ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്നതിൽ രണ്ടാംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം

ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്നതിൽ രണ്ടാംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണമെന്ന് പുതിയ പഠനം. യു.എസ് ആസ്ഥാനമായ ഹെൽത്ത് ഇഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കനുസരിച്ച് അന്തരീക്ഷ മലിനീകരണം മൂലം 2021ൽ ലോകത്ത് മരിച്ചത് 81 ലക്ഷം പേരാണ്. മരണസംഖ്യയിൽ 54 ശതമാനവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്.

അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളെ തുടർന്ന് 21 ലക്ഷം പേർ ഇന്ത്യയിലും 23 ലക്ഷം പേർ ചൈനയിലും മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് അമിത രക്തസമ്മർദവും ഹൃദ്രോഗവും മൂലമാണ്. പുകയിലെ ഉപയോഗം മൂലമുള്ള മരണസംഖ്യ വർധനവിനെ പിന്തള്ളിയാണ് അന്തരീക്ഷ മലിനീകരണം രണ്ടാംസ്ഥാനം പിടിച്ചത്.

2019ൽ അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് മരിച്ചവരുടെ എണ്ണം 50 ലക്ഷമായിരുന്നു. 2020ൽ ഇത് 67 ലക്ഷമായി. മലിനവായുവിലൂടെ എത്തുന്ന ചെറുകണങ്ങൾ ശ്വാസകോശത്തിൽ തങ്ങിനിന്ന് രക്തത്തിലേക്ക് പ്രവേശിക്കുന്നത് വഴി ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അർബുദം എന്നിവയ്ക്ക് കാരണമാകുന്നു.

വായു മലിനീകരണത്തിന്‍റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. ഗർഭാവസ്ഥയിൽ തന്നെ കുട്ടികൾ വായുമലിനീകരണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇതേ തുടർന്ന് മാസം തികയാതെയുള്ള ജനനം, ഭാരക്കുറവ്, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടാകുന്നു. ഡൽഹിയിലെ കണക്കെടുത്താൽ മൂന്നിൽ ഒരു കുട്ടിക്ക് ആസ്തമ രോഗം ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

വായു മലിനീകരണം കുറയ്ക്കാനും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കിറ്റി വാൻ ഡെർ ഹെയ്‌ഡെൻ പറഞ്ഞു. മാതൃ-ശിശു ആരോഗ്യത്തിൽ പുരോഗതിയുണ്ടെങ്കിലും വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങൾ മൂലം അഞ്ച് വയസിൽ താഴെയുള്ള ഏഴുലക്ഷത്തിലധികം കുട്ടികളാണ് ലോകത്താകമാനം മരണപ്പെട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യയിൽ മാത്രം 169, 400 കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. നൈജീരിയയിൽ 114,100 കുട്ടികളും പാക്കിസ്ഥാനിൽ 68,100, ഇതോപ്യയിൽ 31,100, ബംഗ്ലദേശിൽ 19,100 കുട്ടികളുമാണ് വായു മലിനീകരണം മൂലം മരിച്ചത്.

Tags:    
News Summary - Air pollution is the second leading cause of death in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.