യാംബു: സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് നഗരത്തിന്റെ ചില ഭാഗങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ അതിർത്തിപ്രദേശങ്ങളിലും പൊടിക്കാറ്റുണ്ടാകും. പൊടിക്കാറ്റ് അടിച്ചുവീശുമ്പോൾ ദൂരക്കാഴ്ച കുറയുമെന്നും വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വരുംദിവസങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടും. ഉപരിതല കാറ്റിന്റെ വേഗതയും വർധിക്കും. സൗദിയുടെ കിഴക്കൻ മേഖലകളിലും ജീസാൻ, അസീർ, അൽബാഹ, നജ്റാൻ, മക്ക, മദീന, ത്വാഇഫ് എന്നിവിടങ്ങളിൽ മഴക്കുള്ള സാധ്യതയും കേന്ദ്രം പ്രവചിച്ചു. ചില പ്രദേശങ്ങളിൽ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
കിഴക്കൻ മേഖലയിൽ കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കുപ്രദേശത്ത് താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്നും പ്രതീക്ഷിക്കുന്നു. റിയാദ്, അൽഖസീം, വടക്കൻ അതിർത്തികളുടെ കിഴക്കൻ ഭാഗങ്ങൾ, മദീന എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ താപനില വർധിക്കുന്ന അവസ്ഥയാണുള്ളതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.