Representational Image

കാട് നിലനിന്നാലേ കേരളം നിലനിൽക്കൂ...

'ഒടിച്ചിട്ട മരക്കൊമ്പുകള്‍

അവസാന ശ്വാസത്തില്‍

മുളപൊട്ടുന്നു

ചിതലുകളും മണ്‍വണ്ടുകളും

കഥകള്‍ പെറുക്കുന്നുണ്ട്

കഥകള്‍ വറുക്കുന്നുണ്ട്' എന്നെഴുതിയ (ഇലക്കണ്ണാടി) കവി സുകുമാരൻ ചാലിഗദക്ക് മലയാളികളോട് പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് അനുഭവ കഥകളാണ് പറയാനുള്ളത്.

ആദിവാസികൾ വസിക്കുന്ന ഇടങ്ങളിലെല്ലാം കാട് ശുദ്ധമാണ്. മരങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്നുണ്ട്. കാട്ടിലുള്ള പഴവർഗങ്ങൾ മരത്തിന് കേടുവരാതെയാണ് പറിക്കുന്നത്. മരങ്ങളുടെ കൊമ്പ് ആദിവാസികൾ ഒടിക്കുകയോ വെട്ടിനശിപ്പിക്കുകയോ ചെയ്യാറില്ല. അവരുടെ ജീവിതത്തിന് ഈ മരങ്ങൾ ആവശ്യമാണ്. മരങ്ങളിൽ പഴങ്ങൾ പഴുക്കുമ്പോൾ ആവശ്യത്തിനുള്ളത് എടുക്കുകയും ബാക്കി ഉപേക്ഷിക്കുകയും ചെയ്യും.

പഴങ്ങൾ മണ്ണിൽ വീണ് വിത്തുകൾ മുളച്ച് പുതിയ മരങ്ങളായിത്തീരുന്നു. മരങ്ങളുടെ ഉണങ്ങിയ കമ്പ് മാത്രമാണ് വിറകായി ശേഖരിക്കുന്നത്. കാടിനുള്ളിലേക്ക് വിദേശ മരങ്ങളുടെ കടന്നുവരവും പുറത്തുനിന്നുള്ള ഇടപെടലുമാണ് കാട് ഇല്ലാതാകുന്നതിന് കാരണമായത്. ബ്രിട്ടീഷുകാർ തേക്ക് തോട്ടങ്ങൾ നിർമ്മിക്കാനെത്തിയപ്പോൾ മുതൽ കാട്ടിൽ സ്വാഭാവികമായി ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ ഇല്ലാതായി തുടങ്ങി. വനംവകുപ്പ് ഇപ്പോഴും തേക്കുതൈകൾ നട്ട് തോട്ടങ്ങൾ വളർത്തുന്നു.

വനം വകുപ്പ് തേക്ക് മാത്രം വെച്ചുപിടിപ്പിക്കുന്ന ഭൂമി വനമാണെന്ന് പറയാൻ കഴിയില്ല. കാട്ടിൽ ആദ്യം വളർന്ന മരങ്ങളൊക്കെ തോട്ടങ്ങളിൽ ഇല്ലാതായി. മുള നശിച്ചാൽ വനവും പോയെന്നു പറയാം. മുളയാണ് വന്യജീവിയായ ആനയുടെ പ്രധാന ഭക്ഷണം. മുള പുതിയതായി വെച്ചുപിടിപ്പിക്കുന്നുണ്ട്. ആദിവാസികൾ വിദേശ മരങ്ങളുടെ തൈകൾ വനത്തിൽ കൊണ്ട് നടുന്നില്ല.

വനം വകുപ്പാണ് അത്തരം കാര്യങ്ങൾ ചെയ്യുന്നത്. വനം നിലനിൽക്കണമെങ്കിൽ സംരക്ഷണം ആദിവാസികളെ ഏൽപ്പിക്കണം. വയനാട്ടിലെ കുറുവ ദ്വീപ് സ്വാഭാവിക വനമാണ്. അവിടെ വിദേശ മരങ്ങൾ ഒന്നുമില്ല. കാട്ടുമരങ്ങൾ മാത്രമേയുള്ളൂ. സർക്കാർ വികസനത്തിന്റെ ഭാഗമായി ടൂറിസത്തിന് തുറന്നു കൊടുത്തു. അതോടെ കുറുവാ ദ്വീപ് നശത്തിന്റെ വക്കിലാണ്.

പുഴയെ തടഞ്ഞു നിർത്തി അണകെട്ടി. രണ്ട് ചെക്ക് ഡാമുകളാണ് കെട്ടിയത്. ഇപ്പോൾ അവിടെ കാടാകെ നശിക്കുകയാണ്. വെള്ളം കെട്ടി നിൽക്കുന്നു. പുഴയിൽ ഒഴുക്കില്ല. അത് കാട്ടിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം എന്താണെന്ന് സർക്കാറിന്റെ പരിസ്ഥതി വിദഗ്ധർക്കറിയില്ല. മഴക്കാലത്തും വേനൽക്കാലത്തും മണ്ണിനു ചില പ്രതിഭാസങ്ങളുണ്ട്. ആദിവാസികൾക്ക് അത് അറിയാം. തടയണ കെട്ടിയവർക്ക് അക്കാര്യം അറിയില്ല.

