അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതമധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലത്താല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കും ഈമാസം 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. അതേസമയം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനാണ് സാധ്യത.

ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്റെ വേഗത സെക്കന്‍ഡില്‍ 42 നും 70 സെന്റീമീറ്ററിനും ഇടയില്‍ മാറി വരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റും മോശം കാലവസ്ഥയും: മത്സ്യബന്ധനം പാടില്ല

ചൊവ്വാഴ്ച വരെ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.

Tags:    
News Summary - Chance of widespread rain for five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.