ഉപ്പുവെള്ളം തലോടുന്ന തീരത്ത് തൈ നടുന്നത് കണ്ടവരെല്ലാം പരസ്പരം നോക്കി കണ്ണിറുക്കി. കൂട്ടത്തിലൊരാൾ അക്കാര്യം നേരിട്ട് ചോദിക്കാനും മടിച്ചില്ല. 'നല്ല കിറുക്കാണല്ലേ?'. ഇരുന്നയിരിപ്പിൽ ആ പാളത്തൊപ്പിക്കാരൻ അവരുടെ മുഖത്തൊന്നു നോക്കി. ഇത്തരം നോട്ടങ്ങളും ചോദ്യങ്ങളുമൊന്നും പുത്തരിയല്ലാത്തതിനാൽ മറുപടിയൊന്നും പറയാൻ മിനക്കെട്ടില്ല. ആർത്തിരമ്പുന്ന തിരമാലകൾ പിന്നെയും ആ തീരം തൊട്ട് വണങ്ങി. കാലവും മാറി.
ഇന്ന് ആ വഴിക്ക് നടന്നുപോകുന്നവർക്ക് കാര്യം മനസ്സിലായിക്കാണും. ചെറിയൊരു വനമായി മാറി ഇവിടം. മനോനില തകരാർ ചോദിച്ചവർ കാര്യം തിരിച്ചറിഞ്ഞുകാണും. ഗുജറാത്തിലെ പ്രശസ്തമായ നാർഗോൾ കടപ്പുറത്താണ് ഈ ചെറുവനം. ആർ.കെ. നായർ എന്ന കാസർകോട്ടുകാരനാണ് ഈ ചെറുവനങ്ങളുടെ രാജശിൽപി. നാർഗോൾ കടപ്പുറത്ത് നട്ടുവളർത്തിയ ചെടികൾ 12 അടിയിൽ മരമായി തലയുയർത്തി നിൽക്കുന്നു. ഏഴര ഏക്കറിൽ 1,20,000 മരങ്ങളാണ് ഇവിടെ വളരുന്നത്. മിനി ഫോറസ്റ്റ് കടൽക്കരയിൽ ഒരുക്കിയതിന്റെ ത്രില്ലിലാണ് നാടും നാട്ടുകാരും.
മുടങ്ങാതെയെത്തുന്ന പരിസ്ഥിതി ദിനങ്ങളിൽ തൈ നട്ട് പൊടിതട്ടി പോവുകയല്ല ഇയാളുടെ രീതി. തൈകൾക്കൊപ്പമാണ് കൂട്ട്. മണ്ണിലാഴ്ത്തുന്ന തൈകളുടെ എണ്ണം ഒരുകോടിയിലെത്തിക്കണമെന്നാണ് ലക്ഷ്യം. പണ്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ കേട്ടവർ ഇപ്പോ പറയും ഒരുകോടിയല്ല അതിലപ്പുറവും തൈ നടാൻ ഇദ്ദേഹത്തിനാവുമെന്ന്. ഇക്കഴിഞ്ഞ ഭൗമദിനത്തിൽ ഇദ്ദേഹം നട്ടത് 5600 തൈകൾ. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 91ചെറുവനങ്ങളാണ് ഈ 51കാരൻ ഇതിനകം ഒരുക്കിയത്. തീർന്നില്ല ഇനിയും കുറെ നടക്കാനുണ്ട്. കൃത്രിമമായുണ്ടാക്കിയ വനത്തിലിരുന്നാവണം ഒടുക്കമെന്നും ആഗ്രഹിക്കുന്നയാൾ.
മലയാളിയായി ജനിച്ച് കന്നടക്കാരനായി വളർന്ന്...
മലയാളിയായി ജനിച്ച് കന്നടക്കാരനായി വളർന്ന് മറാത്തക്കാരനായി തൊഴിലെടുത്ത് ഗുജറാത്തുകാരനായി മാറിയ അപൂർവമാളുകളിൽ ഒരാളാണ് ആർ.കെ. നായർ. കാസർകോട് പെരിയ കുഞ്ഞമ്പു നായരുടെയും ബദിയടുക്ക മുനിലൂരിലെ പുല്ലായ്ക്കൊടി കമലാക്ഷിയുടെയും ആറു മക്കളിൽ നാലാമൻ. പുല്ലായ്ക്കൊടി രാധാകൃഷ്ണൻ നായർ എന്ന് മുഴുവൻ പേര്.
ഇദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോൾ കുടുംബം കർണാടകയിലേക്ക് മാറി. സുള്ള്യ ജാൽസൂരിലെ എൻമെക്കറിലേക്കായിരുന്നു കൂടുമാറ്റം. സ്കൂൾ വിദ്യാഭ്യാസം കന്നടയിൽ. അച്ഛനമ്മമാർ മലയാളികൾ ആയതിനാൽ മലയാളം സംസാരിക്കാനറിയാം. എഴുതാനും വായിക്കാനും പ്രയാസം. 12ാം ക്ലാസിൽ കണക്ക് തോറ്റപ്പോൾ പുസ്തകം അടച്ചതാണ്. പിന്നെ 500 രൂപയുമായി സുഹൃത്തിനൊപ്പം ബോംബെയിലേക്ക് വണ്ടികയറി. എന്തെങ്കിലും ജോലി തേടിയുള്ള അലച്ചിലിനൊടുവിൽ സെയിൽസ്മാൻ പണി തരപ്പെട്ടു. ഹോട്ടൽ, മെഡിക്കൽ സ്റ്റോർ തുടങ്ങി പലയിടത്തും പല തൊഴിലുമെടുത്തു. ബോംബെയിൽ വസ്ത്രശാലയിൽ പണികിട്ടിയത് നാഴികക്കല്ലായി. വസ്ത്രവിപണി കൂടുതൽ അടുത്തറിഞ്ഞു. 1999ൽ മുംബൈ വിട്ട് ഗുജറാത്തിലേക്ക്. വസ്ത്രശാലയിൽ മാനേജർ ജോലി ലഭിച്ചു. പിന്നീട് സ്വന്തമായി ബിസിനസിലേക്ക് തിരിഞ്ഞു. ഗുജറാത്തിലെ ഐശ്വര്യ എക്സിം, ശ്രുതി അപ്പാരല്‍സ് എന്നീ കമ്പനികളുടെ സി.ഇ.ഒയും സീ സൗപർണിക എക്സ്പോർട്ട്സിന്റെ എം.ഡിയുമാണ് ഇപ്പോള്‍. ഗുജറാത്തുകാരി അനഘയാണ് ഭാര്യ. ദീപകും ശ്രുതിയും മക്കൾ. രേഖകളിലെല്ലാം ഇപ്പോൾ ഗുജറാത്തുകാരൻ.
ഗുജറാത്തിലെ ഒരു വ്യവസായ പാർക്കിലേക്കുള്ള റോഡ് വികസനത്തിന് രണ്ടു വശങ്ങളിലുമുള്ള മരങ്ങൾ വെട്ടുന്നു. മരത്തിൽനിന്നു വീണ കിളിക്കൂട്ടിൽനിന്ന് നാലുഭാഗത്തേക്കുമായി തെറിച്ച കിളിക്കുഞ്ഞുങ്ങൾ നിലവിളിക്കുന്നു. ആ കാഴ്ച മനസ്സിനെ വല്ലാതെ അലട്ടിയെന്ന് ആർ.കെ. നായർ. കുറച്ചുദിവസം ഭക്ഷണം കഴിക്കാൻപോലും തോന്നിയില്ല. അന്നൊരു ദൃഢപ്രതിജ്ഞയെടുത്തു. മുറിക്കുന്ന ഓരോ മരത്തിനും പകരമായി പുതിയതൊന്ന് നട്ടുപിടിപ്പിക്കണം. കുറെ ചെടികൾ റോഡരികിൽ നട്ട് തുടക്കം.
2011-12 കാലയളവിൽ ഒരേക്കർ ഭൂമി വാങ്ങി 1500 ചെടികൾ നട്ടു. ചെറിയൊരു വനമായി അത്. എല്ലാ തരത്തിലുമുള്ള വൃക്ഷത്തൈകൾ സമൃദ്ധമായി വളർന്നു. സ്കൂളുകളിലും കോളജുകളിലും വൃക്ഷത്തൈ നടുന്ന പ്രോജക്ട് ഏറ്റെടുക്കാൻ തുടങ്ങി. ആദ്യമൊക്കെ സ്വന്തം കീശയിൽനിന്നായിരുന്നു പണം ചെലവഴിച്ചത്. മരം നട്ടുപിടിപ്പിക്കാൻ അറിയാമെന്ന് കാലം തെളിയിച്ചതോടെ വിവിധ കമ്പനികൾ അവരുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് പ്രോജക്ടുകൾ ഏൽപിക്കാൻ തുടങ്ങി. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഡൽഹി, ഛത്തിസ്ഗഢ്, രാജസ്ഥാൻ, ഹരിയാന, ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായി 16 ലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ താരാപ്പുരിലെ വ്യവസായ പാര്‍ക്കില്‍ രാസമാലിന്യം തള്ളുന്ന നാലേക്കര്‍ ഭൂമി ചെറിയ വനമാക്കി മാറ്റി ആര്‍.കെ. നായരുടെ നേതൃത്വത്തിലുള്ള എന്‍വയറോ ക്രിയേറ്റേഴ്‌സ് ഫൗണ്ടേഷന്‍.
രാജ്യത്തെ പിടിച്ചുകുലുക്കിയ ആ ഭൂകമ്പ നാളുകൾ ആരും മറക്കില്ല. 2001ലെ ഭൂകമ്പത്തിൽ മരിച്ചവരുടെ ഓർമക്കായി കച്ച് ജില്ലയിലെ ബുഞ്ച് താലൂക്കിൽ ഒരുക്കിയ പ്രശസ്തമായ സ്മൃതിവനം ഏറെ പ്രശസ്തമാണ്. ഗുജറാത്ത് സർക്കാറിന്റെ വലിയൊരു പദ്ധതി കൂടിയാണ് ആർ.കെ. നായരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. 16 ഏക്കറിൽ 2,23,533 വൃക്ഷങ്ങളാണ് ഇവിടെ വളരുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചവരുടെ ഓർമക്ക് ഗുജറാത്തിലെ ഉമ്പർഗൺ താലൂക്കിലെ കാലാഴിയിൽ 'ശഹീദ് വന'മൊരുക്കി. അഞ്ചേക്കറിൽ 40,000 മരങ്ങളാണ് ഈ വനത്തിൽ. ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. ജർമനിയിലെ സർവകലാശാല ഓണററി ഡി. ലിറ്റ് നൽകി. ഫൗണ്ടേഷനു കീഴിൽ 20ഓളം പേർ ജോലി ചെയ്യുന്നു. ജന്മനാടായ കേരളത്തിൽ ചില പ്രോജക്ടുകൾ തേടിയെത്തിയതിലാണ് ആർ.കെ. നായരുടെ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.