തിരുവനന്തപുരം: വനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും മണ്ണ്-ജലസംരക്ഷണം ലക്ഷ്യമിട്ടും വനം വകുപ്പിെൻറ തോട്ടങ്ങൾ ഘട്ടംഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റുന്ന നയരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകി. സര്‍ക്കാര്‍ ഉടമസ്ഥതയിെല ശോഷിച്ച വനങ്ങള്‍, അക്കേഷ്യ, വാറ്റില്‍, യൂക്കാലി തോട്ടങ്ങള്‍, നിലവിെല തേക്ക് തോട്ടങ്ങളില്‍ വളര്‍ച്ച മുരടിച്ചവ, വന്യജീവി വഴിത്താരകളിലുള്ളവ, പ്രകൃതിദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവ, നദീതീരങ്ങളിലുള്ളവ എന്നിവയാകും സ്വാഭാവിക വനങ്ങളാക്കി മാറ്റുക.
വെട്ടിമാറ്റുന്ന വ്യവസായിക തോട്ടങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ചെറുകിട വനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ന്യായവിലയ്ക്ക് നല്‍കും. ഈ വരുമാനത്തിെൻറ 50 ശതമാനം പരിസ്ഥിതി-പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി നിലനിര്‍ത്തുന്ന തേക്കുതോട്ടങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിനും വനാധിഷ്ഠിത സമൂഹത്തിെൻറ ഉന്നമനത്തിനും ആധുനിക വനപരിപാലന പ്രവര്‍ത്തനങ്ങള്‍ക്കും റിവോൾവിങ് ഫണ്ടായി വിനിയോഗിക്കും. സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം സംബന്ധിച്ചാണ് നയരേഖ.
•വനത്തിെൻറ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സെന്ന (മഞ്ഞക്കൊന്ന), ലൻറാന, മൈക്കേനിയ തുടങ്ങിയ സസ്യങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യും. തദ്ദേശ സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രീതിയില്‍ മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വനാശ്രിതർക്ക് ഇതിലൂടെ അധിക തൊഴിലവസരങ്ങള്‍ നൽകും. ചെറുകിട വനവിഭവങ്ങളുടെ ശാസ്ത്രീയശേഖരണം, മൂല്യവർധന, മെച്ചപ്പെട്ട വിപണനം എന്നിവ ഉറപ്പാക്കി ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും, വരുമാന മാര്‍ഗങ്ങളും കാടിെൻറ സംരക്ഷണവും സാധ്യമാക്കും.
•കാവുകള്‍ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ പ്രോത്സാഹനം നല്‍കും.
•സ്വകാര്യ ഉടമസ്ഥതയിെല കണ്ടല്‍കാടുകള്‍ നഷ്ടപരിഹാരം നല്കി ഏറ്റെടുക്കും. ഇതുവഴി വനവിസ്തൃതി വർധനയും കണ്ടല്‍കാടുകളുടെ പുനരുജ്ജീവനവും സാധ്യമാകും.
•വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്താൻ തടയണകളും കുളങ്ങളും നിർമിക്കും.
•തീരദേശ ജനതയുടെയും തദ്ദേശവകുപ്പിെൻറയും പങ്കാളിത്തത്തോടെ തീരവനം നിർമിക്കും.
•വിദ്യാലയങ്ങളിലും നഗരങ്ങളിലും മറ്റും ചെറുവനങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കും.
•ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കാടിെൻറ അതിര്‍ത്തി നിര്‍ണയിച്ച് ജണ്ടകെട്ടി സംരക്ഷിക്കും. വനാതിര്‍ത്തികളുടെ ഡിജിറ്റൈസേഷന് നടത്തും. വനസുരക്ഷക്കായി കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും.
`തൈ നടാം; മരം മുറിക്കാം സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തോട്ടം
വൃക്ഷാവരണം വർധിപ്പിച്ച് കാര്‍ബണ്‍ ആഗീകരണം വർധിപ്പിക്കാനും വനാശ്രിതത്വം കുറക്കാനുമായി സ്വകാര്യ ഭൂമിയില്‍ വൃക്ഷം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കും. തൈകള്‍ നൽകും. കൃഷിക്കാർക്കും പട്ടയ ഉടമകൾക്കും നട്ടുപിടിപ്പിച്ച വൃക്ഷങ്ങള്‍ മുറിച്ച് ഉപയോഗിക്കാൻ നിയമ നിർമാണത്തിന് മറ്റു വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.