കുവൈത്ത് സിറ്റി: ഈ വർഷം ജൂലൈ കടന്നുപോകുക കനത്തചൂടിലൂടെ ആകും. ലോകമെമ്പാടുമുള്ള ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരിക്കും ഈ മാസമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങളിൽ ഈ ആഴ്ച അവസാനത്തോടെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കും.
കഴിഞ്ഞ വർഷം ജൂലൈ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനില അടയാളപ്പെടുത്തിയ മാസമായി നാസയുടെ ഗൊദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസ് റിപ്പോർട്ട് ചെയ്തിരുന്നു. താപനില ഉയരുന്നത് തുടരുന്നതിനാൽ, ഈ വർഷം ജൂലൈ കഴിഞ്ഞ വർഷത്തെ റെക്കോഡിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞർ സൂചന നൽകി. താപനില മുൻ വർഷത്തെ മറികടന്നാൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചികയിലെത്തും.
കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടും. താപനില 52 ഡിഗ്രി സെൽഷ്യസ് കവിയാൻ സാധ്യതയുണ്ട്. ഇന്ത്യൻ ന്യൂനമർദവുമായി ചേർന്ന് ഉയർന്ന മർദം കുവൈത്തിനെ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു.
ചൊവ്വാഴ്ച മുതൽ താപനില ക്രമാതീതമായി ഉയർന്നു തുടങ്ങി. ബുധനാഴ്ച 49 ഡിഗ്രി സെൽഷ്യസിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ 52 ഡിഗ്രി സെൽഷ്യസിലും ഉയരുമെന്നാണ് സൂചന.
പകൽ സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്താനും അൽ ഒതൈബി പൗരന്മാരോടും താമസക്കാരോടും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.