രാജസ്ഥാനിൽനിന്നും ഒരു ചീറ്റ കൂടി കുനോ നാഷണൽ പാർക്കിൽ

ഭോപാൽ: രാജസ്ഥാനിൽനിന്നും ഒരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ (കെ.എൻ.പി). ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽനിന്ന് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്ന് കുനോ നാഷണൽ പാർക്ക് ഡയറക്ടർ ഉത്തം ശർമ്മ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് കുനോയിൽ ചീറ്റയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. കുനോയിൽ നിന്ന് 100 കിലോമീറ്റർ അകലെ രാജസ്ഥാനിലെ രന്തംബോർ കടുവാ സങ്കേതത്തിൽ നിന്നാണ് മൂന്ന് വയസ്സ് പ്രായമുള്ള ചീറ്റ ഇവിടേക്ക് എത്തിയത്. നിലവിൽ ഏഴ് ആൺ, ഏഴ് പെൺ ചീറ്റകളും ഒരു കുട്ടിയുമാണ് ഇവിടെയുള്ളത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതോടെയാണ് 'പ്രോജക്ട് ചീറ്റ പദ്ധതി' ആരംഭിച്ചത്. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് കൊണ്ടുവന്നത്. എന്നാൽ മാർച്ച് മുതൽ പ്രായപൂർത്തിയായ ആറ് ചീറ്റകൾ വിവിധ കാരണങ്ങളാൽ ചത്തു. കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തുടർച്ചയായി ചാകുന്നതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ആഫ്രിക്കയിൽനിന്ന് ചീറ്റകളെ എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിക്ക്​ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ്​ അനുമതി നൽകിയത്​. 300 കോടി രൂപയുടെ ചെലവാണ് ഇതിന്​ പ്രതീഷിക്കുന്നത്. ചീറ്റകളെ വീണ്ടും ഇന്ത്യയിൽ സജീവമാക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിത്.

ഇന്ത്യ, ഇറാൻ, അഫ്​ഗാനിസ്​താൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്‌. ഇറാനിൽ നിലവിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ആയിരത്തിന്​ അടുത്തും. ഇവിടെയെല്ലാം ചീറ്റകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. പുൽമേടുകളും ചെറു കുന്നിൻ പ്രദേശങ്ങളും കുറ്റിക്കാടുകളും ഇഷ്​ടപ്പെടുന്ന ചീറ്റകൾ പകലാണ്‌ ഇര തേടാനിറങ്ങുന്നത്‌. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങൾ വരെ ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്​ മറികടക്കലാണ് കുനോ നാഷനൽ പാർക്ക് നേരിടുന്ന പ്രധാന വെല്ലുവിളി.

Tags:    
News Summary - Another Cheetah from Rajasthan in Kuno National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.