പു​ല്ലും പാ​യ​ലും നി​റ​ഞ്ഞ ക​ട​മ്പ്ര​യാ​ര്‍

ഇവിടെ ഒരു നദി മരിക്കുന്നു: തെളിനീരൊഴുകും കടമ്പ്രയാര്‍ സ്വപ്‌നമാകുന്നു

പള്ളിക്കര: കുന്നത്തുനാടി‍െൻറ ജീവനദിയായ കടമ്പ്രയാര്‍ മാലിന്യങ്ങളും പേറി നാടി‍െൻറ മാറിലൂടെ കലങ്ങിയൊഴുകുന്നു. അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളാന്‍ പലരും കടമ്പ്രയാറി‍െൻറ കൈവഴികളാണ് ഉപയോഗിക്കുന്നത്.

ഇതിന് പുറമെ രാസമാലിന്യങ്ങളും ഒഴുക്കുകയാണ്. കടമ്പ്രയാറിലും കൈവഴികളിലും വിസര്‍ജ്യങ്ങള്‍ കലര്‍ന്നുള്ള മലിനീകരണം അതീവഗുരുതരമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡി‍െൻറ റിപ്പോർട്ടുണ്ട്.

കോളിഫോം ബാക്ടീരിയയുടെ അളവ് പുഴവെള്ളത്തില്‍ അനുവദനീയമായതി‍െൻറ 200 ഇരട്ടിയിലേറെയാണ്. ശുദ്ധീകരിച്ചുപോലും ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തത്ര മലിനമാണ് വെള്ളമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്‍വയണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുറത്തിറക്കിയ നദികളിലെ ജലഗുണനിലവാരം സംബന്ധിച്ച 2019ലെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം. ബ്രഹ്മപുരം ഭാഗത്തെ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 200 മുതല്‍ ഒരുലക്ഷംവരെ കോളിഫോം ബാക്ടീരിയ അടങ്ങിയതായി പറയുന്നു. മറ്റ് വിസര്‍ജ്യങ്ങളും ഉള്‍പ്പെടുമ്പോള്‍ ഇത് 700 മുതല്‍ 1,20,000 വരെയാകുന്നു.

ഉള്‍നാടന്‍ മത്സ്യ സമ്പത്തും മലിനീകരണം മൂലം നശിക്കുകയാണ്. വെള്ളത്തിലിറങ്ങിയാൽ ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുല്ലും പായലും നിറഞ്ഞതോടെ വല ഇറക്കാനും കഴിയുകയില്ല.

കടമ്പ്രയാര്‍ ടൂറിസം പദ്ധതി കുന്നത്തുനാടി‍െൻറ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അത് നിലച്ചമട്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കടമ്പ്രയാറില്‍ ബോട്ട് ഗതാഗതം സജീവമായിരുന്നു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് നിന്നും പള്ളിക്കരയിലേക്ക് കടമ്പ്രയാര്‍വഴി ബോട്ടുണ്ടായിരുന്നു. കൊച്ചിന്‍ ഹാര്‍ബര്‍ നിര്‍മാണത്തിന് വന്‍തോതില്‍ വസ്തുക്കള്‍ ആവശ്യമായിവന്നപ്പോള്‍ ആയിരക്കണക്കിന് കെട്ടുവള്ളങ്ങള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ കടമ്പ്രയാര്‍ ജലഗതാഗതം ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. റോഡ് ഗതാഗതം സജീവമായതോടെ ഇത് അവസാനിച്ചു. പുഴയുടെ മൊത്തം വീതി പല സ്ഥലങ്ങളിലും മൂന്നില്‍ ഒന്നായി ചുരുങ്ങി. ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് ഇരുവശങ്ങളിലുമുള്ളത്. കടമ്പ്രയാര്‍ നവീകരിച്ചാല്‍ ഈ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനും കൃഷി ഇറക്കാനും കഴിയും.

ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല​സ്രോ​ത​സ്സ്​

ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള സ്രോ​ത​സ്സാ​ണ്. വ​ര്‍ഷ​കാ​ല​ത്തും വേ​ന​ല്‍ക്കാ​ല​ത്തും ഒ​രേ​പോ​ലെ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന 27 കീ​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പ​തി​നാ​ലോ​ളം കൈ​വ​ഴി​ക​ളു​ള്ള പു​ഴ. എ​ട​ത്ത​ല, കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, വ​ട​വു​കോ​ട് പു​ത്ത​ന്‍കു​രി​ശ് പ​ഞ്ചാ​യ​ത്തു​ക​ളും തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ തു​ട​ങ്ങി​യ മു​നി​സി​പ്പാ​ലി​റ്റി​ക​ളും നി​ര​വ​ധി വ്യ​വ​സാ​യ ശാ​ല​ക​ളും ഇ​ന്‍ഫോ​പാ​ര്‍ക്കും സ്മാ​ര്‍ട്ട് സി​റ്റി​യും കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന​ത് ക​ട​മ്പ്ര​യാ​റി​നെ​യാ​ണ്. 

Tags:    
News Summary - Kadambrayar river on the verge of destruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.