മലപ്പുറം: എടവണ്ണ വി.കെ പടിയില്‍ ദേശീയപാത വികസനത്തിനായി മരം മുറിച്ചതിനെ തുടര്‍ന്ന് നീര്‍ക്കാക്കകള്‍, വിവിധയിനം കൊക്കുകള്‍ എന്നിവ ചത്ത സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കരാറുകാര്‍ക്കെതിരെ കേസെടുത്തു. മരം മുറിച്ച ജെ.സി.ബി, ഡ്രൈവര്‍, കരാറുകാരന്‍, മരം മുറിച്ചയാള്‍ എന്നിവരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ മരം മുറിച്ചതിനെ തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ നാലില്‍പെട്ട നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ക്കും പല തരം കൊക്കുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
മുറിക്കാൻ അനുമതി ലഭിച്ച മരങ്ങളാണെങ്കിലും പക്ഷിക്കൂടോ കുഞ്ഞുങ്ങളോയുണ്ടെങ്കിൽ അവ ഒഴിഞ്ഞുപോകുന്നതുവരെ മുറിക്കാൻ പാടില്ലെന്നു സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ഉത്തരവ്. ജില്ലാ വൃക്ഷസമിതി മുറിച്ചു മാറ്റാൻ അനുമതി നൽകിയാലും പക്ഷിക്കുഞ്ഞുങ്ങൾ ഒഴിഞ്ഞു പോകുന്നതുവരെ മുറിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതിനാലാണ് കേസ് എടുത്തത്.
മരംമുറിച്ചപ്പോൾ ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികളാണ് പിടഞ്ഞു ചത്തത്. യന്ത്രം ഉപയോഗിച്ച് മരത്തിന്റെ അടിഭാഗം മുറിച്ച ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളിമറിക്കുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും നിലത്തേക്ക് വീണു. പക്ഷികൾ രക്ഷപ്പെടാൻ കഴിഞ്ഞില്ല.
മരത്തിൽ നിരവധി കൂടുകളും നൂറിലേറെ പക്ഷികളും ഉണ്ടായിരുന്നു. മരം വീഴുന്നതിനിടെ പറന്നുപോയ ഏതാനും പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കിയുള്ളവയെല്ലാം ചത്തു. മുറിക്കുന്നതിന് മുൻപ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ കുറച്ച് പക്ഷികൾക്ക് മരം വീഴുന്നതിന് മുൻപേ രക്ഷപ്പെടാമായിരുന്നു.
യന്ത്രം കൊണ്ട് മുറിച്ചതായതിനാൽ മരത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല. മരം മുറിക്കുന്ന കാര്യം പക്ഷികൾ അറിഞ്ഞതുമില്ല. ഇതാണ് കൂടുതൽ പക്ഷികളുടെ ജീവൻ നഷ്ടമാകാൻ കാരണം. എരണ്ട, കൊക്ക് എന്നീ പക്ഷികളാണ് മരത്തിൽ കൂടുകൂട്ടി താമസിച്ചിരുന്നത്. സൂക്ഷ്മത ഇല്ലാതെ മരം മുറിച്ചതിനെതിരെ പക്ഷിസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.