ബഫര്‍സോൺ: ഗ്രൗണ്ട്‌സർവേ അനിവാര്യമെന്ന് ജോസ് കെ. മാണി

കോട്ടയം: പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത്തല വിദഗ്ദ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട്‌സർവേയും പഠനവും നടത്തിവേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. നിലവില്‍ ഉപഗ്രഹസർവേയിലൂടെ തയാറാക്കി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ഭൂപടവും പൂർണമല്ലന്ന് പശ്ചിമഘട്ട ജനവാസമേഖലകളില്‍ നിന്നും പരാതി ഉയരുന്നതിനാലാണ് ബഫര്‍സോണില്‍ നേരിട്ടുള്ള പരിശോധന വേണമെന്ന ആവശ്യം ഉയരുന്നതെന്നും അദ്ദേഹം അറിയിച്ചു.

ബഫര്‍ സോണ്‍ വിഷയം കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരെയുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ പുനര്‍നിർണയിക്കണമെന്ന ആവശ്യമാണ് കേരളാ കോണ്‍ഗ്രസ് (എം) വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ഭാഗമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി അതിലുള്‍പ്പെട്ട വില്ലേജുകളില്‍ ഗ്രൗണ്ട് സര്‍വേയും പഠനവും നടത്താന്‍ 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് വില്ലേജ് തലത്തില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചിരുന്നു. ബഫര്‍ സോണുകളിലും സമാനമായ പഠനം നടത്തുന്നതിന് 2013-ലെ അതേമാതൃകയില്‍ പഞ്ചായത്തുതല വിദഗ്ധസമിതികള്‍ രൂപീകരിക്കാനുള്ള അടിയന്തര ഉത്തരവ് ഉണ്ടാകണം.

ഈ സമിതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ തയാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ സി.ഇ.സിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബഫര്‍സോണ്‍ സംബന്ധിച്ച് സുപ്രിംകോടതിയില്‍ വാദിക്കുമ്പോള്‍ ഇനംതിരിച്ചുള്ള നിര്‍മ്മിതികള്‍, കൃഷിയിടയങ്ങള്‍, വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് വസ്തുതകള്‍ എന്നിവയുടെ കൃത്യമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തണം.

ബഫര്‍സോണ്‍ നിർണയിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രിംകോടതി പരാമര്‍ശത്തിന്റെ ആനുകൂല്യങ്ങള്‍ കേരളത്തിന് ലഭിക്കുവാന്‍ പിഴവുകളും പിശകുകളും ഇല്ലാത്ത സ്ഥിതിവിവര കണക്കുകളും ഭൂപടവും തയാറാക്കേണ്ടതുണ്ടെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Buffer zone: Jose K. Mani that ground survey is essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.