ബ്രഹ്മപുരം: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമെന്ന് സി.ആർ നീലകണ്ഠൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് സർക്കാരിന്റെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. ബ്രഹ്മപുരം യഥാർഥത്തിലൊരു മാലിന്യ സംസ്കരണ പ്ലാൻറ് അല്ല. മാലിന്യത്തിന്റെ ഡമ്പിങ് യാഡ് ആണ്. മാലിന്യ സംസ്കരണത്തിൽ തെറ്റായ രീതിയിലാണ് സർക്കാർ സഞ്ചരിച്ചത്. കേന്ദ്രീകൃത മാലിന്യ സംസ്കരണം പരാജയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ആ നയം പിന്തുടർന്നു. വിളപ്പിൽശാലയിലും ലാലൂരും ഞെളിയൻപറമ്പിലും അടക്കം കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനെതിരെ സമരം നടക്കുമ്പോഴാണ് ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂട്ടിയതെന്നും നീലകണ്ഠൻ 'മാധ്യമം ഓൺലൈനോട്' പറഞ്ഞു.

കർണാടകത്തിലെ കോടതി വിധികൾ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തെ എതിർത്തിരുന്നു. കേന്ദ്രീകൃത മാലിന്യ സംസ്കരണമെന്നത് അഴിമതി നടത്തലാണ്. അതിനാലാണ് ഈ മാലിന്യ സംസ്കരണത്തിൽ നഗരസഭക്കും രാഷ്ട്രീയക്കാർക്കും താൽപര്യം. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് എതിരാണ്. ഏതു സമയത്തും കേരളത്തിൽ മഴയുണ്ടാകും. മാലിന്യം കുന്നുകൂട്ടിയാൽ അത് ഭൂർഗർഭ ജലത്തിലേക്ക് ഒഴുകി ഇറങ്ങാനുള്ള സാധ്യത ഏറെയാണ്.

ഇന്ന് എത്തിക്കുന്ന മാലിന്യം ഇന്ന് തന്നെ സംസ്കരിക്കണം. ആ രീതിയലാകണം പ്ലാന്‍റ് സ്ഥാപിക്കേണ്ടത്. ജൈവ- അജൈവ മാലിന്യം വേർതിരിച്ചു വേണം ശേഖരിക്കേണ്ടത്. അക്കാര്യത്തിൽ സർക്കാർ സംവിധാനം അമ്പേ പരാജയപ്പെട്ടു. മാലിന്യം മുഴുവൻ വാരിയെടുത്ത് പ്ലാന്റിലെത്തിക്കുക മാത്രം ചെയ്തു. അതിന്റെ ദുരന്തമാണ് ബ്രഹ്മപുരം അനുഭവിക്കുന്നത്.

നൂറുകണക്കിന് ടൺ മാലിന്യം തരംതിരിക്കാതെ ഡമ്പ് ചെയ്യുമ്പോൾ അത് ട്രീറ്റ് ചെയ്യാൻ സംവിധാനമില്ല. ജൈവവും അജൈവവും എന്ന് വേർതിരിക്കാതെ പ്ലാന്റിലെത്തിക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. വലിയതോതിൽ വേർതിരിക്കാത്ത മാലിന്യം ആണ് ബ്രഹ്മപുരത്തെത്തിയത്. അവിടെ നടന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനമാണ്. ഒരു ദിവസം എത്ര മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുവരുന്നു എന്നത് ആർക്കും അറിയില്ല. ഇന്ന് കൊണ്ടുവരുന്ന മാലിന്യത്തിൽ എത്ര സംസ്കരിച്ചു എന്നതും ആർക്കും അറിയില്ല.

വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത പ്രവർത്തനമാണ് അവിടെ നടക്കുന്നത്. അഴിമതി വലിയതോതിൽ നടക്കുന്നതിനാൽ രാഷ്ട്രീയക്കാർ എല്ലാവരും അതിൽ സംതൃപ്തരാണ്. നാട്ടുകാർക്ക് മാത്രമാണ് പ്രശ്നം. രാഷ്ട്രീയക്കാരെല്ലാം പരസ്പരം സഹകരിച്ചാണ് ഇത് നടത്തുന്നത്.

മൂന്നാമത്തെ പ്രധാന പ്രശ്നം പ്ലാസ്റ്റിക് മാലിന്യമാണ്. ഇത് എത്ര അളവിൽ ശേഖരിച്ചു എന്ന് ആർക്കും അറിയില്ല. 25 അടി കനത്തിൽ മാലിന്യം കുന്നുകൂട്ടി എന്നാണ് ഇപ്പോൾ പറയുന്നത്. അത് മൂന്നു നിലയുടെ ഉയരത്തിൽ എന്ന് പറയാം. അതിൽ പ്ലാസ്റ്റിക് മാത്രമാകില്ല. പ്ലാസ്റ്റിക്കും ജൈവ- അജൈവ മാലിന്യവും എല്ലാം ചേർന്ന് തരംതിരിക്കാൻ കഴിയാത്ത വിധത്തിൽ അടിഞ്ഞുകൂടിയപ്പോൾ അതിൽ നിന്ന് മീഥെയിൻ വാതകം വരാനുള്ള സാധ്യതയുണ്ട്. ഇത് അപകടം പിടിച്ച വാതകമാണ്. മാലിന്യം കത്തിച്ചതായാലും അല്ലെങ്കിലും ബ്രഹ്മപുരം അപകടത്തിലേക്കാണ് പോകുന്നത്.

ഇത്രയധികം പ്ലാസ്റ്റിക്കിന്റെ കൂമ്പാരം അവിടെ ഉണ്ടായപ്പോഴും അതിനുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. പ്ലാസ്റ്റിക് കത്താതെ നോക്കാനുള്ള സംവിധാനം പ്ലാന്റിനുള്ളിൽ ഇല്ലായിരുന്നു. മാലിന്യത്തിന് തീപിടിച്ചാൽ അത് അണക്കുന്നതിനുള്ള സംവിധാനമില്ലാത്തതിനാലാണ് ഇത്രയും വലിയ തീപിടുത്തം ഉണ്ടായത്. 10,000 ടണ്ണിലധികം പ്ലാസ്റ്റിക് ശേഖരിച്ച ബ്രഹ്മപുരത്ത് തീയണക്കാൻ സംവിധാനം ഇല്ലായിരുന്നുവെന്ന് പറയുന്നത് അപകടകരമാണ്. മൊത്തത്തിൽ മിസ് മാനേജ്മെൻറ് ആണ് എല്ലാത്തിനും കാരണം. ഇവിടെ മാലിന്യത്തിന്റെ അളവ് നിശ്ചയിക്കാൻ കഴിയാത്തത് പോലെ അഴിമതിയുടെ അളവും അളക്കാൻ ആവില്ലെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു.

Tags:    
News Summary - Brahmapuram: Center of corruption and mismanagement, says CR. Nilakantan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.