ജില്ലയെ ഹരിതാഭമാക്കാൻ പച്ചത്തുരുത്തുകൾ

പാലക്കാട്‌: ജില്ലയെ ഹരിതാഭമാക്കാൻ പച്ചത്തുരുത്തുകളൊരുങ്ങുന്നു. ചെറുവനങ്ങൾ സൃഷ്ടിച്ച് പരിപാലിച്ച്‌ പച്ചപ്പ് ഒരുക്കാൻ പുതിയതായി 136 നവകേരളം പച്ചത്തുരുത്തുകളാണ്‌ പരിസ്ഥിതി ദിനത്തിൽ സ്ഥാപിക്കുക. സംസ്ഥാനത്തിനുതന്നെ മാതൃകയായി നിലവിൽ 103 പച്ചത്തുരുത്ത്‌ ജില്ലയിലുണ്ട്‌.

പുതിയ 30 പച്ചത്തുരുത്ത്‌ ജില്ല പഞ്ചായത്താണ്‌ ഒരുക്കുക. ഏഴ് നഗരസഭയിലും 88 പഞ്ചായത്തിലും 13 ബ്ലോക്കിലുമായി ആകെ 136 പച്ചത്തുരുത്തുകൾ സ്ഥാപിക്കും. കുറഞ്ഞത്‌ അഞ്ച് സെന്‍റുള്ളയിടത്താണ്‌ പച്ചത്തുരുത്ത്‌ ഒരുക്കുന്നത്. ജില്ലയിൽ ഹരിത കേരളം മിഷന്‍റേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തിൽ ജനപങ്കാളിത്തത്തോടെയാണ് പച്ചത്തുരുത്ത്‌ സൃഷ്ടിക്കുന്നത്.

ഭാഗികമായി നശിച്ച 19 എണ്ണം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലങ്ങളിൽ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകൾ സൃഷ്ടിക്കാൻ 'നവകേരളം പച്ചത്തുരുത്ത്' കാമ്പയിൻ വിപുലമായി നടപ്പാക്കും. തരിശുഭൂമിയിൽ പ്രകൃതി വിഭവങ്ങൾ ശാസ്ത്രീയമായി നട്ടു പരിപാലിക്കുക ലക്ഷ്യമിട്ടാണ് ഹരിത കേരളം മിഷൻ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്.

ഔഷധഗുണമുള്ള മരങ്ങൾ ഉൾപ്പെടുന്ന എട്ട്‌ സവിശേഷ പച്ചത്തുരുത്താണ് ജില്ലയിലുള്ളത്.

വാഴ, തെങ്ങ്, ബദാം, മാവ്, കണിക്കൊന്ന, പേരയ്ക്ക, കമുക്‌, മരച്ചീനി, വൈറ്റ് സീഡ് ബാംബു, അരിനെല്ലി, കറിവേപ്പ്, പപ്പായ, ഇരുള്, പൂവരശ്, ഞാവൽ, ലക്ഷ്മിതരൂ, മാതളം എന്നീ മരങ്ങളും കുറ്റിച്ചെടികളും ചെറുചെടികളുമാണുള്ളത്. ഇവ പരിപാലിക്കുന്നത് ജനങ്ങളാണ്‌. മാസംതോറും വില്ലേജ് ഓഫിസ് അധികൃതർ പരിശോധന നടത്തും.

സീഡ് ബാളുകൾ വിതക്കാനൊരുങ്ങി എൻ.എസ്.എസ് വളന്‍റിയർമാർ

ആനക്കര: കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയർമാർ പരിസ്ഥിതി ദിനത്തിൽ സീഡ് ബാൾ വിതക്കാനൊരുങ്ങുന്നു. വീട്ടുതൊടിയിലും പൊതുസ്ഥലങ്ങളിലുമാണ് സീഡ് ബാളുകൾ വിതക്കുന്നത്. വളന്‍റിയർമാർ തയാറാക്കിയ ഫല വൃക്ഷങ്ങളുടെയും മറ്റും വിത്തുകളാണ് പ്രകൃതിയിലേക്ക് വിതക്കുന്നത്.

ചാണകവും മണ്ണും ഉപയോഗിച്ച് മിശ്രിതമാക്കി അകത്ത് ഫല വൃക്ഷങ്ങളുടെ വിത്ത് വെച്ച് ആണ് സീഡ് ബാളുകൾ തയാറാക്കുന്നത്. ഇവ തരിശുനിലങ്ങളിലും മറ്റും വിതക്കുന്നു. മഴയും മറ്റ് അനുകൂല കാലവസ്ഥയും വരുമ്പോൾ സീഡ് ബാളിലെ വിത്ത് മുള പൊട്ടി പ്രകൃതിയിലേക്ക് വളരുന്നു എന്നതാണ് പ്രത്യേകത.

പ്രിൻസിപ്പൽ റാണി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ സി.വി. പ്രിനേഷ്, സീനിയർ അസിസ്റ്റൻറ് മൃദുല എന്നിവര്‍ സംസാരിച്ചു. ലീഡർ പി. അശ്വനി സ്വാഗതവും വളന്‍റിയർ എ.പി. കാർത്തിക നന്ദിയും പറഞ്ഞു.

10,000 വൃക്ഷത്തൈകൾ വിതരണത്തിന് തയാറാക്കി കോട്ടായി

കോട്ടായി: പരിസ്ഥിതി ദിനത്തിൽ കോട്ടായി പഞ്ചായത്തിലെ 15 വാർഡുകളിലെയും പൊതു സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കാനും പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക് വിതരണം ചെയ്യാനും പഞ്ചായത്ത് പരിധിയിലെ സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവക്ക് വിതരണം ചെയ്യാനുമായി 10,000 ഫലവൃക്ഷത്തൈകൾ ഒരുക്കി കോട്ടായി പഞ്ചായത്ത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ നഴ്സറിയിൽ പേര, വാക, വേപ്പ്, ചേര്, പുളി, മാവ്, പ്ലാവ്, പപ്പായ, നാരങ്ങ, ഉങ്ങ്, കവുങ്ങ് തുടങ്ങി വിവിധയിനം തൈകളാണ് തയാറാക്കിയിട്ടുള്ളത്.

ഏഴു മാസം പ്രായമായ തൈകളാണ് വിതരണത്തിന് സജ്ജീകരിച്ചിട്ടുള്ളതെന്ന് തൈപരിപാലനത്തിന് നേതൃത്വം കൊടുക്കുന്ന തൊഴിലാളികൾ പറഞ്ഞു.

Tags:    
News Summary - Greenery to green the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.