തൃശൂർ: കൂടിയ അന്തരീക്ഷ ഈർപ്പമാണ് ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് (ഫീൽ ടെംപറേച്ചർ) കഠിനമാക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ. താരതമ്യേന കുറഞ്ഞ അന്തരീക്ഷ താപനില ഉണ്ടായാൽ പോലും ഈർപ്പത്തിന്റെ അംശം കൂടുതലാണെങ്കിൽ അനുഭവിക്കുന്ന ചൂട് യഥാർഥത്തിലുള്ളതിനേക്കാൾ വളരെ കൂടിയിരിക്കും. കേരളത്തിലെ കടലും ജലാശയങ്ങളും മൂലം ബാഷ്പീകരണം നന്നായി നടക്കുന്നതാണ് ഈർപ്പ സാന്നിധ്യം കൂടാൻ കാരണം. 60 ശതമാനത്തിന് മുകളിൽ അന്തരീക്ഷത്തിൽ ഈർപ്പ സാന്നിധ്യമുണ്ട്. ഇതാണ് പുഴുക്ക് വല്ലാതെ വർധിപ്പിക്കുന്നത്.
ഈർപ്പം കൂടിയ സാഹചര്യത്തിൽ ശരീരത്തിൽ ബാഷ്പീകരണം നടക്കാത്തതിനാൽ അസ്വസ്ഥത കഠിനവുമാവും. ആറു ജില്ലകളിൽ സൂര്യാഘാത സാധ്യത പ്രവചിച്ചതിന് പിന്നിലെ കാരണവും ഇതാണ്. ഒപ്പം ഭൗമവികിരണങ്ങൾ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് തടയപ്പെടുന്നതാണ് രാത്രിയിൽ ചൂട് കൂടാനിടയാക്കുന്നത്.
പുലർച്ചെ പോലും വിയർക്കുന്ന സാഹചര്യമാണിത് സൃഷ്ടിക്കുന്നത്. നിലവിൽ സ്വയം നിയന്ത്രിത താപമാപിനികളിൽ മാത്രമാണ് 40 സെന്റി ഗ്രേഡിന് മുകളിൽ ചൂട് രേഖപ്പെടുത്തുന്നത്. നട്ടുച്ച സമയത്താണ് സൗര വികിരണ തോത് കൂടുതലുണ്ടാവുന്നത്. എന്നാൽ, കൂടിയ താപനില രേഖപ്പെടുത്തുന്നത് രണ്ടിനും മൂന്നിനും ഇടയിലാണ്. ഒരു ദിവസത്തെ കൂടിയ താപനിലയും ആ ദിവസത്തെ അന്തരീക്ഷ ഈർപ്പത്തിന്റെ അളവുമാണ് അനുഭവപ്പെടുന്ന ചൂടിനെ നിർണയിക്കുന്നത്.
തെളിഞ്ഞ ആകാശത്തിൽ മാത്രമേ ഭൗമവികരണങ്ങളുടെ തിരിച്ചുപോക്ക് സാധ്യമാവൂ. മേഘാവൃതമായ അന്തരീക്ഷത്തിൽ ഇത് അസാധ്യമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മേഘരൂപവത്കരണം അനുകൂലഘടകമാണ്. ഈ ആഴ്ചയിൽ അവസാനം കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി. ഇതോടെ കനത്തചൂടിന് അൽപം ആശ്വാസമുണ്ടാവും. കടലിൽ നിന്നുള്ള ഈർപ്പത്തിന് അപ്പുറം പ്രാദേശിക ഘടകങ്ങൾ കൂടി ഒത്തുവന്നാൽ മാത്രമേ മഴ സാധ്യത നിഴലിക്കൂ. അതേസമയം മാർച്ച് 15നും 20നുമിടയിൽ കേരളത്തിന് പരമ്പരാഗതമായി വേനൽമഴ ലഭിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുന്നതിനൊപ്പം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉന്നതതല യോഗത്തിനുശേഷം ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ചിക്കന്‍പോക്സ്, വയറിളക്ക രോഗങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത വേണം. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ടുള്ള വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
കടകളില്‍നിന്നും പാതയോരങ്ങളില്‍നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ ഉണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തണം. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ചേര്‍ന്ന് ജ്യൂസ് കടകളിലുപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധന നടത്തും. തീപിടിത്തം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പുലര്‍ത്തണം -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.