ലോക വന്യജീവിദിനമാണ് ഒക്ടോബർ നാല്. ഒരു കടുവയുടെ മനസ്സിന്റെ സഞ്ചാരം അടയാളപ്പെടുത്തുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻകൂടിയായ ലേഖകൻ
അപകടമൊന്നുമില്ലെന്ന് ഉറപ്പിച്ചിട്ടാണ് ശരിക്കും ഞാനതിന് തുനിഞ്ഞത്. അകത്ത് കടന്നതേ ഓർമയുള്ളൂ. പൊടുന്നനെയാണ് ഒരു ശബ്ദം ഉയർന്നുകേട്ടത്. അപ്പോഴും മനുഷ്യർ ഒളിപ്പിച്ച് െവച്ചിരിക്കുന്ന അത്തരമൊരു ചതിയെപ്പറ്റി ചിന്തിക്കാതെ, കരഞ്ഞുകൊണ്ടിരുന്ന ആ ആട്ടിൻകുട്ടിയുടെ കഴുത്തിലെ ഞരമ്പുകളിൽ കോമ്പല്ലുകളാഴ്ത്താനാണ് ഞാൻ ശ്രമിച്ചത്. വായുടെ വേദനയും കീഴ്ത്താടിയിലെ വ്രണത്തിൽ നുരക്കുന്ന പുഴുക്കളുടെ തുളഞ്ഞുകയറലും ഞാനപ്പോൾ മറന്നിരുന്നു. രണ്ട് കുഞ്ഞുങ്ങൾ അമ്മ കൊണ്ടുവരുന്ന ഇരയെ കാത്ത് ഇലച്ചാർത്തുകൾക്കിടയിൽ കാത്തിരിക്കുന്നുണ്ട്.
ആട്ടിൻകുട്ടിയെ അത്ര എളുപ്പത്തിൽ വലിച്ചിഴക്കാനാവില്ലെന്ന സത്യം എനിക്ക് മനസ്സിലായത് അതിന്റെ കഴുത്തിൽ കയറ് ബന്ധിച്ചിരിക്കുന്നതും ആ കയറ് തൊട്ടടുത്ത കമ്പികളൊന്നിൽ കുരുക്കിയിട്ടിരിക്കുന്നതും കണ്ടപ്പോഴാണ്. തിരിഞ്ഞപ്പോഴാണ് ഒരു ചതിക്കെണിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നത്. കെണിയുടെ ഉരുക്ക് വാതിൽ ഇതിനകം ഊർന്നുവീണടഞ്ഞിരുന്നു! ആ അഴികൾ തച്ചുതകർക്കാനും പുറത്തേക്ക് ചാടാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പൊന്തകൾക്കിടയിൽനിന്നും രണ്ട് കുഞ്ഞ് തലകൾ പുറത്തേക്കുന്തിവന്നു. കുഞ്ഞുങ്ങൾ കഥയറിയാതെ കാട്ടുപൂച്ചകളെപ്പോലെ മുരണ്ടുകൊണ്ട് കൂടിന് ചുറ്റും കറങ്ങിത്തിരിഞ്ഞു. ഞാൻ പിന്നേയും കൂടിന്റെ ഇരുമ്പഴികളിൽ തള്ളിക്കൊണ്ടിരുന്നു. തളർച്ചയുടെ മൂർധന്യത്തിൽ ഞാൻ വീണുപോയി. അപ്പോഴും കുഞ്ഞുങ്ങളുടെ മുരളലുകൾ തുളഞ്ഞുകയറുന്നുണ്ടായിരുന്നു.
***
എനിക്ക് മൂന്ന് കുഞ്ഞുങ്ങളായിരുന്നു. ഞങ്ങൾ വസിച്ചിരുന്ന കാടിനുള്ളിൽ അപ്രമാദിത്തത്തോടെ വാണിരുന്ന അവരുടെ അച്ഛൻ മേധാവിത്വത്തിനായുള്ള പോരാട്ടത്തിൽ വീണുപോയത് മുതൽക്കാണ് ഈ ദുരിതം ആരംഭിച്ചത്. ഒരു അമാവാസി നാളിൽ ശക്തനായ പ്രതിയോഗിയോടേറ്റു വീണുപോയ നായകനെ ഉപേക്ഷിച്ച് സ്വന്തം തട്ടകത്തിൽനിന്ന് ഞാൻ എന്നേക്കുമായി പടിയിറങ്ങുകയായിരുന്നു. സ്മരണകളെ പരിലാളിക്കാനോ നോവോർമകളിൽ വ്യാപരിക്കാനോ കാട് അവസരം നൽകാറില്ല.
