തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സര്ക്കാരിൻെറ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര് സോൺ വിഷയത്തെ ഇത്രയും അപകടാവസ്ഥയിൽ എത്തിച്ചത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങൾക്ക് മറുപടി നല്കണമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കിൽ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടർന്ന് ജനവാസ മേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർ സോൺ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?
2. വിവാദ ഉത്തരവ് റദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?
3. റവന്യു-തദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല് സര്വേ നടത്താന് തയാറാകാതെ ഉപഗ്രഹ സർവേ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?
4. അവ്യക്തതകള് നിറഞ്ഞ ഉപഗ്രഹ സര്വേ റിപ്പോര്ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?
5. ഉപഗ്രഹ റിപ്പോർട്ടിൽ സുപ്രീം കോടതിയില് നിന്ന് കേരള താല്പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?
ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്താമെന്ന ഉത്തരവ് 2019 ൽ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങൾ പഠിച്ചില്ല. മാനുവല് സർവേ നടത്തണമെന്നത് ഉൾപ്പെടെ സമഗ്രമായ നിർദേശങ്ങൾ പ്രതിപക്ഷം സമർപ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേർക്കാനോ തയാറായില്ല.
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ സമിതിയെയാണ് ഇപ്പോൾ എല്ലാ ചുമതലകളും ഏൽപിച്ചിരിക്കുന്നത്. സെപ്തംബർ 30 ന് നിയോഗിച്ച സമിതി ചെയർമാന്റെ ആനുകൂല്യങ്ങൾ നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്, കാലാവധി അവസാനിക്കാന് മൂന്നാഴ്ച ശേഷിക്കേ ഡിസംബർ 16 നാണ്. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നല്കുമെന്നാണ് പറഞ്ഞിരുന്നത്.
ജനവാസ കേന്ദ്രങ്ങളെയും ബഫർ സോണായി പ്രഖ്യാപിക്കണമെന്നതാണ് സർക്കാർ നിലപാട്. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തരുതെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ തീരുമാനത്തെ അട്ടിമറിക്കുന്നതാണ് 2019-ലെ മന്ത്രിസഭാ യോഗത്തെ തുടർന്നുണ്ടായ ഉത്തരവ്. ബഫർ സോൺ വിഷയത്തിൽ സർാക്കാർ ഉറങ്ങുകയോ അല്ലെങ്കിൽ ദുരൂഹമായ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. ദുരൂഹത നിറഞ്ഞ നിരുത്തരവാദിത്തമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.