ബഫർ സോൺ: ജനങ്ങൾക്ക് ആക്ഷേപം അറിയിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് കിഫ

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണുമായി (പരിസ്ഥിതി ദുർബലമേഖല) ബന്ധപ്പെട്ട് സാധാരണ ജനങ്ങൾക്ക് ആക്ഷേപം അറിയിക്കുന്നതിനുവേണ്ടി നൽകിയിരിക്കുന്ന സമയം നീട്ടണമെന്ന് കിഫ(കേരളാ ഇന്‍റിപെന്‍റ്റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.

ആക്ഷേപം അറിയിക്കുന്നതിനുവേണ്ടി നൽകിയിരിക്കുന്ന സമയം ഈ മാസം 23വരെയാണ്. അത് അപര്യാപ്തമാകയാൽ കുറഞ്ഞത് 2023 ജനുവരി 31 വരെ നീട്ടി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല വിഷയത്തിൽ ജനവാസമേഖലകൾ നിർണയിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ഭൗതിക സ്ഥല പരിശോധന ഏകദേശ പഠനത്തിലൊ‍തുക്കി. നിലവിൽ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കമ്മീഷന്റെ കൈവശമുള്ള കെ.എം.എൽ മാപ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കായുള്ള നിർദ്ദേശത്തിൽ പറഞ്ഞിരിക്കുന്നത് മാപ്പ് പരിശോധന നടത്തി തങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള നിർമിതികൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കണം എന്നാണ്. മാപ്പുകൾ പരിശോധന നടത്തി നിർദേശങ്ങൾ സമർപ്പിക്കുന്നതിന് അടിസ്ഥാനപരമായ സാങ്കേതിക ജ്ഞാനം ഇല്ലാത്ത, സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നിർദേശം. നിർദേശപ്രകാരം പ്രവർത്തിക്കാൻ ജനങ്ങൾക്ക് സാധിക്കില്ല.

ബഫർ സോണിൽ ഉൾപ്പെട്ടുവരുന്ന സ്ഥലങ്ങളിൽ അതിർത്തി ലക്ഷ്യങ്ങൾ കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരത്തിൽ ഇടവിട്ട് ഗ്രൗണ്ടിൽ അടയാളപ്പെടുത്തണം. അതനുസരിച്ച് അതിരടയാളങ്ങളുടെ ജിയോ കോർഡിനേറ്റുകൾ പ്രസിദ്ധീകരിക്കുകയും വേണം. ഈ വിഷയങ്ങളിൽ മതിയായ പഠനങ്ങൾ നടത്തുന്നതിന് സമയം ദീർഘിപ്പിച്ച് ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര ഉന്നതാധികാര കമ്മിറ്റിക്കും സുപ്രീംകോടതിക്കും സംസ്ഥാന സർക്കാർ അപേക്ഷ നൽകണമെന്നും കിഫ ആവശ്യപ്പെട്ടു.

24 വന്യജീവി സങ്കേതങ്ങളിൽ ഒന്നുമാത്രമായ എറണാകുളം നഗരഹൃദയത്തിൽ നിൽക്കുന്ന മംഗളവനത്തിന്റെ ബഫർ സോണിൽ ഉൾപ്പെട്ടു വരുന്ന എല്ലാ നിർമിതികളും കൃത്യമായിട്ട് ഉൾക്കൊള്ളിച്ച് മാപ്പ് തയാറാക്കുന്നതിന് കാണിച്ച ശുഷ്കാന്തി സാധാരണ ജനങ്ങൾ താമസിക്കുന്ന ബാക്കി 23 വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ ഉൾപ്പെട്ട് വരുന്ന നിർമിതികൾ കൃത്യമായി അടയാളപ്പെടുത്തുന്നതിന് കാണിച്ചിട്ടില്ല. ധാരണക്കാരനോട് ഭരണവർഗം കാണിക്കുന്ന വിവേചനവും അവഗണനയും വെളിവാക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ പഠനം നടത്തുന്നതിന് കൃഷി, റവന്യൂ, വ്യവസായ വകുപ്പുകളുടെയും സ്വതന്ത്ര കർഷക സംഘടനകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സുതാര്യമായ സംവിധാനത്തെ രൂപീകരിക്കമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Buffer zone: KIFA wants to extend time for people to file objections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.