ഉമ്മുൽ ഖുവൈനിലെ പ്രകൃതി വൈവിധ്യങ്ങളെ നടന്നു കാണാൻ വിനോദസഞ്ചാര വകുപ്പിന്റെ പുതിയ പദ്ധതിയായ പരിസ്ഥിതി സൗഹൃദ പാത സഞ്ചാരികൾക്കായി ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ലോക വിനോദസഞ്ചാര ദിവസത്തിൽ പ്രഖ്യാപിച്ച ഈ പദ്ധതി 2025 ആരംഭത്തിൽ തന്നെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
കണ്ടൽക്കാടുകളാലും ചെറുതുരുത്തുകളാലും സമ്പന്നമായ ഈ പ്രദേശത്തേക്ക് പ്രകൃതി ഭംഗി നുകരാൻ ഒഴുകിയെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. പരിസ്ഥിതിയെ നോവിക്കാതെ തയ്യാറാക്കുന്ന ഈ പാത യാഥാർഥ്യമാകുന്നതോടെ കിളികളോടും മീനുകളോടും കിന്നാരം പറഞ്ഞും കുളിർകാറ്റേറ്റും സന്ദർശകർക്ക് പ്രകൃതിയിൽ നടത്തം ആസ്വദിക്കാം. എമിറേറ്റ്സ് നാച്ചുറൽ ഡബ്ള്യൂ ഡബ്ള്യൂ എഫുമായി സഹകരിച്ചാണ് ഈ പദ്ധതി ടൂറിസം ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്നത്.
ജൈവവൈവിധ്യങ്ങളെയും പ്രകൃതിദത്തമായ തടാകങ്ങളെയും കണ്ടൽക്കാടുകളുടെ പ്രാധാന്യത്തെയും സഞ്ചാരികളെ ബോധവൽക്കരിക്കുക, പ്രകൃതിയുമായി മനുഷ്യരെ കൂടുതൽ അടുപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചത് എന്ന് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹൈത്താം സുൽത്താൻ അലി അറിയിച്ചു. ലഗൂണുകളുടെയും കണ്ടൽക്കാടുകളുടെയും സൗന്ദര്യം ചോരാതെ പ്രകൃതിദത്തമായ സാമഗ്രികളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
തടിയിൽ തീർത്ത 250 മീറ്റർ നീളം വരുന്ന നടപ്പാതയും വൃക്ഷങ്ങൾ തണൽ വിരിച്ച മണൽ കൂനകൾക്കിടയിലൂടെയുള്ള 1.8 മീറ്റർ പാതയും ഇതിൻറെ ഭാഗമാണ്. കൂടാതെ യഥേഷ്ടം സൂചനാബോർഡുകളും ജൈവ വൈവിധ്യങ്ങളുടെ വിവരങ്ങൾ അടങ്ങിയ കുറിപ്പുകളും നിരീക്ഷണത്തിനായി ഒരു മജ്ലിസും ഇതിനോടനുബന്ധിച്ച് സജ്ജീകരിക്കും. ഇത്തരം നൂതന പദ്ധതിയിലൂടെ എമിറേറ്റിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാക്കാനും അതുവഴി ടൂറിസം മേഖലയിലൂടെയുള്ള വരുമാനം ഉയർത്താനാകും എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.