്കൻ തുണീഷ്യ, വടക്കുപടിഞ്ഞാറൻ അൾജീരിയ, പടിഞ്ഞാറൻ-തെക്കൻ മൊറോക്കോ എന്നിവിടങ്ങളിൽ ജലക്ഷാമം വർധിച്ചതിനാൽ 19 ദശലക്ഷം (ജനസംഖ്യയുടെ 9% ) ആളുകൾ പലായനം ചെയ്യപ്പെടേണ്ടി വരും.
ദക്ഷിണേഷ്യയിൽ ബംഗ്ലാദേശിലാണ് ഏറ്റവും മോശം സാഹചര്യം വരാൻ പോകുന്നത്. വെള്ളപ്പൊക്കവും വിളനാശവുമാണ് അവരെ രൂക്ഷമായി ബാധിക്കുക. സ്ത്രീകൾ ഉൾപ്പെടെ 19.9 ദശലക്ഷം ആളുകൾ മൂന്ന് പതിറ്റാണ്ടിനുള്ളിൽ സ്വന്തം നാടും വീടും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങേണ്ടി വരും.
'ഇതാണ് ഇപ്പോൾ ഞങ്ങളുടെ മാനുഷിക യാഥാർഥ്യം, ഇത് കൂടുതൽ മോശമാകുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു'- ഇന്‍റർനാഷനൽ റെഡ്ക്രോസ് റെഡ്ക്രസന്റ് ക്ലൈമറ്റ് സെന്‍റർ ഡയരക്ടറായ പ്രഫ. മാർടിൻ വാൻ ആൽസ് പറഞ്ഞു.
അടുത്ത പതിറ്റാണ്ടിൽ 'മൈഗ്രേഷൻ ഹോട്ട് സ്പോട്ടുകൾ' രൂപപ്പെടുകയും 2050 ഓടെ അവ കൂടുകയും ചെയ്യുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആളുകൾ കുടിയേറുന്ന സ്ഥലങ്ങളിലും അവർ ഉപേക്ഷിച്ച് പോകുന്ന സ്ഥലങ്ങളിൽ അവശേഷിക്കുന്നവരെ സഹായിക്കാനും ആസൂത്രണം ആവശ്യമാണെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.