തിരുവനന്തപുരം: കേരളത്തിലെ സംരക്ഷിതവനമേഖലക്ക് ചുറ്റുമുള്ള ജനവാസമേഖലകള്‍ ഒഴിവാക്കി കരുതൽമേഖല പ്രഖ്യാപിക്കാനുള്ള സര്‍ക്കാർ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്ന് സൂചന. കഴിഞ്ഞദിവസം നിയമ സെക്രട്ടറിയും വനം സെക്രട്ടറിയും അടങ്ങിയ ഉന്നതതല സംഘം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ടിലെ നിയമ പ്രശ്നങ്ങള്‍ നിയമ സെക്രട്ടറിയും എ.ജിയും പരിശോധിച്ചുവരുകയാണ്. വനം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അനുമതി ലഭിച്ചാല്‍ തിങ്കളാഴ്ച ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ കരുതൽമേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ തിരുത്തല്‍ ഹരജി നല്‍കുന്നതടക്കമുള്ള നടപടികള്‍ ഉത്തരവ് ഇറങ്ങിയ ശേഷമാകും സര്‍ക്കാര്‍ സ്വീകരിക്കുക. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ക്ക് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് തയാറാക്കുന്നത്.
ജനവാസമേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും ഒഴിവാക്കി വേണം കരുതൽമേഖല പ്രഖ്യാപിക്കേണ്ടതെന്നാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നിലപാട്. പുതിയ ഉത്തരവിറങ്ങുന്നതോടെ ദേശീയോദ്യാനങ്ങള്‍ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചുള്ള 2019ലെ ഉത്തരവിന്റെ പ്രസക്തി നഷ്ടമാകുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നു.
അതേസമയം, 2019 ഒക്ടോബർ 23ന് എടുത്ത മന്ത്രിസഭയോഗ തീരുമാനത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കൃഷിയിടങ്ങൾ ഉൾപ്പെടെ കരുതൽ മേഖലയിൽനിന്ന് പൂർണമാക്കി ഒഴിവാക്കുന്നത് ഉത്തരവിലുണ്ടാകുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.