ബഫർ സോണിന്‍റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ള ഇടപെടല്‍ -എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ബഫർ സോണിന്‍റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ള ഇടപെടലാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഉപഗ്രഹ സർവേ മാത്രം മതിയെന്ന് സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഉപഗ്രഹ സർവേയുടെ പോരായ്മകൾ വിദഗ്ധ സമിതി പരിശോധിക്കും. പരാതികൾ പരിഹരിക്കാനുള്ള തിയതി നീട്ടാൻ വിദഗ്ധ സമിതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഉപഗ്രഹ സർവേ പ്രായോഗികമല്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. നേരിട്ടുള്ള സർവേയാണ് വേണ്ടത്. ജനങ്ങളുടെ ആശങ്ക കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിലെ അവ്യക്തതകൾ നീക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല മേഖലയിലെ ജനവാസം സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്‍റർ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. പ്രദേശത്തെ വീടുകൾ, കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം കരടിൽ ഉൾപ്പെടണമെന്നാണ് സുപ്രീംകോടതി നിർദേശം. എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അപൂർണമാണ്.

കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമുളള ഒരു കിലോമീറ്റർ ദൂരമാണ് പരിസ്ഥിത ലോല മേഖലയിൽ ഉൾപ്പെടുന്നത്. എന്നാൽ ഇതിന് പുറത്തുള്ള കൂത്താളി, മരുതോങ്കര വില്ലേജുകളും ചക്കിട്ടപ്പാറ ടൗണും പുതിയ കരട് പട്ടികയിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള കൊല്ലമുള്ള വില്ലേജാവട്ടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല. ശബരിമല വനത്തിന്റെ ഭാഗമായുള്ള പെരിനാട് വില്ലേജ് ഏത് പട്ടികയിൽ ഉൾപ്പെടും എന്നും വ്യക്തമല്ല. കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവേ നമ്പറുകളും പട്ടികയിൽ അവ്യക്തമാണ്. ഓലയും ഓടും മേഞ്ഞ വീടുകൾ, മരത്തണലിലുള്ള വീടുകൾ, ചെറിയ കടകൾ എന്നിവയും ഉപഗ്രഹ ചിത്രങ്ങളിലില്ല. പരാതികൾ ഈ മാസം 23നകം അറിയിക്കാനാണ് വനം വകുപ്പിന്റെ നിർദേശം.

ബഫർ സോണിലെ ജനവാസ മേഖലകളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അനുബന്ധ വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന പുതിയ പട്ടികയും അംഗീകരിക്കാനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

Tags:    
News Summary - controversy in the name of buffer zone for political gain - A.K. Sashindran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.