നഷ്ടപ്പെട്ടുപോയ വന്മരങ്ങളും ലതാനികുഞ്ജങ്ങളും ഹരിതകാന്തിയുമടങ്ങുന്ന ആവാസവ്യവസ്ഥയെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി പരിസ്ഥിതിയുടെ പുനഃസ്ഥാപനത്തിനായി 1974ലാണ് ഐക്യരാഷട്രസഭ ആദ്യമായി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തുടക്കമിട്ടത്. ലോകത്തിലെ സകലമാന ജനങ്ങളും അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ അതിജീവിക്കാനുള്ള കരുത്തും അവബോധവും വ്യക്തികളിൽ സൃഷ്ട്ടിച്ചുകൊണ്ട് ജൈവ വൈവിധ്യത്തിന്റെ കാവലാളായി വ്യക്തികളെ രൂപാന്തരപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ലോകപരിസ്ഥിതി ദിനത്തിന്റേത്.
'തണലും കുളിർ നിഴലും പകലുറക്കത്തിന് മലർവിരിയു'മെല്ലാം നമുക്ക് നൽകുന്ന ഭൂമി മനുഷ്യന്റേതല്ലെന്നും മനുഷ്യൻ ഭൂമിയുടെ വിലപ്പെട്ട സ്വത്താണെന്നും ഓർമ്മപ്പെടുത്തുന്ന ദിവസമാണിത് എന്നാണ് കാൽപ്പനിക ശബ്‌ദത്തിൽ കവിവചനം.മാരകമായ അണുവായുധ ശേഖരവുമായി ഒളിഞ്ഞും തെളിഞ്ഞും സൗരമണ്ഡലപ്പരപ്പിലൂടെ സ്വൈര്യവിഹാരം നടത്തുന്നവരെ നോക്കി ഭൂമിക്ക് ചരമഗീതം പാടിയ മലയാളത്തിലെ മഹാകവി ഒ.എൻ.വി കുറുപ്പ് ഇന്ന് നമ്മോടോപ്പമില്ല. ഒപ്പം സുഗതകുമാരി ടീച്ചറെപ്പോലുള്ളവരിൽ പലരും. നമുക്കവരെക്കൂടി ഇന്നോർക്കാം.
ഭൂമിക്ക് അന്ത്യം അകലെയല്ല. സർവ ജീവജാലങ്ങളും എരിഞ്ഞടങ്ങി വെന്ത് വെണ്ണീറാവും. ക്രാന്തദർശിയായ കവി അകക്കണ്ണുകൊണ്ട് കണ്ടുകൊണ്ടാവണം ഭൂമിക്ക് നേരത്തെതന്നെ ചരമഗീതമൊരുക്കിയതെന്നുവേണം കരുതാൻ.തന്റെ കാൽച്ചുവട്ടിൽ മുളച്ചുപൊങ്ങിയ കറുകപ്പുൽനാമ്പിന്റെ നെറുകയിലെ മഞ്ഞുതുള്ളിയിൽ ഒരു കുഞ്ഞുസൂര്യൻ ഉദിച്ചുയരുന്നത് കൗതുകത്തോടെ നോക്കിക്കണ്ട കവി തന്നെയാണ് ഭൂമിക്ക് ചരമഗീതമെഴുതിയത്. ഭുമിയിലെയും അതിലധിവസിക്കുന്ന സർവ ജീവജാലങ്ങളുടെയും നിലനിൽപ്പിനെ അതിരുകടന്ന ആകാംക്ഷയോടെയാണ് കവി നോക്കിക്കണ്ടത്. 'ഭൂമിക്കൊരു ചരമഗീതം' ഒരിക്കൽക്കൂടി നമുക്കിന്ന് വായിക്കാം. ഒരാവർത്തികൂടി...
