ബ്രഹ്മപുരം : ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന

കൊച്ചി: തീയും പുകയുമുയരുന്ന ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി നൂറുകണക്കിന് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്ത് പ്രവർത്തിച്ചത്. കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെയുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ പലരും ജോലി കഴിഞ്ഞ് വീട്ടില്‍ പോകുന്നതിന് പകരം ബ്രഹ്‌മപുരത്തേക്കെത്തി. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്ത് സന്നദ്ധ സേവനത്തിനെത്തി.

12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. നിലവില്‍ 75 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ബ്രഹ്‌മപുരത്തുണ്ട്. നേരത്തെ കോവിഡ് പ്രതിസന്ധിയിലും പ്രളയകാലത്തുമെല്ലാം അഗ്‌നി രക്ഷാ സേനക്കൊപ്പം ഒറ്റക്കെട്ടായി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ നടത്തിയിരുന്നു. തീയണക്കല്‍ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സേനാംഗങ്ങള്‍ ഒരുക്കി.

സേവനസന്നദ്ധതയുള്ള പൊതുജനങ്ങള്‍ക്ക് ജീവന്‍രക്ഷാ - ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതുവഴി ദുരന്തത്തിന്റെ ആഘാതം കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിവില്‍ ഡിഫന്‍സിന്റെ രൂപീകരണം. അഗ്നിരക്ഷാ സേനക്ക് കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം.


തീ അണക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിരക്ഷാസേന നേതൃത്വം കൊടുത്തപ്പോള്‍ സിവില്‍ ഡിഫന്‍സ് അവര്‍ക്ക് കരുത്തു പകര്‍ന്നു. ഫയര്‍ എഞ്ചിനുകളില്‍ ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള വെള്ളവും നിറക്കുന്നത് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ സിവില്‍ ഡിഫന്‍സ് ഏറ്റെടുത്തു. അവശ്യഘട്ടങ്ങളില്‍ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം തേടി.

തീ അണക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ ദിവസവും നൂറോളം പേരായിരുന്നു വിവിധ ഷിഫ്റ്റുകളിലായി സേവനത്തിനെത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. തൃക്കാക്കര അഗ്‌നിനിലയത്തിലായിരുന്നു ഇവരുടെ താമസ സൗകര്യം ഒരുക്കിയത്.

റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും മേല്‍നോട്ടത്തില്‍ സിവില്‍ ഡിഫന്‍സ് ചീഫ് വാര്‍ഡന്‍ അനു ചന്ദ്രശേഖര്‍, ഡിവിഷണല്‍ വാര്‍ഡന്‍ ബിനു മിത്രന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tags:    
News Summary - Brahmapuram: Civil Defense Force ready to serve in disaster area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.