നാല് വയറുകൾക്ക് ആഹാരം തേടണമെന്നുള്ള ഭാരിച്ച ഉത്തരവാദിത്തമായിരുന്നു ഉള്ളിലെന്നും. വരും വരായ്കകൾ ആലോചിക്കാതെ കരിമ്പാറക്കൂട്ടങ്ങൾ നിറഞ്ഞ കുന്നിൻ ചരിവുകളിലെ പുൽമേടുകളിൽ മേഞ്ഞ് നിന്നിരുന്ന കാട്ടുപോത്തുകളുടെ കൂട്ടത്തെ ലക്ഷ്യം െവച്ചു. ഒന്നിെന്റ പിന്നാലെ ഓടിയെത്തി കഴുത്തിൽ മുൻകാലുകൾ കൊണ്ട് ചുറ്റിപ്പിടിച്ചും നഖങ്ങളാഴ്ത്തിയും പരിചയിച്ച മാതിരി വശം തിരിഞ്ഞ് നിലത്തേക്കമർന്നും അവന്റെ ജീവനാഡി തന്നെയാണ് ലക്ഷ്യം െവച്ചത്! എന്നാൽ വേട്ടയുടെ പാഠങ്ങൾ പ്രായത്തിന്റെ ആധിക്യത്തിലാവണം അന്ന് ആദ്യമായി പിഴച്ചു.
പല്ലുകളുടെ ശക്തി അയഞ്ഞ തക്കത്തിൽ ആ കാട്ടിയുടെ മരണ വെപ്രാളത്തിലെ തലവെട്ടിക്കലിൽ വളഞ്ഞുകൂർത്ത അവന്റെ രക്ഷായുധം എന്റെ താടിയെല്ല് തകർത്ത് കഴുത്തിലൂടെ തുളഞ്ഞ് കയറി. മൃത്യുവിനെ അതിജീവിച്ച ആഹ്ലാദത്തിൽ കാട്ടുപൊന്തകൾ ചവിട്ടിമെതിച്ചോടിയപ്പോൾ മറഞ്ഞുപോകുന്ന ബോധവുമായി ആ പുൽമേട്ടിൽ ചോരയിറച്ച് കിടക്കുകയായിരുന്നു ഞാൻ!
പിന്നെ വറുതിയുടെ നാളുകൾ. വിശന്ന കുഞ്ഞുങ്ങളുടെ ഞരങ്ങലുകൾ അതിജീവനത്തിനായുള്ള ശക്തി പകർന്നു തരുന്നത് ഞാനറിഞ്ഞു. വശം കെട്ടപ്പോൾ കാടതിരുകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതും ഒടുങ്ങാത്ത വിശപ്പ് തന്നെയാണ്. അലഞ്ഞുനടന്നിരുന്ന മനുഷ്യന്റെ നാൽക്കാലികളിലൊന്നിനെ കാടിന്റെ മറപറ്റി കടന്നുപിടിച്ചതാണ് ശരിക്കും വഴിത്തിരിവായത്. അത്തരമൊരു സാധ്യത മുന്നിൽക്കണ്ടു തന്നെയാണ് കാടിറങ്ങിയതും. ഇത്രമേൽ അനായാസമായി നായാടാനാകുമെന്ന അറിവ് പുതിയതായിരുന്നു.
പിന്നീട് അതൊരു പതിവാക്കുകയായിരുന്നെന്ന് പറയുന്നതിലുപരി അതല്ലാതെ മറ്റ് മാർഗമില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. ഇടക്കെങ്കിലും ഇരുകാലികളുടെ സ്ഥിരതാവളങ്ങളിലേക്ക് കടന്നുചെന്ന് നായാടുക പതിവാക്കി. കുഞ്ഞുങ്ങളിലൊരാളെങ്കിലും ചെറുമൃഗങ്ങളെയെങ്കിലും ഓടിച്ച് പിടിച്ചു തുടങ്ങിയിരുന്നെങ്കിൽ തന്റെ ആശങ്കകൾക്ക് ശമനമായേനെ. അതുകൊണ്ട് തന്നെയാകണം കുഞ്ഞുങ്ങളുടെ കൂട്ടത്തിലെ മൂത്തവൻ നിലാവുദിച്ചുനിന്ന ഒരു രാത്രി ഇരതേടി പുറപ്പെട്ടതും! അമ്മക്ക് കണിയായി നായാടിക്കൊണ്ടേ മടങ്ങിയെത്തൂ എന്നവൻ സഹോദരങ്ങളോട് വാതുെവച്ചിരുന്നുവെന്ന് പിന്നീടറിഞ്ഞു. എന്നാൽ ആ വാക്കുപാലിക്കാൻ അവൻ തിരികെയെത്തിയില്ല. വളച്ചുകെട്ടിയെടുത്ത വനഭൂമിയുടെ അതിരുകളിൽ വിന്യസിച്ചിരുന്ന വൈദ്യുതി കമ്പികളിൽ കുടുങ്ങിയ അവനൊന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.