വേനൽക്കാലത്ത് മഴയെ തടുക്കാൻ കാട്ടിലെ പ്രകൃതി മണ്ണ് ഒരുക്കം നടത്തും. വെള്ളം കെട്ടിനിർത്തിയതോടെ കാട്ടിലെ മണ്ണിൻറെ ബലം ക്ഷയിച്ചു. കാട് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോകുന്നു. മനുഷ്യ ശരീരം പോലെയാണ് കാട്ടിലെ മണ്ണിൻറെ ശരീരവുമെന്ന് ആദിവാസികൾ തിരിച്ചറിയുന്നു. കുറവയിലെ മണ്ണിന്റെയും കാടിന്റെയും പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു. പദ്ധതി നടപ്പാക്കുന്നവർ പ്രകൃതിയെ പഠിക്കുന്നില്ല. കുറുവാ ദ്വീപിൽ ചുറ്റും ആദിവാസി ഗോത്രങ്ങളാണ് ജീവിക്കുന്നത്.

കാടിന്റെ ചലനം ആദിവാസി ജനതക്ക് അറിയാം. മുള്ളൻകൊല്ലി, പുൽപ്പളളി, പനമരം, മാനന്തവാടി, തിരുനെല്ലി എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നയിടിമാണ് കുറുവ ദ്വീപ്. ഇവിടുത്തെ ടൂറിസം ആദിവാസി ജീവിതത്തെ തകർത്തു തരിപ്പണമാക്കുകയാണ്. ടൂറിസ വികസനം വഴി ആദിവാസികൾക്ക് വരുമാനമോ ജീവിതവികാസമോ നൽകുന്നില്ല. കാട്ടിലേക്ക് ആയിരക്കണക്കിന് ആളുകൾ കടന്നു പോവുന്നു. നാട്ടുകാരെല്ലാം കാട്ടിലൂടെ നടക്കാൻ കുറവ ദ്വീപിലേക്കാണ് എത്തുകയാണ്. കാടിന്ന് എന്ത് സംഭവിക്കുവെന്ന് പദ്ധതി നടപ്പാക്കുന്നവർ വിലിയിരുത്തുന്നില്ല. ടൂറിസ്റ്റുകളുടെ ശല്യമാണ് ആദിവാസികൾ നേരിടുന്നത്.

പുഴയിൽ സ്ത്രീകളും കുട്ടികളും അടക്കം കുളിച്ചു കൊണ്ടിരിക്കുമ്പോൾ ടൂറിസ്റ്റുകൾ ക്യാമറയുമായി എത്തും. മദ്യം കുടിച്ചെത്തുന്ന ടൂറിസ്റ്റുകൾ അവിടെനിന്ന് തുള്ളുകയാണ്. ആദിവാസികൾക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നടഷ്ടപ്പെട്ടു. വനത്തിലും ജീവിക്കാനാവത്ത അവസ്ഥ. ആദിവാസികൾക്ക് പിറന്ന മണ്ണിൽ പ്രവേശിക്കണമെങ്കിൽ പാസെടുക്കണം. ടൂറിസം പദ്ധതി വരുന്നതിനു മുമ്പ് കുറുവ ദ്വീപ് ആദിവാസികളുടേതായിരുന്നു. വനാവകാശം അനുസരിച്ച് ആദിവാസിക്ക് അവകാശപ്പെട്ട വനമാണിത്. അതിപ്പോൾ ടൂറിസറ്റുകളുടെ അധിനിവേശ ഭൂമിയാണ്. അവരുടെ സ്വാതന്ത്ര്യപ്രകടനമാണ് അവിടെ നടക്കുന്നത്. അവരുടെ വരവ് തുടങ്ങിയതോടെ നിരന്തരം പ്രശ്നങ്ങളാണ്.

കാടിനുള്ളിൽ നാളെ മുളയ്ക്കാനുള്ള വിത്തുകൾ ആദിവാസികൾ എടുക്കില്ല. മാവിൽ നിന്ന് മാമ്പഴം പഴുത്ത് താഴെ വീഴുമ്പോഴാണ് ആദിവാസികൾ കഴിക്കുന്നത്. ആദിവാസികൾ തലമുറകളായി തിന്നു കൊണ്ടിരിക്കുന്ന കാട്ടുമങ്ങക്കായി പുറത്തുനിന്ന് ആളുകൾ വരുന്നു. അവർ കണ്ണിമാങ്ങ പരുവമാകുമ്പോൾ മാവിൽ കയറി മുഴുവൻ മാങ്ങയും പറിച്ചെടുത്തു. ആദിവാസി കുട്ടികൾ മാമ്പഴം തേടി മാവിൻ ചുവട്ടിൽ എത്തിയപ്പോഴാണ് മരച്ചില്ലകളിൽ മാമ്പഴം ഇല്ലെന്ന് അറിയുന്നത്. കാടിനെ സ്നേഹിക്കുന്ന ഒരാളും ഇങ്ങനെ ചെയ്യില്ല.

പുറത്തുനിന്ന് വന്നവരാണ് അതൊക്കെ ചെയ്തത്. കാട്ടിലെ കൊടംപുളി ചെറിയ തോട്ട വെച്ച് കൊമ്പ് ഒടിക്കാതെയാണ് ആദിവാസികൾ പറിക്കുന്നത്. എന്നാൽ, പുറത്തു നിന്നുവന്നവർ മുഴുവൻ കൊമ്പും ഒടിച്ചു. അതോടെ പുളിമരം ഉണങ്ങി. എന്നിട്ടും കാടു നശിപ്പിക്കുന്നത് ആദിവാസികൾ ആണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവന്റെ നിലനിൽപ്പിന് കാടുവേണം. കാട് സംരക്ഷിക്കണമെങ്കിൽ ആദിവാസികൾക്ക് സംരക്ഷണ ചുമതല നൽകണം. കാട് നിലനിന്നാലേ കേരളം നിലനിൽക്കൂ...

Tags:    
News Summary - Kerala will survive only if the forest survives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.