പെയിന്‍റഡ് ലേഡി ശലഭം 

ചിത്രശലഭങ്ങൾ സമുദ്രം താണ്ടുമോ? അന്‍റ്ലാന്‍റിക്കിന് കുറുകേ പറന്ന 'പെയിന്‍റഡ് ലേഡി'യെ കണ്ടെത്തി ഗവേഷകർ

ചിത്രശലഭങ്ങൾക്ക് സമുദ്രം താണ്ടി പറക്കാൻ സാധിക്കുമോ? ചിത്രശലഭങ്ങളെ കുറിച്ചു പഠിക്കുന്നവരും എന്‍റമോളജിസ്റ്റുകളും ശലഭങ്ങളുടെ സഞ്ചാരപഥത്തെ കുറിച്ച് കാലങ്ങളായി ഗവേഷണം നടത്തുന്നുണ്ട്. ഇപ്പോഴിതാ, വൻ സുദ്രങ്ങൾ താണ്ടി മറുകരയെത്താനുള്ള ശേഷി ചിത്രശലഭങ്ങൾക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പശ്ചിമ ആഫ്രിക്കയിൽ കണ്ടുവരുന്ന 'പെയിന്‍റഡ് ലേഡി' എന്ന ചിത്രശലഭമാണ് 4200 കിലോമീറ്ററിലേറെ പറന്ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന തീരത്തെത്തിയത്. പ്രമുഖ ശാസ്ത്രജേണലായ നേച്ചറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

പ്രാണികളെ കുറിച്ച് പഠനം നടത്തുന്ന (എന്‍റമോളജിസ്റ്റ്) ജെറാർഡ് ടലാവെര എന്ന ഗവേഷകൻ ഫ്രഞ്ച് ഗയാനയിലെ ഒരു ബീച്ചിൽ 'പെയിന്‍റഡ് ലേഡി' ചിത്രശലഭത്തെ കണ്ടെത്തുകയായിരുന്നു. 'വനേസ കാർഡുയി' എന്ന ശാസ്ത്രനാമമുള്ള ഈ ശലഭം ആഫ്രിക്കൻ വൻകരയിൽ കാണപ്പെടുന്നതായി അദ്ദേഹത്തിന് അറിയാമായിരുന്നു. തെക്കേ അമേരിക്കയിൽ ഈ ശലഭ ഇനത്തെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ ഗവേഷണമാണ് ചിത്രശലഭത്തിന്‍റെ സമുദ്രാന്തര യാത്രയുടെ ചുരുളഴിച്ചത്.

 

ജെറാർഡ് ടലാവെര, ബ്രിട്ടനിലെ എക്സെറ്റർ സർവകലാശാലയിലെ സഹ ഗവേഷകരായ തോമസ് സുചാൻ, ക്ലമന്‍റ് പി. ബട്ടെയ്‍ലി, മേഗൻ റീച്, എറിക് ടോറോ ഡെൽഗാഡോ, റോജർ വില, നവോമി പിയേഴ്സ് എന്നിവരുമായി ചേർന്ന് 'പെയിന്‍റഡ് ലേഡി'യെ ഫ്രഞ്ച് ഗയാനയിൽ കണ്ടെത്തിയതിൽ പഠനം തുടർന്നു. ശലഭത്തിന്‍റെ സഞ്ചാര പാത പഠിച്ചു.

ഫ്രഞ്ച് ഗയാനയിൽ കണ്ടെത്തിയ 'പെയിന്‍റഡ് ലേഡി'യുടെ ചിറകിൽ നിന്ന് ഇവർ പൂമ്പൊടിയുടെ അവശിഷ്ടങ്ങൾ ശേഖരിച്ചു. പശ്ചിമ ആഫ്രിക്കയിൽ കാണപ്പെടുന്ന ചെടികളിൽ നിന്നുള്ള പൂമ്പൊടിയായിരുന്നു ശലഭച്ചിറകിലുണ്ടായിരുന്നത്. ജനിതക ശ്രേണീകരണം, ഐസോടോപ്പ് ട്രെയ്‌സിങ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ വിശദമായ പഠനത്തിൽ യൂറോപ്പിലും ആഫ്രിക്കയിലും കണ്ടുവരുന്ന ശലഭങ്ങൾ അറ്റ്ലാന്‍റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിലെത്തുന്നു എന്ന് കണ്ടെത്തി. ചിത്രശലഭങ്ങളുടെ പറക്കലിന് സഹായകമാകുന്ന സമുദ്രക്കാറ്റുകളുടെ വിവരങ്ങളും ഇവർ കണ്ടെത്തി. ചിത്രശലഭങ്ങൾ കടൽ കടന്ന് ദേശാടനം നടത്തുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യത്തെ പഠനമാണിത്.

തെക്കേ അമേരിക്കയിലേക്ക് മാത്രമല്ല പെയിന്‍റഡ് ലേഡിയുടെ സഞ്ചാരം. വടക്കൻ ആഫ്രിക്കയിൽ വസന്തകാലത്തിലാണ് പെയിന്‍റഡ് ലേഡി ശലഭങ്ങൾ ജന്മമെടുക്കുന്നത്. വേനലാകുന്നതോടെ ഇവ വടക്കോട്ട് സഞ്ചരിച്ച് മെഡിറ്ററേനിയൻ സമുദ്രവും കടന്ന് യു.കെയിലോ സ്കാൻഡിനേവിയൻ മേഖലയിലോ എത്തും. പല തലമുറകൾ പിറന്നുകൊണ്ടാണത്രെ ഇവ യാത്ര പൂർത്തിയാക്കുന്നത്. യാത്രയിൽ ജന്മമെടുക്കുന്ന പുതിയ പൂമ്പാറ്റകൾ യാത്ര തുടരുകയും പഴയവ ചത്തുപോകുകയും ചെയ്യും.

കാലാവസ്ഥാ രീതികൾ, വിഭവങ്ങളുടെ ലഭ്യത, ഭൂപ്രകൃതിയിൽ മനുഷ്യൻ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ചിത്രശലഭങ്ങൾ അവയുടെ യാത്രാപഥവും സമയവും ക്രമീകരിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി.

ആവാസവ്യവസ്ഥയുടെ തകർച്ച, കാലാവസ്ഥാ വ്യതിയാനം, കീടനാശിനികളുടെ ഉപയോഗം തുടങ്ങിയ പലവിധ കാരണങ്ങളാൽ ഭീഷണി നേരിടുന്ന ശലഭ ഇനമാണ് പെയിന്‍റഡ് ലേഡി. ഇവയുടെ സഞ്ചാരരീതി മനസ്സിലാക്കുന്നത് ശലഭത്തേയും അതിന്‍റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Tags:    
News Summary - Painted lady: Scientists find the first evidence that butterflies crossed an ocean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.