നേമം: ഭൂമിക്ക് പച്ചക്കുടകളായ ചെറുവനങ്ങൾ സൃഷ്ടിച്ച് ജൈവവൈവിധ്യം തിരിച്ചുപിടിക്കാൻ ഒരു ശ്രമം. തിരുവനന്തപുരം ഓർഗാനിക് ചാരിറ്റബിൾ സൊസൈറ്റിയുടെ സാരഥി ചെറിയാൻ മാത്യു എന്ന ചെറിയാച്ചനാണ് നാടു മുഴുവൻ കാടുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
വെറും കാടല്ല, മിയാവാക്കി വനങ്ങളാണ് ചെറിയാച്ചൻ സൃഷ്ടിക്കുന്നത്. കേരളത്തിലെ കാവുകളുടെ ജാപ്പനീസ് പതിപ്പാണിവ. സ്വകാര്യപറമ്പിലും സ്ഥാപനങ്ങൾക്കുള്ളിലും ഇത്തരം കൃത്രിമ കാടുകളുടെ തണലൊരുക്കുകയാണ് ഇദ്ദേഹം. അരസെന്റിലും ഒരു സെന്റിലുമൊക്കെ ഉയരമേറിയ വൃക്ഷങ്ങളാൽ നിബിഡമായ കാട്.
പ്രാദേശിക ആവാസവ്യവസ്ഥയിൽ വളരുന്ന ചെറുതും വലുതുമായ മരങ്ങളും വള്ളിച്ചെടികളും കൊണ്ടാണ് കാടൊരുക്കുന്നത്. തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ചനിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത. ശരാശരി 10-15 വർഷംകൊണ്ട് 150 വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്കുതുല്യമായ കാട് രൂപപ്പെടുത്താനാവും.
വിളപ്പിൽ പുളിയറക്കോണം മൈലമൂട്ടിൽ എം.ആർ. ഹരിയുടെ പറമ്പിലാണ് ആറുവർഷം മുമ്പ് സൊസൈറ്റി ആദ്യ മിയാവാക്കി വനം സ്ഥാപിച്ചത്. ഇവിടത്തെ മരങ്ങൾ ഇപ്പോൾ മാനംമുട്ടെ വളർന്നുകഴിഞ്ഞു. നഷ്ടമായ പച്ചപ്പ് വീണ്ടെടുക്കാൻ കാവുകളാൽ സമൃദ്ധമായ പോയകാലത്തിന്റെ പുനർജനിയാണ് ആശയത്തിനുപിന്നിലെന്ന് ചെറിയാൻ മാത്യു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.