കൊടകര: മനുഷ്യെൻറ നിലനില്പിന് പരിസ്ഥിതി സംരക്ഷിക്കണമെന്ന സന്ദേശം കവിതകളിലൂടെ മലയാളി മനസ്സുകളിലെത്തിച്ച മഹാപ്രതിഭകളില്‍ മിക്കവരും മണ്മറഞ്ഞെങ്കിലും അവര്‍ നട്ടുപിടിപ്പിച്ച നാട്ടുമാവുകള്‍ പടര്‍ന്ന് പന്തലിക്കുകയാണ് കൊടകരയില്‍. കൊടകര ടൗണിലെ വിവിധ ഭാഗങ്ങളിലായി വളരുന്ന നാട്ടുമാവുകള്‍ ഓരോന്നും പ്രകൃതിസംരക്ഷണത്തിനു വേണ്ടി നിലപാടെടുത്ത പ്രമുഖരുടെ കൈകളാല്‍ നട്ടുപിടിപ്പിച്ചവയാണ്.
പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, കുടുംബാേരാഗ്യ കേന്ദ്രം, ഗ്രാമോദ്ധാരണ സംഘത്തിെൻറ സ്ഥലം എന്നിവിടങ്ങളിലാണ് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും നട്ട നാട്ടുമാവുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, കടമ്മനിട്ട, മുല്ലനേഴി, എം.എന്‍. വിജയന്, കല്ലേന്‍ പൊക്കുടന്, മയിലമ്മ, എം. ലീലാവതി എന്നിവരെല്ലം പല വര്‍ഷങ്ങളിലായി പരിസ്ഥിതി ദിനത്തില്‍ കൊടകരയിലെത്തി നാട്ടുമാവുകള്‍ നട്ടവരാണ്.
പരിസ്ഥിതി പ്രവര്‍ത്തകനും ചാലക്കുടി റിവർ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികളിലൊരാളുമായ കൊടകര സ്വദേശി എം. മോഹന്‍ദാസ് 2002ല്‍ ആവിഷ്കരിച്ചു നടപ്പാക്കിയ 'ആരണ്യകം' പദ്ധതി പ്രകാരമാണ് കൊടകരയിലെ പൊതു ഇടങ്ങളില്‍ മാവുകള്‍ നട്ടുപിടിപ്പിച്ചത്. കൊടകരയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രോവിഡന്‍സ് സമാന്തര കോളജിലെ അധ്യാപകനായിരുന്ന എം. മോഹന്‍ദാസ് വിദ്യാർഥികളില്‍ പാരിസ്ഥിതികാവബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തൽ ലക്ഷ്യമിട്ടാണ് 'പ്രോവിഡന്‍സ് ഗ്രീന്‍ ആരണ്യകം' പദ്ധതിക്ക് രൂപംനല്കിയത്. അന്യമാവുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണമാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്.
സ്വകാര്യ പറമ്പുകളില്‍ നാട്ടുമാവുകള്‍ നട്ടുപിടിപ്പിച്ചാല്‍ ഭൂമി ഭാഗം വെക്കുമ്പോഴും വീടുകളും കെട്ടിടങ്ങളും പണിയുമ്പോഴും വെട്ടിനശിപ്പിക്കുമെന്ന ആശങ്കയുള്ളതിനാലാണ് പൊതുസ്ഥലങ്ങള്‍ മാവുകള്‍ നടാൻ തിരഞ്ഞെടുത്തത്. കൊടകര ഗ്രാമപഞ്ചായത്തിെൻറയും വനം വകുപ്പിെൻറയും സഹകരണം പദ്ധതിക്ക് ലഭിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച നാട്ടുമാവിന് തൈകളാണ് കൊടകരയില്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചത്. മൂന്നൂറോളം തൈകളാണ് നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂവായിരത്തിലേറെ വേരുപിടിച്ചു.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയിലെ യുഗളപ്രസാദനില്നിന്നാണ് പദ്ധതിക്ക് പ്രചോദനം ലഭിച്ചതെന്ന് മാവ് മാഷെന്നറിയപ്പെടുന്ന എം. മോഹന്‍ദാസ് പറയുന്നു. പദ്ധതിയിലെ ആയിരാമത്തെ മാവിന്‍തൈ നടാന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തന്നെ കൊടകരയിലെത്തിച്ചു. കനാല്‍ ബണ്ടുകളിലും കൊടകര പുത്തൂക്കാവ് ക്ഷേത്ര പറമ്പിലുമെല്ലാം മാഷും കുട്ടികളും ചേര്‍ന്ന് മാവിനങ്ങള്‍ നട്ടുപിടിപ്പിച്ചു.
ഇരുപതുവര്‍ഷമായി പരിസ്ഥിതി ദിനത്തില്‍ മുടങ്ങാതെ മാവിന്‍തൈ നട്ടുപിടിപ്പിക്കാന്‍ നേതൃത്വം നല്കുന്ന മാഷ് കോവിഡ് സാഹചര്യമാണെങ്കിലും ഇത്തവണയും അതിനു മടക്കം വരുത്തില്ല. രണ്ട് പതിറ്റാണ്ട്്് മുമ്പ് താന്‍ തുടങ്ങിവെച്ച നാട്ടുമാവുകളുടെ സംരക്ഷണം ഇപ്പോള്‍ കേരളമാകെ പടര്‍ന്ന് പന്തലിച്ചതിെൻറ ചാരിതാർഥ്യത്തിലാണ് മാവ് മാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.