വൈക്കം: ടോൾ-പാലാംകടവ് റോഡിൽ ടോളിന് കിഴക്കുഭാഗത്തെ ചാണിയിൽ പാടശേഖരം മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം കടുത്തതോടെ സമീപവാസികളും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും ഏറെ ദുരിതത്തിലാണ്. റോഡിന് സമാന്തരമായി അഞ്ചേക്കറോളം വിസ്തൃതിയുള്ള ചാണിയിൽ പാടം തരിശുകിടക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി.
ഒരാൾ പൊക്കത്തിലധികം പുല്ലും വളർന്നു തിങ്ങിയ പാടത്തേക്ക് രാത്രി ലോഡ് കണക്കിന് കക്കൂസ് മാലിന്യമാണ് തള്ളുന്നത്. ഇതിനു പുറമെ അറവുശാല മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും കൂടുകളിലാക്കിക്കൊണ്ടുവന്ന് തള്ളുന്നുണ്ട്.
ആളനക്കമില്ലാത്ത കാടുപിടിച്ച പാടം മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങിയവയുടെ വിഹാര കേന്ദ്രമാണ്. മാലിന്യങ്ങൾ ഏറെയുള്ളതിനാൽ തെരുവ് നായ്ക്കളും ഇവിടെ കടിപിടികൂടുന്നു.
ചൊവാഴ്ച സ്കൂൾ വിദ്യാർഥിനി തെരുവ് നായുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡിനു സമീപത്ത് താമസിക്കുന്ന കുടുംബത്തിലെ ആടിനെ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൂട്ടം കൂടുതകർത്ത് ആക്രമിച്ചു.
ചാണിയിൽ പാടത്തെ മാലിന്യം തള്ളൽ അവസാനിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.