***
നേരം വെളുത്തിരിക്കുന്നു. ആട്ടിൻ കുട്ടിയുടെ നിലവിളിയാണ് എന്നെ ഉണർത്തിയത്. അത്രമേൽ ക്ഷീണിതയായിരുന്നു ഞാൻ. ഞങ്ങളെപ്പോലുള്ള ഹിംസ മൃഗങ്ങൾ മരണാസന്നരാകുമ്പോൾ മാത്രമേ ഇത്രമേൽ അവശരാകൂവെന്നും ഇങ്ങനെ പരിസരം മറന്നുറങ്ങൂവെന്നും കേട്ടിട്ടുണ്ട്. ഒടുങ്ങാത്ത വിശപ്പും കലശലായ കോപവും ഉണ്ടായിരുന്നിട്ടും പേടിച്ച് കരയുന്ന ആ ചെറുജീവിയെ കൊല്ലാൻ തോന്നിയില്ല. അതിന്റെ നിലവിളി കേട്ടിട്ടാണോയെന്നറിയില്ല കുറെ മനുഷ്യർ അവിടേക്ക് ഓടിയെത്തി. വൈകാതെ വാഹനങ്ങളും മനുഷ്യരും യന്ത്രസാമഗ്രികളും എത്തിക്കൊണ്ടിരുന്നു. അപ്പോഴും ഞാൻ വ്യാകുലപ്പെട്ടത് ഇലച്ചാർത്തുകൾക്കുള്ളിലെ പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങളെക്കുറിച്ചോർത്തായിരുന്നു. ഞാൻ ഉച്ചത്തിൽ അലറിക്കരഞ്ഞു. പെറ്റമ്മയുടെ അപായ സൂചനകൾ സുരക്ഷിതമായ താവളം തേടിപ്പോകാൻ എന്റെ മക്കളെ പ്രാപ്തരാക്കുമോ?
***
മനുഷ്യരെയ്തുവിട്ട തൂവൽസൂചികൾ പലയാവർത്തി എന്റെ ശരീരത്തിൽ തുളഞ്ഞുകയറിയത് എനിക്കോർമയുണ്ട്. അവ തറക്കുന്ന ഇടങ്ങളിൽനിന്നു തുടങ്ങി ദേഹത്തിലെമ്പാടും തീച്ചൂളകൾ എന്റെ സ്വബോധം മന്ദിപ്പിക്കുന്നത് ഞാനറിഞ്ഞു. കാഴ്ച മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകൾ കുറ്റിക്കാടുകൾക്കിടയിലെവിടെയോ മറഞ്ഞിരുന്ന് ഉറ്റുനോക്കുന്ന ഓമനത്തമുള്ള ആ നാല് ചെമ്പൻ കണ്ണുകളെ തിരഞ്ഞുകൊണ്ടിരുന്നു. എന്റെ കുഞ്ഞുങ്ങൾ... അവരുടെ ഓർമകൾ നെഞ്ചകം പിളർക്കുന്ന നീറ്റലായി ഉള്ളിൽ പടരുമ്പോൾ ഞാൻ ബന്ധനസ്ഥയായി കിടന്നിരുന്ന കാരാഗൃഹം അനേകം മനുഷ്യർ ചേർന്ന് ആരവങ്ങളോടെ വലിയ ഒരു ലോറിയിലേക്ക് ഉന്തിക്കയറ്റാൻ തുടങ്ങി. എന്റെ ഓമനകളെ ഒരുവട്ടംകൂടി കാണാനുള്ള ആഗ്രഹത്തിൽ ആയാസപ്പെട്ട് തുറന്നുപിടിക്കാൻ ശ്രമിച്ചിട്ടും വലിയ ഭാരം കയറ്റിെവച്ചപോലെ കനംതൂങ്ങിയ കൺപോളകൾ വീണടഞ്ഞു!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.