പരിസ്ഥിതി ദിനത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണം നിർത്തലാക്കുന്നതായി വാർത്ത. പകരം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ സാമൂഹിക വനവത്കരണവിഭാഗം 2022ൽ 47 ലക്ഷം വൃക്ഷത്തൈകൾ കേരളത്തിന്റെ മണ്ണിൽ വേരിറങ്ങാനനുവദിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ പൊതുമുതൽ ധൂർത്തടിക്കപ്പെടുന്ന അവസ്ഥക്ക് ഗണ്യമായ മാറ്റം. ഒപ്പം സംരക്ഷണവും. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഇ. പ്രദീപ്‌കുമാറിന്റെ പ്രസ്‌താവന സ്വാഗതാർഹം എന്നേ പറയാനാവൂ. 'പണമൊഴുക്കിയിട്ടും വളരാത്ത മരങ്ങ'ളുടെ കാര്യത്തിൽ വൈകി വന്ന ബുദ്ധി ആരുടെ പക്ഷത്തുനിന്നായാലും നന്ദി പറയാതെ വയ്യ.
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സാമൂഹിക വനവത്കരണ വിഭാഗം സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകൾ വഴി കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാന വ്യാപകമായ തോതിൽ വിതരണം ചെയ്ത വൃക്ഷത്തൈകളുടെ എണ്ണം കേട്ട് ആരും ഞെട്ടരുത്; 8 കോടി 75 ലക്ഷം തൈകൾ!. എന്നുവെച്ചാൽ ശരാശരി ഒരുവർഷം പത്തുകോടി രൂപക്കടുത്ത് പൊതുമുതൽ വിനിയോഗിച്ചാണ് ജൂൺ 5 എന്ന പരിസ്ഥിതിതി ദിനത്തിൽ ചെടി നട്ടതെന്നർഥം .ഈ തൈകളിൽ പകുതിയെങ്കിലും വളർന്നിരുന്നുവെങ്കിൽ കേരളം എന്നോ മഹാവനമായി തീർന്നേനെ.
നമ്മൾ നടുന്ന തൈകൾ പരിപാലിക്കപ്പെടുന്നുണ്ടോ? എത്ര എണ്ണം വളർന്നു എന്നതിനായി കൃത്യമായി ഉറപ്പുവരുത്തണം. കണക്കെടുപ്പ് വേണം. കോടികൾ മുടക്കി നൽകിയ വൃക്ഷത്തൈകളിൽ പത്തുശതമാനം മാത്രമേ നിലനിൽക്കുന്നുള്ളൂ.
പോയ വർഷങ്ങളിൽ ഇരുന്നും കുനിഞ്ഞും നിന്നും ഈ ദിനത്തിൽ പലരും നട്ടിരുന്ന ചെടികളിൽ എത്ര എണ്ണം നിലവിലുണ്ടെന്ന ആത്മപരിശോധന കൂടി ലോക പരിസ്ഥിതി ദിനത്തിൽ നടത്തുമെങ്കിൽ ഏറെ നല്ലത്. ആയിരം തൈകൾ നടുന്നതിലല്ല കാര്യം. അതിനെ സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള മനസ്സും ഇച്ഛാശക്തിയുമാണാവശ്യം. അന്തരീക്ഷ ഊഷ്‌മാവ് ഗണ്യമായതോതിൽ കുറക്കുന്നതിനും മണ്ണിലെ ജലസാന്നിദ്ധ്യം നിലനിർത്താനും പക്ഷിമൃഗാദികളുടെ
സംരക്ഷണത്തിനും വൃക്ഷനിബിഡമായ വനമേഖലകൾ അനിവാര്യമാണ്. ജൂൺ അഞ്ചിന് വൃക്ഷത്തൈകൾ നട്ടതുകൊണ്ടുമാത്രം ഇവിടെ വനങ്ങളുണ്ടാവില്ല. അനുഭവം നമ്മെ പഠിപ്പിച്ചതങ്ങിനെ. വൃക്ഷത്തൈകൾ നടുന്നതിലല്ല കാര്യം. അതിനെ സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള മനസ്സും ഇച്ഛാശക്തിയുമാണാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.