കൂട്ടാലിട: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്സ് പ്രൊഡക്റ്റ് ഉടമ തോമസ് ഫിലിപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതിയാഘാത നിർണയ സമിതിക്ക് അപേക്ഷ നൽകി. 2021 നവംബർ രണ്ടിനാണ് അപേക്ഷ നൽകിയത്. ഡിസംബർ 14ന് ഇത് മിനുട്സിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർ നടപടികൾ വളരെ വേഗത്തിൽ നടക്കുന്നുമുണ്ട്.
സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് ഇ.സിക്ക് വേണ്ടി (എൻവയോൺമെന്‍റൽ ക്ലിയറൻസ്) കേന്ദ്രത്തെ സമീപിച്ചതെന്നാണ് കമ്പനി അപേക്ഷയിൽ പറയുന്നത്. ക്വാറി കമ്പനിക്ക് നാല് വർഷം മുമ്പ് ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി പാരിസ്ഥിതി അനുമതി നൽകിയിരുന്നു. എന്നാൽ നാട്ടുകാരുടെ ശക്തമായ സമരത്തെ തുടർന്ന് ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് കലക്ടർ പാരിസ്ഥിതികാനുമതി മരവിപ്പിച്ചു.
തുടർന്ന് കമ്പനി, സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി മുമ്പാകെ ഇ.സിക്കുള്ള അപേക്ഷ നൽകി. ഈ അപേക്ഷയിൽ വിദഗ്ധ വിലയിരുത്തൽ സമിതി ചെങ്ങോടുമല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കുകയും മല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതിയുടെ ശിപാർശ പാരിസ്ഥിതികാഘാത സമിതി ഇതുവരെ അംഗീകരിച്ചിട്ടില്ല.
ക്വാറി കമ്പനിയുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്നാണ് പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അറിയിച്ചത്. എന്നാൽ തീരുമാനമെടുക്കും മുമ്പെ സമിതിയുടെ കാലാവധി കഴിഞ്ഞു. ഈ തക്കം മുതലെടുത്താണ് കമ്പനി കേന്ദ്രത്തിൽ അപേക്ഷ നൽകിയത്.
ചെങ്ങോടുമല ഖനനത്തിനെതിരെ കഴിഞ്ഞ നാലു വർഷമായി നാട്ടുകാർ സമരത്തിലായിരുന്നു. വിദഗ്ധ സമിതി ഇ.സി നൽകാനുള്ള അപേക്ഷ തള്ളാൻ ശിപാർശ ചെയ്തതോടെ നാട്ടുകാർ വലിയ ആശ്വാസത്തിലായിരുന്നു. എന്നാൽ വീണ്ടും ഇ.സിക്ക് വേണ്ടിയുള്ള അപേക്ഷയുമായി കമ്പനി കേന്ദ്രത്തെ സമീപിച്ചപ്പോൾ നാട്ടുകാർ വലിയ ആശങ്കയിലാണ്. ക്വാറി കമ്പനി പൊളിച്ച കുടിവെള്ള ടാങ്ക് ചെങ്ങോടുമലയിൽ പുന:സ്ഥാപിക്കുകയും വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരം ചെങ്ങോടുമല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യണമെന്നാണ് സമരസമിതിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.