ജൊനാഥൻ, വയസ്സ് 191, സ്ഥലം സെന്റ് ഹെലേന ദ്വീപ്. പേരും വയസ്സും വായിച്ച് തെറ്റിദ്ധരിക്കേണ്ട, ആളൊരു ആമയാണ്. കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന ജീവിയാണ് ഇപ്പോൾ ജൊനാഥൻ. ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമയെന്ന ഗിന്നസ് റെക്കോഡും ജൊനാഥൻ സ്വന്തമാക്കിയിരുന്നു.
ബ്രിട്ടീഷ് അധീനപ്രദേശമായ സെന്റ് ഹെലേന ദ്വീപിലാണ് ജൊനാഥന്റെ താമസം. 1882ൽ സീഷെൽസിൽനിന്ന് സെന്റ് ഹെലേനയിലേക്ക് കൊണ്ടുവരുകയായിരുന്നു. 1882ൽതന്നെ ജൊനാഥൻ പൂർണ വളർച്ചനേടി 50 വയസ്സിലെത്തിയിരുന്നു.
രണ്ട് ലോകയുദ്ധങ്ങൾ, റഷ്യൻ വിപ്ലവം, ബ്രിട്ടീഷ് സിംഹാസനത്തിൽ ഏഴ് രാജാക്കന്മാർ, 39 യു.എസ് പ്രസിഡന്റുമാർ എന്നിവ ജൊനാഥന്റെ ജീവിതകാലത്തിലൂടെ സഞ്ചരിച്ചു.
1791-92 കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമിച്ച ‘പ്ലാന്റേഷൻ’ എന്ന ജോർജിയൻ മാളികയുടെ ഭംഗിയുള്ള പുൽത്തകിടിയാണ് ജോനാഥന്റെ വീട്. ഡേവിഡ്, എമ്മ, ഫ്രെഡ് എന്നിങ്ങനെ പേരുകളുള്ള മൂന്ന് ഭീമൻ ആമകളും ജൊനാഥന് കൂട്ടിനുണ്ട്.
സീഷെൽസ് ദ്വീപ് സമൂഹത്തിൽ കാണപ്പെടുന്ന അൽദാബ്രാൻ സ്പീഷീസിൽപ്പെട്ട ആമയാണ് ജൊനാഥൻ എന്നാണ് വളരെക്കാലം കരുതിയിരുന്നത്. എന്നാൽ, ജൊനാഥനെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതോടെ വളരെ അപൂർവമായ ഭീമൻ ആമയാകാമെന്ന് കണ്ടെത്തുകയായിരുന്നു. 150 വയസ്സാണ് ശരാശരി ആയുസ്സെങ്കിലും 191ാം വയസ്സിലും വാർധക്യ സഹജമായ അസുഖങ്ങളല്ലാതെ മറ്റൊന്നും ജൊനാഥനെ അലട്ടുന്നില്ല. തിമിരംമൂലം കാഴ്ച നഷ്ടമാവുകയും ഗന്ധം നഷ്ടമാവുകയും ചെയ്തു. പല്ലുകൾക്ക് മൂർച്ചയും കുറഞ്ഞു. എന്നാൽ, മികച്ച കേൾവിശക്തിയും വിശപ്പും ജൊനാഥനുണ്ട്. അതിനാൽ, ആന്തരികാവയവങ്ങളെല്ലാം ശരിയായി പ്രവർത്തിക്കുന്നതായി ജൊനാഥന്റെ ഡോക്ടർ പറയുന്നു. കാബേജ്, കുക്കുംബർ, ആപ്പിൾ, കാരറ്റ് തുടങ്ങിയവയാണ് ഇഷ്ടഭക്ഷണം. പ്രായക്കൂടുതൽ കാരണം വൈറ്റമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണവും ജൊനാഥന് നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.