തൊടുപുഴ: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാനും ആക്രമണത്തിൽ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനും 605 കോടിയുടെ സമഗ്ര പദ്ധതിയുമായി വനം വകുപ്പ്. പദ്ധതി കേന്ദ്രസർക്കാറിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. മൂന്ന് വർഷംകൊണ്ട് നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വന്യജീവി ആക്രമണത്തിൽ ജീവഹാനിയും വിളനാശവും വ്യാപകമായ പശ്ചാത്തലത്തിലാണ് സമഗ്ര കർമപദ്ധതി തയാറാക്കിയത്.
പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയാൽ വന്യജീവികളും മനുഷ്യനും തമ്മിലെ സംഘർഷവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ ഏറക്കുറെ പൂർണമായി പരിഹരിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. വരുന്ന മൂന്ന് വർഷം വന്യജീവികൾമൂലം മനുഷ്യർ നേരിടാനിടയുള്ള പ്രശ്നങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതി തയാറാക്കിയതെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ആസൂത്രണവും വികസനവും) ഡി. ജയപ്രസാദ് 'മാധ്യമ'ത്തോട് പറഞ്ഞു.
വനാതിർത്തി മേഖലകളിൽ എത്ര കിടങ്ങുകളും സൗരോർജ വേലികളും സ്ഥാപിക്കണം, ആക്രമണ സാധ്യത എന്തുമാത്രം, കൃഷിനാശത്തിനും ജീവഹാനിക്കും എത്ര തുക നഷ്ടപരിഹാരമായി നൽകേണ്ടിവരും തുടങ്ങിയ കാര്യങ്ങളെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വന്യജീവി ആക്രമണം ചെറുക്കാൻ സംസ്ഥാന സർക്കാറിനോടും 10 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു കോടി കഴിഞ്ഞ ദിവസം അനുവദിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾക്കാകും ഈ തുക വിനിയോഗിക്കുക. സംസ്ഥാനത്ത് കഴിഞ്ഞവർഷം എഴുപതോളം പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ 25 മരണവും കാട്ടാന ആക്രമണത്തിലാണ്. 15 വർഷത്തിനിടെ 1320 പേർ വന്യജീവി ആക്രമണത്തിൽ മരിക്കുകയും 4400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.