മലപ്പുറം: മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ വിലയിരുത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) വീണ്ടും ജില്ലയിൽ പഠനം നടത്തും. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് നടപടി. ഇത് സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ ജില്ല ദുരന്ത നിവാരണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നവംബർ-ഡിസംബർ മാസങ്ങളിലാകും സംഘം ജില്ലയിൽ എത്തുക.
ജില്ലയിലെ പരിസ്ഥിതി ലോല മേഖലകളിൽ സംഘം വിശദ പരിശോധന നടത്തും. 2019ലാണ് ജി.എസ്.ഐ നേരത്തെ ജില്ലയിൽ പഠനം നടത്തിയത്. ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ച് 2010ൽ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും പഠനം നടത്തിയിട്ടുണ്ട്. നിലവിൽ ജി.എസ്.ഐയുടെ പഠനത്തിനായി ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളുടെ വിവരങ്ങൾ ജില്ല ദുരന്ത നിവാരണ വിഭാഗം കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനാണ് അധികൃതർ വിവരങ്ങൾ നൽകിയത്.
നിലവിൽ ജില്ലയിൽ മലയോര മേഖലയിലെ 10 വില്ലേജുകളാണ് പ്രധാന പരിസ്ഥിതി ലോലമേഖലകളായി വിലയിരുത്തുന്നത്. ജില്ല ദുരന്ത നിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം ചുങ്കത്തറ, കുറുമ്പലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായി, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരകുണ്ട് എന്നിവയാണിത്. കൂടാതെ പുതിയ കരടിൽ പോത്തുകൽ വില്ലേജ് കൂടി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഈ സ്ഥലങ്ങളെല്ലാം ജി.എസ്.ഐ സന്ദർശിക്കും. പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതോടെ ജില്ലയിലെ പ്രദേശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർക്ക് ലഭ്യമാകും.
2023ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 134.489 ചതുരശ്ര മീറ്റർ പരിസ്ഥിതി ദുർബല പ്രദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.