സർക്കാറിനും അദാനിക്കും കടലുമായി കരാർ ഒപ്പിടാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ

കോഴിക്കോട്: സർക്കാറിനും അദാനിക്കും കടലുമായി കരാർ ഒപ്പിടാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ. കടൽ തീരുമാനിക്കും വിഴിഞ്ഞത്ത് തുറമുഖം നിർമിക്കുന്നതിന്റെ ആഘാതം എന്തായിരിക്കുമെന്നും ഇക്കാര്യം സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജോൺ പെരുവന്താനം, ഇ.പി. അനിൽ എന്നിവർ മാധ്യമം ഓൺലൈനിനോട് പറഞ്ഞു.

ജൂൺ- ജൂലൈ മാസങ്ങളിൽ തീരത്ത് വലിയ പ്രത്യാഘാതം ഉണ്ടാവും. ശംഖുമുഖം കടൽ തീരം എടുത്തുപോയാൽ മൽസ്യത്തൊഴിലാളികളുടെ ഒട്ടേറെ ഗ്രമങ്ങൾ ഇല്ലാതാവും. മറുവശത്ത് പുതിയൊരു മണൽതീരം രൂപം കൊള്ളാം. അതും അദാനിക്കായിരിക്കും നേട്ടമുണ്ടാകുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

കടൽതീരം കവർന്നെടുക്കുന്ന വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന്റെ നിർമാണത്തിനെതിരായ സമരം തുടരണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പൊതുവികാരം. ഈ മാസം 11ന് ഇത് സംബന്ധിച്ച പരിപാടികൾ ചർച്ച ചെയ്യുന്നതിന് തിരുവനന്തപുരത്ത് യോഗം ചേരും. 'സേവ് വിഴിഞ്ഞം' എന്ന ബാനറിൽ പ്രചാരണം നടത്തനാണ് ആലോചിക്കുന്നത്.

തീരശോഷണം സംബന്ധിച്ച് സർക്കാർ നടത്തുന്ന പഠനത്തിന് സമാന്തരമായി അന്തരാഷ്ട്ര രംഗത്തെ അക്കാദമിക വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്താനുള്ള സാധ്യത യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനത്തെ ജനകീയ പ്രസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. തുറമുഖ സംരക്ഷണത്തിന് കേന്ദ്ര സേനയെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൽസ്യത്തൊഴിലാളികളെ സമരത്തിൽനിന്ന് പിൻതിരിപ്പിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വിലയിരുത്തൽ.

സഭ ഗതികേടുകൊണ്ടാണ് സമരത്തിൽ നിന്ന് പിൻവാങ്ങിയത്. 3,000 പേരുടെ പേരിൽ കേസ് എടുത്തതോടെയാണ് മതമേലധ്യക്ഷന്മാർ പിൻവാങ്ങിയത്. തുറമുഖനിർമാണം തുടരുമ്പോൾ പശ്ചിമഘട്ടത്തിൽനിന്ന് വൻതോതിൽ പാറ ഖനനം ചെയ്യേണ്ടിവരും. അത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖകളിലും വലിയ ആഘാതമുണ്ടാക്കും. ഇതൊന്നും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിഷയമല്ല.11ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ പരിസ്ഥിതി സംഘടകളും പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. 

Tags:    
News Summary - Environmental activists say that the government and Adani cannot sign an agreement with the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.