കൊച്ചി: ശുചിത്വത്തിന് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ പദ്ധതിയെ സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കലക്ടര്‍ ഡോ. രേണു രാജ്. കളമശേരി മണ്ഡലത്തെ മാലിന്യമുക്തമാക്കുക ലക്ഷ്യമാക്കി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പദ്ധതിയെക്കുറിച്ച് താഴെത്തട്ടിലുള്ള ജനങ്ങള്‍, ഉദ്യോഗസ്ഥര്‍, വീടുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവരില്‍ ബോധവല്‍ക്കരണത്തിലൂടെ വ്യക്തമായ ധാരണ സൃഷ്ടിക്കാന്‍ കഴിയണം. മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ഫ്‌ളാറ്റുകള്‍, ഗേറ്റഡ് കോളനികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയവയെ പദ്ധതിയില്‍ സഹകരിപ്പിക്കണം. പദ്ധതിയോട് വിമുഖത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നഗരസഭകളിലും പഞ്ചായത്തുകളിലും സ്ഥിരമായി മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കി അത് കമ്മറ്റികളില്‍ ചിത്രം സഹിതം അവതരിപ്പിക്കണം. ഇത്തരം സ്ഥലങ്ങള്‍ വൃത്തിയാക്കി അവിടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാവുന്നതാണ്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കണം. മറ്റു മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
എല്ലാ ഭരണ സമിതി അംഗങ്ങളേയും ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ യോഗം ചേരുന്നതിനും സമാനമായ രീതിയില്‍ സർവകക്ഷി യോഗം അതാതു തദേശ സ്ഥാപനങ്ങളില്‍ ചേരുന്നതിനും തീരുമാനമായി. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. മണ്ഡല പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും പിന്തുണ ഉറപ്പു വരുത്തും. വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തില്‍ പരിഗണിച്ചു.
ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍, കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനാ ബാനുവിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.